പാരീസ്: ലെബനനോടുള്ള സമീപനത്തിൽ ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും താനില്ലാതെ ഇസ്രയേലില്ല എന്നും അദ്ദേഹം പറ‍ഞ്ഞു. ഫ്രാൻസിലെ എവിയൻ-ലെസ്-ബെയിൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ട്രംപിന്റെ പരാമർശം.

To advertise here,

ഇസ്രയേൽ-ലെബനൻ അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രംപ് ഈ നിർണായക നിലപാട് എടുത്തിരിക്കുന്നത്. നിലവിൽ നടക്കുന്ന നയതന്ത്ര ശ്രമങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള നടപടികൾ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലെബനനെതിരായ ഏതൊരു സൈനിക നീക്കവും അമേരിക്കയുമായുള്ള ധാരണകളുടെ ലംഘനമായിരിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് അറിയിച്ചു. നിലവിൽ നടക്കുന്ന ചർച്ചകൾ തികച്ചും ഗൗരവകരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സമാധാനപരമായ ഒരു ഉടമ്പടിക്കായി ഖത്തർ അമീർ നടത്തുന്ന പരിശ്രമങ്ങളെ പ്രശംസിച്ച ട്രംപ്, അമേരിക്കയിൽ നിന്നുള്ള കൂടുതൽ കടുത്ത നടപടികൾ ഒഴിവാക്കാൻ ഖത്തർ നടത്തിയ ഇടപെടലുകൾക്ക് ഇറാൻ അവരോട് നന്ദിയുള്ളവരായിരിക്കണമെന്നും അഭിപ്രായപ്പെട്ടു.