വാഷിങ്ടൺ: നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള നീക്കത്തിനിടയിൽ വെനസ്വേലൻ സൈനിക ഉപകരണങ്ങളെ നിശ്ചലമാക്കാൻ അമേരിക്ക ഉപയോഗിച്ച അതീവ രഹസ്യമായ ആയുധത്തെ കുറിച്ച് സൂചന നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് ടൈംസുമായുള്ള അഭിമുഖത്തിൽ, അമേരിക്കയ്ക്ക് ഒരു പൾസ്ഡ് എനർജി ആയുധമുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ദ ഡിസ്കംബോബുലേറ്റർ. അതിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് അനുവാദമില്ല." എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

To advertise here,

ഈ അത്യാധുനിക ആയുധത്തിന്റെ പ്രയോഗത്തിലൂടെ വെനസ്വേലയുടെ സൈനിക സംവിധാനങ്ങൾ പൂർണ്ണമായും പ്രവർത്തനരഹിതമായതായി ട്രംപ് അവകാശപ്പെട്ടു. വെനസ്വേലയുടെ പക്കൽ കരുത്തുറ്റ റഷ്യൻ, ചൈനീസ് നിർമ്മിത റോക്കറ്റുകൾ ഉണ്ടായിരുന്നെങ്കിലും ഒന്നുപോലും വിക്ഷേപിക്കാൻ അവർക്ക് കഴിഞ്ഞില്ല. അമേരിക്കൻ സൈന്യം എത്തിയപ്പോൾ അവർ ബട്ടണുകൾ അമർത്തിയെങ്കിലും ഒന്നും പ്രവർത്തിച്ചില്ലെന്നും ആക്രമണത്തിന് സർവ്വസജ്ജരായിരുന്നിട്ടും സാങ്കേതികമായി അവർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

മുമ്പും മഡുറോയുടെ വസതിയിൽ നടത്തിയ റെയ്ഡിനെ കുറിച്ച് സംസാരിക്കുന്നിതിനിടയിൽ കാരക്കാസിലെ മിക്കവാറും എല്ലാ വെളിച്ചങ്ങളും അണയ്ക്കാൻ അമേരിക്കയ്ക്ക്‌ സാധിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. അന്ന് അത് എങ്ങനെ സാധിച്ചുവെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയിരുന്നില്ലെങ്കിലും, പുതിയ വെളിപ്പെടുത്തലുകൾ ഈ രഹസ്യ ആയുധത്തിന്റെ ശേഷിയെയാണ് സൂചിപ്പിക്കുന്നത്.