വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും ചൈനാപക്ഷത്ത് എത്തിയെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അങ്ങനെ സംഭവിച്ചുവെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിരാശ പ്രകടിപ്പിച്ച ട്രംപ് ഇന്ത്യയ്ക്ക് മേൽ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയെക്കുറിച്ച് വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് വാചാലനാവുകയും ചെയ്തു.

To advertise here,

'അവരെ നമുക്ക് നഷ്ടപ്പെട്ടുവെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യ റഷ്യയിൽനിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതിൽ ഞാൻ വളരെ നിരാശനാണ്. ഞാനത് അവരെ അറിയിച്ചിട്ടുണ്ട്. ഞങ്ങൾ ഇന്ത്യയ്ക്ക് മേൽ വളരെ വലിയ തീരുവ ചുമത്തിയിട്ടുണ്ട്- 50 ശതമാനം. വളരെ ഉയർന്ന തീരുവ. നിങ്ങൾക്കറിയാവുന്നതുപോലെ, മോദിയുമായി ഞാൻ വളരെ നല്ല ബന്ധത്തിലാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് അദ്ദേഹം ഇവിടെയുണ്ടായിരുന്നു. സത്യത്തിൽ ഞങ്ങൾ റോസ് ഗാർഡനിൽ ഒരു വാർത്താസമ്മേളനം വരെ നടത്തി.'

ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സമിതി യോഗത്തിൽ ഇന്ത്യ, റഷ്യ, ചൈന  നേതാക്കൾ ഒരുമിച്ച് പങ്കെടുത്തതിൽ ഖിന്നനായി  റഷ്യയെയും ഇന്ത്യയെയും ഇരുണ്ട ലോകമായ ചൈന കവർന്നു എന്ന് ട്രൂത്ത് സോഷ്യലിൽ കമന്റ് പോസ്റ്റ് ചെയ്തിരുന്നു. 'ഇരുണ്ട ലോകമായ ചൈനയോട് ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ!' എന്ന് ട്രംപ് എഴുതി.

അതേസമയം, റഷ്യൻ എണ്ണ വാങ്ങി ഇന്ത്യ വൻലാഭം കൊയ്യുന്നുവെന്ന്  ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവാരോ വീണ്ടും ആരോപിച്ചു. അതോടൊപ്പം ഇന്ത്യയുടെ തീരുവകൾ അമേരിക്കക്കാരുടെ ജോലി നഷ്ടപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിൽ ട്രംപ് നിരാശനാണെന്ന് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റും  പറഞ്ഞു. 'റഷ്യയുടെ യുക്രൈൻ യുദ്ധത്തിന് ഇന്ത്യ പണം നൽകുന്നത് തുടരുന്നതിൽ പ്രസിഡന്റും സംഘവും നിരാശരാണ്. ഇതൊരു ജനാധിപത്യപരമായ പ്രശ്‌നമാണ്, നല്ല മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.' ഹാസെറ്റ് പറഞ്ഞു.

അതേസമയം, ട്രംപിന്റെ പരാമർശങ്ങളിൽ പ്രതികരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം  തയ്യാറായില്ല. വ്യാപാര വിഷയങ്ങളിൽ യുഎസ് പക്ഷവുമായി ഇന്ത്യ ചർച്ചകൾ തുടരുന്നു എന്ന് മാത്രമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞത്. ഏതൊരു രാജ്യവുമായുള്ള ബന്ധവും സ്വന്തം നിലയിലാണ് നിലനിൽക്കുന്നതെന്നും അതിനെ മൂന്നാം രാജ്യത്തിന്റെ കണ്ണിലൂടെ കാണരുതെന്നും ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.