വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസ് തീരത്തുള്ള പോർട്ട് ആർതറിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം. ഹൂസ്റ്റണിൽ നിന്ന് ഏകദേശം 145 കിലോമീറ്റർ അകലെയുള്ള ഈ റിഫൈനറിയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് ആകാശത്തേക്ക് വലിയ തോതിൽ പുക പടർന്നത് പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി പരത്തി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മേയർ ഷാർലറ്റ് എം. മോസസ് അറിയിച്ചു. പ്ലാന്റിലെ തീ എത്രയുംവേഗം അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

To advertise here,

ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണവിതരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതും ഇന്ധനവില കുതിച്ചുയരുന്നതുമായ സാഹചര്യത്തിലാണ്  സ്ഫോടനം നടന്നിരിക്കുന്നത്. പ്രതിദിനം 4,35,000 ബാരൽ ഓയിൽ സംസ്കരിക്കാൻ ശേഷിയുള്ള ഈ റിഫൈനറി, ക്രൂഡ് ഓയിൽ ഉപയോഗിച്ച് ഗ്യാസോലിൻ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്. ഏകദേശം 770 ജീവനക്കാരുള്ള പ്ലാന്റിലുണ്ടായ ഈ അപകടം എണ്ണ വിപണിയെ കൂടുതൽ ബാധിച്ചേക്കാം എന്ന ആശങ്ക ശക്തമാണ്.

സ്ഫോടനത്തെത്തുടർന്ന് നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ അധികൃതർ കർശന നിർദ്ദേശം നൽകി. പല താമസക്കാരും ശക്തമായ സ്ഫോടന ശബ്ദം കേട്ടതായും വീടുകളുടെ ജനാലകൾ കുലുങ്ങിയതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരിൽനിന്ന് 'ഓൾ ക്ലിയർ' അറിയിപ്പ് ഉണ്ടാകുന്നതുവരെ വീടുകൾക്കുള്ളിൽതന്നെ കഴിയാനും, പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്താനും നഗര ഭരണകൂടം ഫേസ്ബുക്കിലൂടെ അറിയിച്ചു.

അന്തരീക്ഷ ഗുണനിലവാരത്തിനായുള്ള ടെക്സസ് കമ്മീഷൻ വായു പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളുമായി റിഫൈനറിയിൽ എത്തിയിട്ടുണ്ട്. ജനലുകളും വാതിലുകളും അടയ്ക്കാനും ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. നിലവിൽ റിഫൈനറി അധികൃതർ സംഭവത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.