തെഹ്‌റാൻ: സിറിയൻ തലസ്ഥാനമായ ഡമാസ്കസ് വളഞ്ഞ് വിമതസേന. മൂന്ന് സുപ്രധാനന​ഗരം പിടിച്ചെടുത്തെന്ന് വിമതർ. അതേസമയം സിറിയൻ പ്രസിഡന്റ് രാജ്യം വിട്ടെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ പ്രസിഡന്റ് ഇത് നിഷേധിച്ചു.  വിമതർ തലസ്ഥാനമായ ഡമാസ്കസിന് 20 കിലോമീറ്റർമാത്രം അകലെയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. 

To advertise here,

തങ്ങളുടെ സേന തലസ്ഥാനനഗരം വളയുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് വിമതരുടെ കമാൻഡർ പറഞ്ഞിരുന്നെങ്കിലും സിറിയൻ പ്രതിരോധമന്ത്രാലയം നിഷേധിച്ചിരുന്നു. പക്ഷേ, ഡമാസ്കസിന്റെ സമീപപ്രദേശങ്ങളിൽനിന്ന് സിറിയൻ സൈന്യം പിൻവാങ്ങി. പ്രധാന നഗരങ്ങളിലൊന്നായ ഹോംസിന്റെ പടിവാതിൽവരെയെത്തിയ വിമതസേന ഡമാസ്കസിലേക്ക് നീങ്ങുകയാണെന്ന്‌ യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് വാർ മോണിറ്റർ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം സർക്കാർ അധീനതയിലുള്ള പ്രദേശങ്ങൾ ഒന്നൊന്നായി വിമതർ പിടിച്ചെടുക്കുന്നതിനിടയിൽ പ്രശ്നത്തെപ്പറ്റി ചർച്ചചെയ്യാൻ ഇറാൻ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങളിലെ നയതന്ത്രജ്ഞർ ഖത്തറിലെ ദോഹയിൽ യോഗം ചേർന്നു.സിറിയൻ സർക്കാരും വിമതരും തമ്മിലുള്ള രാഷ്ട്രീയചർച്ചയ്ക്ക് തുടക്കംകുറിക്കാൻ തീരുമാനിച്ചതായി യോഗത്തിനുശേഷം ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. സിറിയയിൽ രാഷ്ട്രീയപരിഹാരംതേടി 2017 മുതൽ നടക്കുന്ന ചർച്ചയിൽ പങ്കാളികളാണ് മൂന്നുരാജ്യവും. അതിനിടെ, വിമതരോടുള്ള പോരാട്ടത്തിൽ സിറിയൻ സൈന്യത്തെ സഹായിക്കാൻ ഹിസ്ബുള്ള 2000 സായുധാംഗങ്ങളെ അയച്ചു.