ദമാസ്കസ്: അസദ് ഭരണത്തിനെതിരേ പതിമ്മൂന്ന് കൊല്ലം മുമ്പാരംഭിച്ച പ്രതിഷേധത്തിന് പരിസമാപ്തിയായിരിക്കുന്നുവെന്ന് പറയാം. രണ്ട് പതിറ്റാണ്ടിലേറെയായി ഏകാധിപത്യഭരണം തുടര്‍ന്നുവന്നിരുന്ന പ്രസിഡന്റ് ബഷര്‍ അല്‍ അസദ് കൊട്ടാരവും ഭരണവും ഉപേക്ഷിച്ച് രാജ്യം വിട്ടതിന് പിന്നാലെ രാജ്യമെങ്ങും ആഘോഷപ്രകടനങ്ങള്‍ നടക്കുകയാണ്. അസദ് ഭരണത്തിന് അന്ത്യം കുറിച്ച വിമതര്‍ ആദ്യം ചെയ്തത് സര്‍ക്കാര്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കുകയായിരുന്നു. ദമാസ്കസ്, ഹമ, ആലെപ്പൊ എന്നിവടങ്ങളിലെ ജയിലുകളില്‍ വര്‍ഷങ്ങളായി തടങ്കലില്‍ കഴിയുന്നവരെല്ലാം മോചിതരായി എന്നാണ് റിപ്പോര്‍ട്ട്. ഈ ജയിലുകളില്‍ ദമാസ്കസിലെ സെയ്ദ്നയ ജയില്‍ ഏറെ കുപ്രസിദ്ധമാണ്. 'മനുഷ്യ അറവുശാല' എന്ന അപരനാമത്തിലാണ് ദമാസ്കസ് ജയില്‍ അറിയപ്പെടുന്നതുതന്നെ.
യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് 2021ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം സിറിയന്‍ ഭരണകൂടത്തിന്‍കീഴില്‍ ജയിലുകളില്‍ ഒരുലക്ഷത്തിലധികം പേര്‍ക്ക് ജീവഹാനിയുണ്ടായി. വധശിക്ഷയ്ക്ക് വിധേയരാകുകയോ മറ്റേതെങ്കിലും വിധത്തില്‍ മരിക്കുകയോ ചെയ്തവരുടെ കണക്കാണിത്. ഇതില്‍ 30,000 ത്തിലധികം പേര് ദമാസ്കസിലെ ജയിലില്‍ മാത്രം മരിച്ചു. സിറിയയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് 2006 ല്‍ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സ്ഥാപിതമായത്. മനുഷ്യവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്രസ്ഥാപനമായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് 2011 മുതല്‍ ദമാസ്കസിലെ ജയിലില്‍ കൊലപാതകം, പീഡനം, നിര്‍ബന്ധിത പലായനം, തെളിവുപോലും അവശേഷിപ്പിക്കാതെയുള്ള അപ്രത്യക്ഷമാകല്‍ എന്നിവയെല്ലാം നടന്നുവരുന്നുവെന്നാണ്. പൊതുജനത്തിന് നേര്‍ക്കുള്ള ഇത്തരം അതിക്രമങ്ങള്‍ ഭരണകൂടത്തിന്റെ നയമാണെന്നും കണ്ടെത്തിയിരുന്നു. ദമാസ്കസ് ജയിലിലെ ക്രൂരതകള്‍ മനുഷ്യത്വത്തിനെതിരേയുള്ള കുറ്റകൃത്യങ്ങളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
സെയ്ദ്നയയിലെ സൈനികത്തടവറയില്‍ രണ്ട് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ (ദുര്‍ഗ്ഗുണപരിഹാരകേന്ദ്രങ്ങള്‍) ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2011 ല്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുന്ന ജനങ്ങളെ അടയ്ക്കാന്‍ ചുവന്ന നിറത്തിലുള്ള കെട്ടിടവും പ്രതിഷേധസമരങ്ങളില്‍ പങ്കെടുക്കുന്ന സൈനികരെ അടയ്ക്കാനും മറ്റ് ഓഫീസുകള്‍ക്കുമായി വെള്ളനിറത്തിലുള്ള കെട്ടിടവും ദമാസ്കസിലെ ജയിലില്‍ സജ്ജമായിരുന്നു.
ചുവന്ന കെട്ടിടത്തില്‍ പാര്‍പ്പിച്ചിരുന്ന പതിനായിരക്കണക്കിന് 'തടവുപുള്ളികളെ' രഹസ്യമായി വധിച്ചതായാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിലുള്ളത്. തൂക്കിലേറ്റുന്നതിന് മുമ്പ് തടവിലുള്ളവരെ ദമാസ്കസിന് സമീപമുള്ള അല്‍ ഖുബൂനില് സ്ഥിതിചെയ്യുന്ന സൈനികകോടതികളില്‍ ഹാജരാക്കി വിചരണയ്ക്ക് വിധേയരാക്കി വധശിക്ഷ വിധിക്കും. വിചാരണ ഒരു മിനിറ്റ് മുതല്‍ മൂന്ന് മിനിറ്റ് വരെ മാത്രമാണ് നീണ്ടുനില്‍ക്കുന്നത്. അതിനുള്ളില്‍തന്നെ ശിക്ഷ വിധിച്ചിട്ടുണ്ടാകും. തൂക്കിക്കൊല്ലല്‍- ജയിലധികൃതര്‍ അതിനെ സല്‍ക്കാരം (the party) എന്നാണ് പറഞ്ഞിരുന്നത്-നടപ്പിലാക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷം സാധാരണ ജയിലിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞ് ഇരകളെ ചുവന്ന കെട്ടിടത്തിന്റെ ബേസ്മെന്റിലുള്ള ഒരു തടവറയിലെത്തിക്കും. മൂന്ന് നാല് മണിക്കൂര്‍ ഈ ഇരകളെ മര്‍ദ്ദിക്കും. അര്‍ധരാത്രിയോടെ കണ്ണുകള്‍ കെട്ടി ട്രക്കുകളിലോ മിനിബസ്സുകളിലോ വെളളനിറത്തിലുള്ള കെട്ടിടത്തിലെത്തിക്കും. ആ കെട്ടിടത്തിന്റെ ബേസ്മെന്റിലുള്ള ഒരു മുറിയിലെത്തിച്ച് തൂക്കിലേറ്റും.
ആഴ്ചയില്‍ രണ്ടുതവണ ഈ ശിക്ഷനടപ്പാക്കല്‍ നടന്നിരുന്നു. ഓരോതവണയും 20 മുതല്‍ 50 പേര് വരെ കൊല്ലപ്പെട്ടിരുന്നു. അവരുടെ കണ്ണുകള്‍ കെട്ടിയിരുന്നതിനാല്‍ കഴുത്തില്‍ കുരുക്ക് വീഴുന്നതുവരെ തങ്ങള്‍ മരിക്കുകയാണെന്ന് ഇരകള്‍ അറിഞ്ഞിരുന്നില്ല. കൊലയ്ക്ക് ശേഷം ഇരകളുടെ മൃതശരീരങ്ങള്‍ ട്രക്കുകളില്‍ തിഷ്റീന്‍ ആശുപത്രിലെത്തിച്ച് കൂട്ടത്തോടെ കുഴിച്ചുമൂടുകയായിരുന്നു പതിവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലില്‍ ജോലിചെയ്തവരില്നിന്നും മറ്റും ശേഖരിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ 2011 സെപ്റ്റംബറിനും 2015 ഡിസംബറിനും ഇടയില്‍ 5000-13,000 പേര് വധിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടിലുള്ളത്. 2015 ഡിസംബറിന് ശേഷവും പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നതതലഉദ്യോഗസ്ഥര്ക്ക് മാത്രമാണ് ഈ വധശിക്ഷയെ കുറിച്ച് അറിവുണ്ടായിരുന്നത്. ജയിലിലെ കാവല്‍ക്കാരായ ജീവനക്കാര്‍ക്കുപോലും ഇരകളെ മാറ്റുന്നതിനെ കുറിച്ച് മാത്രമാണ് അറിവുണ്ടായിരുന്നത്. വെള്ള കെട്ടിടത്തിലേക്ക് മാറ്റുന്നവര്‍ക്ക് പിന്നീടെന്ത് സംഭവിക്കുന്നുവെന്ന് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. പ്രസിഡന്റ് ബഷര്‍ അല്‍ അസദ് നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നത്. സൈനിക ഉദ്യോഗസ്ഥരും ജയില്‍ ഉദ്യോഗസ്ഥരും മെഡിക്കല്‍ ഉദ്യോഗസ്ഥരും അടങ്ങിയ ഒരു പാനല്‍ വധശിക്ഷ നിരീക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരുന്നു.
ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ചുവന്ന കെട്ടിടത്തിലെ തടവുകാര്‍ അതിക്രൂരതയ്ക്ക് ഇരയാക്കപ്പെട്ടിരുന്നു. മര്‍ദനം കൂടാതെ ലൈംഗികാതികക്രമത്തിനും അവര്‍ നിരന്തരം വിധേയരാക്കപ്പെട്ടിരുന്നു. ഭക്ഷണമോ വെള്ളമോ മരുന്നോ ആവശ്യാനുസരണം ലഭിച്ചിരുന്നില്ല. ജയിലുകളില്‍ പകര്‍ച്ചവ്യാധികളുള്‍പ്പെടെ രോഗങ്ങള്‍ പടര്‍ന്നിരുന്നു. മൗനം പാലിക്കാനുള്ള കര്‍ശനനിര്‍ദേശം നിലവിലിരുന്നു. സൈക്കോസിസ് പോലുള്ള മാനസിക അനാരോഗ്യാവസ്ഥയിലേക്ക് പല തടവുകാരും തള്ളിവിടപ്പെട്ടു. തടവുകാരെ തടവുകാരെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചിരുന്നു. മാനസികപീഡനം ശാരീരികപീഡനത്തേക്കാള് കഠിനമായിരുന്നു ജയിലുകളില്‍.
അസദ് ഭരണം അവസാനിച്ചതോടെ ജയിലുകളില്‍ അടയ്ക്കപ്പെട്ടിരുന്നവര് മോചിപ്പിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ തടവറകളില്‍ നിന്ന് പുറത്തുവന്ന പലര്‍ക്കും സാധാരണലോകത്തേക്ക് മടങ്ങിവരാനായിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. ജയിലില്‍ നിന്ന് പുറത്തുവന്നവരുടെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ അവരില്‍ പലരും തങ്ങളനുഭവിച്ച പീഡനങ്ങളുടെ കാഠിന്യത്താല്‍ മനസ്സുമരവിച്ചപോലെയാണ് കാണപ്പെടുന്നത്. എന്തെങ്കിലും സംസാരിക്കാനോ കുടുംബാംഗങ്ങളെ തിരിച്ചറിയാനോ പോലും പലര്‍ക്കും കഴിയുന്നില്ലെന്നതാണ് വാസ്തവം. തടവറകളിലെ ക്രൂരതകളുടെ തീവ്രത വ്യക്തമാക്കുന്നവയാണ് പുറത്തുവന്ന പലരുടേയും നിലവിലെ അവസ്ഥ.
Content Highlights: Reports reveal horrific human rights abuses in Damascus prisons under Assad`s regime
Published: 08 Dec 2024, 08:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented