ഡമാസ്‌കസ്: കുർദുകളിൽനിന്ന് രാജ്യത്തെ ഏറ്റവുംവലിയ എണ്ണപ്പാടം പിടിച്ചെടുത്ത് സിറിയൻ സൈന്യം. വടക്കുകിഴക്കൻ സിറിയയിലെ ഒമർ എണ്ണപ്പാടമാണ് സിറിയൻ സൈന്യം പിടിച്ചെടുത്തത്.

To advertise here,

ഇതുവരെ കുർദുകൾ നയിക്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസി(എസ്ഡിഎഫ്)ന്റെ നിയന്ത്രണത്തിലായിരുന്നു ഈ എണ്ണപ്പാടം. എസ്ഡിഎഫ് ഇവിടെനിന്ന് പിൻവാങ്ങിയതിന് പിന്നാലെയാണ് സിറിയൻ സൈന്യം എണ്ണപ്പാടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തേ തന്ത്രപ്രധാനമായ തബ്ഖയും ഇവിടെയുള്ള അണക്കെട്ടും സിറിയൻ സൈന്യം തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു.

സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാറയുടെ ഭരണകൂടവും എസ്ഡിഎഫും തമ്മിലുണ്ടാക്കിയ കരാറിനെച്ചൊല്ലി പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഇതോടെ കഴിഞ്ഞയാഴ്ച എസ്ഡിഎഫും സിറിയൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി. എന്നാൽ, യുഎസുമായി നടത്തിയ ചർച്ചകളെ തുടർന്ന് മേഖലയിൽനിന്ന് പിൻവാങ്ങുന്നതായി എസ്ഡിഎഫ് അറിയിക്കുകയായിരുന്നു.

അതിനിടെ, വെള്ളിയാഴ്ച സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാറ കുർദുകൾക്ക് സ്വീകാര്യമായ പ്രഖ്യാപനം നടത്തി. കുർദിഷ് ദേശീയ ഭാഷയാക്കുമെന്നും കുർദിഷ് പുതുവത്സരദിനത്തിൽ അവധി നൽകുമെന്നുമായിരുന്നു പ്രഖ്യാപനം. 1946-ൽ സിറിയ സ്വതന്ത്ര്യമായതിനുശേഷം കുർദുകൾക്ക് സിറിയൻ ഭരണകൂടത്തിൽനിന്ന് ലഭിക്കുന്ന ആദ്യത്തെ ഔദ്യോഗിക അംഗീകാരമായിരുന്നു ഇത്.

യുഎസ് പിന്തുണയോടെ സിറിയയിൽ ഐഎസിനെതിരേ പോരാടുന്നവരാണ് കുർദുകളുടെ നേതൃത്വത്തിലുള്ള എസ്ഡിഎഫ്. ഐഎസുമായുള്ള പോരാട്ടത്തിനൊടുവിൽ സിറിയയിലെ വിവിധ എണ്ണപ്പാടങ്ങളും എസ്ഡിഎഫ് കൈയടക്കിയിരുന്നു. എസ്ഡിഎഫിന്റെ പ്രധാന വരുമാന സ്രോതസ്സും ഈ എണ്ണപ്പാടങ്ങളാണ്.

2024-ൽ സിറിയയിൽ ബാഷർ അൽ അസദിന്റെ പതനത്തിനുശേഷം പ്രസിഡന്റായ അൽ ഷാറ കുർദിഷ് സൈനികരെയും കുർദിഷ് വിഭാഗങ്ങളെയും അടക്കം സിറിയൻ ഭരണകൂടത്തിന്റെ ഭാഗമാക്കാനുള്ള ശ്രമം നടത്തിവരികയാണ്. 2025 മാർച്ചിൽ സിറിയൻ സർക്കാരും കുർദുകൾ നേതൃത്വം നൽകുന്ന എസ്ഡിഎഫും ഇതുസംബന്ധിച്ച കരാറിലും ഒപ്പിട്ടു. എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും കരാർ നടപ്പാക്കിയില്ല. ഇക്കാര്യത്തെച്ചൊല്ലി സിറിയൻ സർക്കാരും എസ്ഡിഎഫും പരസ്പരം പഴിചാരുന്നതും തുടർന്നു. പിന്നാലെ കഴിഞ്ഞയാഴ്ച എസ്ഡിഎഫും സിറിയൻ സൈന്യവും തമ്മിൽ ആലേപ്പോ നഗരത്തിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ 12 പേർ കൊല്ലപ്പെട്ടു. റാഖ നഗരത്തിലെ പുതിയ അൽ റഷീദ് പാലം ഉൾപ്പെടെ യൂഫ്രട്ടീസ് നദിയിലെ രണ്ട് പാലങ്ങൾ എസ്ഡിഎഫ് തകർത്തതായും സിറിയൻ സർക്കാർ ആരോപിച്ചു. ഏറെക്കാലമായി എസ്ഡിഎഫിനെയും സിറിയൻ സർക്കാരിനെയും പിന്തുണയ്ക്കുന്ന അമേരിക്ക വെടിനിർത്തലിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഏറ്റുമുട്ടലുകൾ തുടരുന്നത്.