
യു.എസ്-ഇസ്രായേൽ സഖ്യം ഇറാനിലെ നിശ്ചിതലക്ഷ്യങ്ങളെ മാത്രം ആക്രമിച്ചു തുടങ്ങിയ യുദ്ധം അഞ്ചാം ദിനമെത്തുമ്പോൾ എതിരാളിയുടെ അന്ത്യം കാണുംവരെ നിരന്തരം പ്രഹരമേൽപ്പിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ഒന്നായി മാറിയിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യം നാല് മുതൽ അഞ്ച് ആഴ്ചകൾ മാത്രമേ യുദ്ധം നീണ്ടുനിൽക്കൂ എന്നാണ് പറഞ്ഞതെങ്കിലും, സൈനികവിദഗ്ധരും യു.എസ് സെനറ്റർമാരുമൊക്കെ മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു ദീർഘയുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണിപ്പോൾ.
ആദ്യം കരുതിയിരുന്നതിൽ നിന്നും വ്യത്യസ്തമായി യുദ്ധം നീണ്ടുപോവുന്നത് അമേരിക്കയ്ക്ക് ഹിതകരമാവില്ലെന്ന് വിദഗ്ധർ പറയുന്നു. ഇറാൻ തൊടുത്തുവിടുന്ന തുച്ഛമായ വിലയുള്ള (ഒരെണ്ണത്തിന് 20,000 ഡോളർ) ഇറാനിയൻ ഡ്രോണുകളെ തകർക്കാൻ യു.എസും ഗൾഫ് സഖ്യകക്ഷികളും ഉപയോഗിക്കുന്നത് നാലു ദശലക്ഷം ഡോളർ വിലയുള്ള പേട്രിയറ്റ് ഇന്റർസെപ്റ്ററുകളാണ്. ഇവയുടെ ശേഖരം ശോഷിക്കുകയാണെന്നും യുദ്ധം പത്തുദിവസത്തിലധികം നീണ്ടാൽ അപകടകരമാവുമെന്നും പെന്റഗൺ ട്രംപിന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. പക്ഷേ, വാർത്ത നിഷേധിച്ച പ്രസിഡന്റ് ട്രംപ് അമേരിക്കയ്ക്ക് അനന്തകാലത്തോളം യുദ്ധം ചെയ്യാനുള്ള ആയുധശേഖരമുണ്ടെന്ന് അവകാശപ്പെട്ടു.
ചുരുങ്ങിയ ചിലവിൽ അതിവേഗം ഡ്രോണുകളും മിസൈലുകളും നിർമിക്കാൻ ശേഷിയുള്ള ഇറാൻ ഇതിനകം നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചു കഴിഞ്ഞു. കൃത്യതയേറിയ, മാരകമായ ബാലിസ്റ്റിക് മിസൈലുകളുടെ ഭൂരിഭാഗവും യു.എസ്-ഇസ്രായേൽ സഖ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ക്ഷയിച്ച ശേഷം ഉപയോഗിക്കാനായി കരുതി വെച്ചിരിക്കുകയാണെന്ന് കരുതപ്പെടുന്നു. ശത്രുവിന്റെ ശക്തി ക്ഷയിക്കും വരെ കാത്തിരിക്കാനും കടുത്ത ശിക്ഷകളും വേദനയും സഹിക്കാനുമുള്ള സന്നദ്ധത. അഫ്ഗാനിസ്താനിലും ഇറാഖിലും സഖ്യസേനകളെ ക്ഷീണിപ്പിച്ചതിന് സമമായ യുദ്ധത്തിന്റെ രീതിയാണ് ഇറാനും പയറ്റുന്നത്.
തങ്ങൾ ആക്രമിച്ചാലുടൻ ഇറാനിലെ ജനങ്ങൾ കൂട്ടമായി തെരുവിലിറങ്ങി അധികാരം പിടിക്കുമെന്ന തെറ്റിദ്ധാരണ മാറിയിട്ടുണ്ട്. ഇറാനിലെ മതഭരണകൂടത്തെ അട്ടിമറിച്ച ശേഷം പഴയ ഷാ ചക്രവർത്തിയുടെ മകനെ പകരം സ്ഥാപിക്കാനും പറ്റില്ല എന്ന് വ്യക്തമായിക്കഴിഞ്ഞു. ശീതീകരിച്ച മുറിയിലിരുന്ന് സാമൂഹികമാധ്യമങ്ങളിൽ വലിയ വായിൽ അഭിപ്രായം പറയുന്ന ആളല്ല, ദുരിതകാലത്ത് തങ്ങൾക്കൊപ്പം പൊരുതിയ നേതാവിനെയാണ് ജനം ആഗ്രഹിക്കുന്നത്. അങ്ങനെ ജനകീയനായ ഒരാളെ നിലവിലെ സാഹചര്യത്തിൽ എന്താണ് സംഭവിക്കുന്നത്, ആരാണ് ജയിക്കുന്നത്, ആർക്കൊപ്പം നിൽക്കുന്നതാണ് സുരക്ഷിതം എന്ന് വ്യക്തമല്ല, കണ്ടെത്തുന്നത് എളുപ്പമല്ല. അമേരിക്കയ്ക്ക് രാജ്യത്തെ എണ്ണയും പ്രകൃതിവിഭവങ്ങളും താലത്തിൽ വച്ചു നൽകുന്ന നേതൃത്വത്തെ ഇറാനിലെ ജനങ്ങൾ അംഗീകരിക്കുകയുമില്ല. കഴിഞ്ഞ ദിവസം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇറാനിലെ ജനാധിപത്യമൊന്നും തങ്ങളുടെ തലവേദനയല്ലെന്ന് തുറന്നടിച്ചത് ഇത്തരം വേവലാതികൾ കാരണമാവണം.
ഭരണകൂടമാറ്റത്തിന് തീവ്രവാദികളുടെ സഹായം തേടാൻ ട്രംപ്
ഭരണകൂടം മാറ്റണമെങ്കിൽ കൺട്രോൾ റൂമിലെ വീഡിയോ ഗെയിമല്ല, പടക്കളത്തിലെ പട്ടാളക്കാരാണ് വേണ്ടത്. പക്ഷേ, സ്വന്തം സൈനികരെ യുദ്ധമുഖത്തേക്ക് ഇറക്കിവിടാൻ അമേരിക്ക മടിക്കും. സൈനികരുടെ ഓരോ ബോഡിബാഗിനും (മൃതദേഹം) സർക്കാർ കനത്ത വില കൊടുക്കേണ്ടി വരും. അതിനാൽ മേഖലയിലെ തീവ്രവാദികളുടെ സഹായം തേടാനാണ് ട്രംപ് പദ്ധതിയിടുന്നത്. ഞായറാഴ്ച അദ്ദേഹം ഇറാഖിലെ പ്രമുഖ കുർദ് നേതാക്കളായ മസൂദ് ബർസാനി (കുർദിസ്താൻ ഡെമോക്രാറ്റിക് പാർട്ടി), ബാഫെൽ തലബാനി (പേട്രിയോട്ടിക് യൂണിയൻ ഓഫ് കുർദിസ്താൻ) എന്നിവരുമായി ഇറാൻ യുദ്ധത്തെക്കുറിച്ച് ഫോണിൽ സംസാരിച്ചു. ഇറാഖിലെ സ്വയംഭരണമേഖലയാണ് കുർദിസ്താൻ. കുർദ് സേനയായ പെഷ്മെർഗ ഐസിസിനെതിരായ യുദ്ധത്തിൽ വലിയ പങ്കു വഹിച്ചിരുന്നു.
ഇറാനിലും ലക്ഷക്കണക്കിന് കുർദുകളുണ്ട്, അവർ സ്വാതന്ത്ര്യത്തിനായി പൊരുതുകയാണ്. ഇറാഖിലുള്ള ഇറാനിയൻ കുർദിസ്താൻ പാർട്ടിയുടെ (പിഡികെഐ) ആസ്ഥാനത്ത് ചൊവ്വാഴ്ച ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇറാൻ- ഇറാഖ് അതിർത്തിയിലെ കുർദ് പോരാളികൾക്ക് അത്യാധുനിക ആയുധങ്ങളും രഹസ്യവിവരങ്ങളും വ്യോമസംരക്ഷണവും നൽകുന്നതു വഴി മേഖലയിൽ ഐആർജിസിയെ (ഇറാനിയൻ റെവല്യൂഷനറി ഗാർഡ് കോർ) തളച്ചിടാനാവുമെന്ന് യുഎസ് കണക്കുകൂട്ടുന്നു. പക്ഷേ, ഈ നീക്കം തുർക്കിയെ വിഷമിപ്പിക്കും. തുർക്കിയിലുള്ള കുർദ്ദുകളും സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയാണ്.
ഇറാനിലെ മതഭരണകൂടത്തിനെതിരെ പോരാടുന്നവർക്ക് ആയുധങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിനുള്ള പാലമായി ഇറാനുമായി അതിർത്തി പങ്കിടുന്ന പാകിസ്താനെ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് വിശ്വാസം പോര. ബലൂചിസ്താൻ, ഖൈബർ പഖ്തൂൺക്വ അതിർത്തികൾ തീർത്തും അരക്ഷിതമാണ്. അവിടെ സർക്കാരിനെക്കാൾ നിയന്ത്രണം യഥാക്രമം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ), ടിടിപി (തെഹ്രീക്കെ താലിബാൻ) എന്നിവയ്ക്കാണ്. അതിനാൽ ബിഎൽഎ, അല്ലെങ്കിൽ താലിബാൻ ഘടകങ്ങളെ ഉപയോഗിച്ച് ബദൽ ഇടനാഴികൾ സൃഷ്ടിക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്ന് ഇന്ത്യൻ സൈനികനിരീക്ഷകർ അഭിപ്രായപ്പെടുന്നു. അതു സംഭവിച്ചാൽ ബലൂചിസ്താന്റെ സ്വാതന്ത്ര്യവും പാകിസ്താന്റെ ശിഥിലീകരണവും വേഗത്തിലാവും. ബലൂച് കലാപത്തെ സ്പോൺസർ ചെയ്യുന്നത് ഇന്ത്യയാണെന്ന പാക്ഭാഷ്യത്തിന് അതോടെ അന്ത്യമാവും.
ഇന്ത്യ യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് പാകിസ്താൻ, ഇന്ത്യയെ തകർക്കാൻ യുഎസ് ശ്രമമെന്ന് ഇറാൻ
ഇന്ത്യ തങ്ങൾക്കെതിരായ യുദ്ധത്തിനു തയ്യാറെടുക്കുകയാണെന്ന് പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പാർലമെന്റിൽ പ്രസ്താവിച്ചത് രാജ്യത്ത് നിലനിൽക്കുന്ന വ്യാപകമായ അരക്ഷിതാവസ്ഥയുടെയും അശാന്തിയുടെയും പ്രതിഫലനമാണ്. ഇന്ത്യ യുദ്ധത്തിനു മുതിരരുതെന്നും ചർച്ചയ്ക്ക് തയ്യാറാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പഹാൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് മാസങ്ങൾക്ക് ശേഷമാണ് സർദാരി വിഷയം മാറ്റാൻ ശ്രമിക്കുന്നത് (കഴിഞ്ഞയാഴ്ച ഇന്ത്യയുടെ വെസ്റ്റേൺ കമാൻഡിന്റെ മേധാവി സിന്ദൂർ രണ്ടാം ഭാഗത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു). പാകിസ്താന്റെ ഉറ്റസുഹൃത്തായ ചൈന സ്വന്തം സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടിരിക്കുകയാണ്, അമേരിക്ക പാകിസ്താനെ ബാധ്യതയായി കാണുന്ന കാലം വിദൂരവുമല്ല.
ക്രമസമാധാനത്തകർച്ചയും സാമ്പത്തിക പരാധീനതയും മാത്രമല്ല പാകിസ്താനെ അലട്ടുന്നത്, രാജ്യം തന്നെ ചിന്നിച്ചിതറുന്ന ഭീതിയിലാണവർ. നിത്യേന ടിടിപിയും ബിഎൽഎയും വലിയ ആക്രമണങ്ങൾ നടത്തുന്നു (കഴിഞ്ഞ ദിവസം നൂർ ഖാൻ വ്യോമത്താവളത്തിൽ പോലും ടിടിപി ആക്രമണമുണ്ടായി), സിന്ധിലും പാക്കധീന കശ്മീരിലും പ്രക്ഷോഭങ്ങൾ നടക്കുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്താകെ അക്രമങ്ങളുണ്ടായി. കറാച്ചിയിലെ യുഎസ് എംബസി ആക്രമിച്ച പത്തു പാകിസ്താനികളെ അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നിട്ടും ഒന്നും മിണ്ടാനാവാത്ത അവസ്ഥയിലാണ് പാകിസ്താൻ.
സമീപഭാവിയിൽ ഇന്ത്യ, ചൈന, റഷ്യ, യു.എസ് എന്നിവരാവും വൻശക്തികളെന്നും അത് തടയാൻ അമേരിക്ക നിരവധി യുദ്ധങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി ഡോ അബ്ദുൽ മജീദ് ഹക്കിം ഇലാഹി ആരോപിച്ചു. നിലവിലെ സംഘർഷം ഈ അധികാരമാറ്റം തടയാനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തെ ഇന്ത്യയടക്കമുള്ള പാശ്ചാത്യേതര രാജ്യങ്ങളുടെ ഉയർച്ചയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കുന്ന ഈ ആരോപണങ്ങളിൽ കുറച്ചു കാര്യമുണ്ടാകാം. എങ്കിലും യുദ്ധമവസാനിപ്പിക്കാൻ വികസ്വരരാജ്യങ്ങളുടെ സഹായവും സഹാനുഭൂതിയും സ്വരൂപിക്കുന്നതിനുള്ള ഇറാന്റെ യുദ്ധതന്ത്രമായി ഇതിനെ കാണാം.
പടിഞ്ഞാറൻ ഏഷ്യയുടെ ഭൂപടം മാറുന്നുവോ?
യുദ്ധം ദീർഘകാലം നീണ്ടാൽ അത് ചില പ്രധാന മുസ്ലിം രാഷ്ട്രങ്ങളുടെ ശിഥിലീകരണത്തിലേക്ക് നയിച്ചേക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇറാന്റെ കുർദ്, ബലൂച് ഭൂരിപക്ഷപ്രദേശങ്ങൾ ദീർഘകാലമായി അസ്വസ്ഥമാണ്. ഇറാനിലെ ഭുണമാറ്റത്തിന് കുർദുകളെയും ബലൂചുകളെയും യുഎസ് പിന്തുണച്ചാൽ വിഘടനവാദി പ്രസ്ഥാനങ്ങൾക്ക് കരുത്തേകും. തെക്കൻ അതിർത്തിക്കപ്പുറം ഒരു കുർദ് ശക്തി ഉയർന്നുവരുന്നത് തുർക്കിക്ക് തലവേദനയാവും. വിസ്തൃതിയിൽ പാകിസ്താന്റെ 40 ശതമാനത്തിലധികം വരുന്ന ബലൂചിസ്താൻ സ്വതന്ത്രമാവുകയോ, വലിയ തോതിൽ സ്വയംഭരണം നേടുകയോ ചെയ്യുന്നത് മേഖലയെ മാറ്റിമറിക്കും. അവസരം മുതലാക്കി ടിടിപി, കെപികെയെ അഫ്ഗാനിസ്താനോടു ചേർക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ യുദ്ധം അങ്ങകലെ മധ്യപൂർവേഷ്യയിൽ നടക്കുന്ന അവഗണിക്കാവുന്ന ഒരു സംഘർഷമല്ല, ഭൗമരാഷ്ട്രീയ ഭൂകമ്പമാണ്. 90 ലക്ഷം പ്രവാസികളെ ഉൽക്കണ്ഠപ്പെടുത്തുന്ന, രാജ്യത്തിന്റെ ഊർജ്ജസുരക്ഷയെ ഭീഷണിപ്പെടുത്തുന്ന, പാകിസ്താനെ അസ്ഥിരമാക്കാനിടയുള്ള, ഭീകരവാദം പുനരുജ്ജീവിപ്പിക്കാനിടയുള്ള സംഘർഷം. രാജ്യത്തിനു വേണ്ട ക്രൂഡ് ഓയിലിന്റെ ഏകദേശം 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് അടച്ചത് ശരിക്കും ബാധിക്കും. ഇതുവഴിയാണ് നമുക്കു വേണ്ട ഏകദേശം 50 ശതമാനം എണ്ണ ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത് എന്നിവിടങ്ങളിൽ നിന്നും വരുന്നത്. യുദ്ധം തുടങ്ങി അഞ്ചു ദിവസം കൊണ്ട് എണ്ണവില പത്തു ശതമാനത്തിലധികം വർധിച്ചു കഴിഞ്ഞു.
ആറുമുതൽ എട്ടാഴ്ച വരെ പിടിച്ചുനിൽക്കാനുള്ള കരുതൽ ശേഖരമുള്ള ഇന്ത്യ ഹോർമുസ് ഒഴിവാക്കിയുള്ള മറ്റ് ഇറക്കുമതി വർധിപ്പിക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നത് വീണ്ടും ശക്തമാക്കിയിട്ടുണ്ട്. യു.എസ്, പടിഞ്ഞാറൻ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളുമായി സ്പോട്ട് കാർഗോകളും (തത്സമയ വാങ്ങൽ) കരാറുകളും വേഗത്തിലാക്കി. ഇന്ത്യൻ നേവിയും കോസ്റ്റ് ഗാർഡും അറേബ്യൻ കടലിലും ഗൾഫ് ഓഫ് ഒമാനിലും പട്രോളിങ് വർധിപ്പിച്ചു, ഇന്ത്യൻ കപ്പലുകൾക്ക് അകമ്പടി നൽകുന്ന കാര്യം പരിഗണിക്കുന്നു. ഗൾഫ് രാജ്യങ്ങളുമായി എണ്ണവിതരണത്തിനുള്ള ബദൽ മാർഗങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുന്നു.
Content Highlights: Analysis of the prolonged US-Iran war and Iran's asymmetric warfare strategy., Exploration of US plans to use regional proxies like Kurdish and Baloch groups., Detailed impact on regional stability, particularly for Pakistan and India's energy security., Assessment of potential geopolitical shifts, including the redrawing of West Asia's map.
Published: 04 Mar 2026, 07:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented