വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കം തുടരുന്നതിനിടെ രാജ്യത്തിനകത്ത് സായുധ വിപ്ലവത്തിന് യുഎസ് നീക്കം തുടങ്ങി. ഇറാനിലെ സുരക്ഷാ സേനയ്ക്കെതിരെ പടിഞ്ഞാറൻ മേഖലയിൽ ശക്തമായ ആക്രമണം നടത്തുന്നതിനെക്കുറിച്ച് ഇറാനിയൻ കുർദിഷ് സായുധ സംഘങ്ങൾ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ.
ഇറാനിലെ നിലവിലെ ഭരണകൂടത്തിനോട് എതിർപ്പുള്ള വംശീയ ന്യൂനപക്ഷമാണ് കുർദുകൾ. ഇറാൻ-ഇറാഖ് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സായുധ ഗ്രൂപ്പുകൾ, ഇറാന്റെ സൈനികശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പരിശീലനം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും ഇറാനിലെ പ്രധാന കേന്ദ്രങ്ങളിൽ ബോംബുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
അമേരിക്കൻ-ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് ഭരണകൂട വിരുദ്ധർക്ക് പ്രതിഷേധിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുക എന്നതാണ് അമേരിക്കയുടെ തന്ത്രം. ഖമനേയിയുടെ വധത്തിന് പിന്നാലെ പ്രത്യാക്രമണങ്ങൾ നടത്തുന്നതിന്റെ ഉത്തരവാദിത്വം ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ ഏറ്റെടുത്തിരുന്നു. താത്കാലിക ഭരണസംവിധാനവുമായി കൂടിയാലോചനകളില്ലാതെയാണ് ഇവർ ഗൾഫ് രാജ്യങ്ങളിലേക്കടക്കം ആക്രമണങ്ങൾ നടത്തുന്നത്.
ഇതിനിടെയിൽ കുർദുകൾ ഉൾപ്പെടെയുള്ളവർ സായുധകലാപം ഉയർത്തിയാൽ ഇറാനകത്ത് വലിയ അന്തഃഛിദ്രമാകും ഉണ്ടാകുകയെന്ന് യുഎസ് കണക്കുകൂട്ടുന്നു. സിറിയയിൽ അടക്കം പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് യുഎസ് ഇറാനിലും നടപ്പാക്കാനൊരുങ്ങുന്നത്. കുർദിഷ് പോരാളികൾക്ക് ആയുധങ്ങൾ എത്തിക്കുന്നതിനായി അമേരിക്കൻ ചാര സംഘടനയായ സിഐഎ തന്ത്രങ്ങൾ മെനയുന്നതായാണ് വിവരങ്ങൾ.
എർബിലിലെയും ബാഗ്ദാദിലെയും കുർദ് നേതാക്കൾ ഇതിനകംതന്നെ ട്രംപ് ഭരണകൂടവുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. നീക്കം എപ്പോൾ തുടങ്ങണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. അമേരിക്കയുടെ സൈനിക പിന്തുണ തേടിയിരിക്കുന്ന ഈ സായുധ സംഘങ്ങൾ, ഇറാനിൽ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. നിലവിലെ യുദ്ധസാഹചര്യത്തിൽ ഇറാന് ഇത് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Published: 04 Mar 2026, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented