ന്യൂയോർക്ക്: എപ്സ്റ്റീൻ ഫയൽസിന്റെ ഭാഗമായി പുറത്തുവന്ന ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ചിത്രത്തിൽ വിശദീകരണവുമായി കുടുംബം രംഗത്ത്. സ്റ്റീഫൻ ഹോക്കിങ് ബിക്കിനി ധരിച്ച രണ്ട് സ്ത്രീകൾക്കിടയിൽ ഇരിക്കുന്ന ചിത്രത്തിലാണ് കുടുംബം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോക്കിങ്ങിനൊപ്പമുള്ള രണ്ട് സ്ത്രീകളും അദ്ദേഹത്തിനൊപ്പം ദീർഘകാലമുണ്ടായിരുന്ന പരിചാരകരാണെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. എപ്സ്റ്റീൻ ഫയൽസിലെ ഈ ചിത്രങ്ങൾ വലിയ വിവാദമായ സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം.

To advertise here,

ഒരു റിസോർട്ടിലോ നീന്തൽക്കുളത്തിന് സമീപത്തുനിന്നോ പകർത്തിയതെന്ന് കരുതുന്ന ഹോക്കിങ്ങിന്റെ ചിത്രമാണ് എപ്സ്റ്റീൻ ഫയൽസിലുണ്ടായിരുന്നത്. ഒരു ലോഞ്ച് ചെയറിൽ ഇരിക്കുന്ന ഹോക്കിങ്ങിന്റെ ഇരുവശത്തുമാണ് ബിക്കിനി ധരിച്ച സ്ത്രീകളുണ്ടായിരുന്നത്. അതേസമയം, കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട് പുറത്തുവിട്ട കോടതിരേഖകളിൽ ഈ ചിത്രം എവിടെനിന്നാണ് പകർത്തിയതെന്ന് പരാമർശിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ചിത്രം പകർത്തിയ സ്ഥലത്തെക്കുറിച്ചും കുടുംബം വിശദീകരണം നൽകിയിട്ടുണ്ട്.

2006-ൽ കരീബിയൻ ദ്വീപായ സെയ്ന്റ് തോമസ് ദ്വീപിലെ റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിൽവെച്ചാണ് ഹോക്കിങ്ങിന്റെ ഈ ചിത്രം പകർത്തിയതെന്നാണ് കുടുംബം പറയുന്നത്. 'ക്വാണ്ടം കോസ്‌മോളജി'യിൽ പ്രസംഗം നടത്താനാണ് ഹോക്കിങ് ഇവിടെ എത്തിയതെന്നും കുടുംബം പറഞ്ഞു. ഹോക്കിങ്ങിനൊപ്പമുള്ള രണ്ട് സ്ത്രീകളും യുകെയിൽനിന്നുള്ള അദ്ദേഹത്തിന്റെ പരിചാരകരാണെന്നും കുടുംബത്തിന്റെ പ്രതിനിധി വ്യക്തമാക്കി. അദ്ദേഹം അനുചിതമായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണെന്നും അത്തരം കാര്യങ്ങൾ തീർത്തും അസംബന്ധമാണെന്നും കുടുംബത്തിന്റെ പ്രതിനിധി കൂട്ടിച്ചേർത്തു.

അതേസമയം, 2006 മാർച്ചിൽ സെയ്ന്റ് തോമസ് ദ്വീപിൽ നടന്ന ചടങ്ങിന് ആതിഥേയത്വം വഹിച്ചത് എപ്സ്റ്റീനാണെന്നാണ് റിപ്പോർട്ടുകളിലുള്ളത്. ഹോക്കിങ് അടക്കം ലോകപ്രശസ്തരായ 21 ശാസ്ത്രജ്ഞർ ഇവിടെ നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നതായും പറയുന്നു.

യുഎസ് നീതിന്യായവകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയൽസിൽ ചുരുങ്ങിയത് 250 തവണയെങ്കിലും സ്റ്റീഫൻ ഹോക്കിങ്ങിന്റെ പേര് പരാമർശിക്കുന്നതായാണ് മാധ്യമങ്ങളുടെ റിപ്പോർട്ടിലുള്ളത്. നേരത്തേ എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ട സമയത്തുതന്നെ ഹോക്കിങ്ങിന്റെ പേരും ഇതിൽ ഉൾപ്പെട്ടിരുന്നു.

എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുന്ന ബില്ലിൽ കഴിഞ്ഞ നവംബർ 20-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിവിധഘട്ടങ്ങളിലായി എപ്സ്റ്റീൻ ഫയൽസ് പുറത്തുവിട്ടുത്തുടങ്ങിയത്.

അമേരിക്കയിലെ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായിരുന്നു ജെഫ്രി എപ്സ്റ്റീൻ. പെൺസുഹൃത്തിനൊപ്പം ചേർന്ന് നിരവധി പെൺകുട്ടികളെ തന്റെ സ്വകാര്യദ്വീപിലേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്തെന്നായിരുന്നു എപ്സ്റ്റീനെതിരായ കേസ്. ഹോളിവുഡ് നടനും ഓസ്‌കാർ ജേതാവുമായ ലിയൊനാർഡോ ഡി കാപ്രിയോ, ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ്, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ദീർഘകാലം അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഡഗ് ബാൻഡ്, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ തുടങ്ങിയവരുടെ പേരുകൾ എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകളിലുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പല പ്രമുഖരും പെൺകുട്ടികളെ ദുരുപയോഗംചെയ്തെന്നാണ് പറയപ്പെടുന്നത്.

നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത എപ്സ്റ്റീൻ 2006-ലാണ് ആദ്യം അറസ്റ്റിലായത്. 2008-ൽ ഒരുകേസിൽ വിചാരണ പൂർത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 13 മാസത്തോളം ഇയാൾ തടവിൽ കഴിഞ്ഞു. പിന്നീട് 2019 ജൂലായിൽ എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. തുടർന്ന് ലൈംഗിക കുറ്റകൃത്യങ്ങളിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ ഉൾപ്പെട്ട എപ്സ്റ്റീന്റെ പെൺസുഹൃത്തായ മാക്‌സ് വെല്ലിനെ കോടതി 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു.