
ഗവേഷണ പ്രബന്ധങ്ങളിലെ കോപ്പിയടി നമ്മുടെ നാട്ടില്‍ പുതിയ വാര്‍ത്തയല്ല. എന്നാല്‍, ശാസ്ത്രലോകത്തെ ആകെ ഞെട്ടിച്ച ഒരു ഗവേഷണ തട്ടിപ്പിന്റെ വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയില്‍നിന്ന് പുറത്തുവന്നത്, അതും ലോകപ്രശസ്തമായ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന്. യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും അതിപ്രശസ്ത ന്യൂറോസയന്റിസ്റ്റും ശതകോടീശ്വരനുമായ മാര്‍ക് ടെസ്സിയര്‍ ലവിഞ്ഞെയുടെ ഗവേഷണ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് വെറും പതിനെട്ട് വയസ്സുള്ള വിദ്യാര്‍ഥിയാണ്. ഇതേത്തുടര്‍ന്ന് ലവിഞ്ഞെയ്ക്ക് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്നു. ഈ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന തിയോ ബേക്കര്‍ എന്ന വിദ്യാര്‍ഥി പ്രശസ്തമായ ജോര്‍ജ് പോള്‍ക് പത്രപ്രവര്‍ത്തക പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തു.
ഡോ. ലെവിഞ്ഞെ ആള് ചില്ലറക്കാരനല്ല. ലോകപ്രശസ്ത ന്യൂറോ സയന്റിസ്റ്റും മസ്തിഷ്‌ക വികാസത്തേക്കുറിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവുമാണ്. മുന്‍പ് കാലിഫോര്‍ണിയ, സാന്‍ ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്കിലെ റോക്‌ഫെല്ലര്‍ തുടങ്ങിയ അതിപ്രശസ്ത സര്‍വകലാശാലകളുടെ തലവനായിരുന്നു. ഗവേഷകനെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ സര്‍വസമ്മതനും അപ്രതിരോധ്യനുമാണ്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തില്‍ സംശയമുന്നയിക്കാന്‍ പോലും ഒരാളും ധൈര്യപ്പെടില്ല എന്നിരിക്കെയാണ് ഒരു ബിരുദ വിദ്യാര്‍ഥിയുടെ കണ്ടെത്തലുകള്‍ ലെവിഞ്ഞെയെ സ്ഥാനഭ്രഷ്ടനാക്കിയത് എന്നതാണ് കൗതുകകരം.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു തിയോ ബേക്കര്‍. ഡോ. ലവിഞ്ഞെയുടെ ഗേവഷണ പ്രബന്ധത്തില്‍ ചില തരികിടകള്‍ ഉണ്ടെന്ന സൂചനകള്‍ ചില ഗവേഷക വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഭാഷണത്തിനിടെ കേള്‍ക്കാന്‍ ഇടയായതോടെയാണ് തിയോ ബേക്കര്‍ തന്റെ അന്വേഷണം ആരംഭിക്കുന്നത്.
ന്യൂറോസയന്‍സുമായി ബന്ധപ്പെട്ട ലവിഞ്ഞെയുടെ ചില പേപ്പറുകളില്‍ കൃത്രിമമായി നിര്‍മിച്ച ഇമേജുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു ഗവേഷക വിദ്യാര്‍ഥികള്‍ സംശയം പ്രകടിപ്പിച്ചത്. ഇതു സംബന്ധിച്ച വസ്തുതയെന്തെന്ന് തിയോ ബേക്കര്‍ ഈ മേഖലയിലെ ചില വിദഗ്ധരോട് അന്വേഷിച്ചു. സംഗതി സത്യമാണെന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍, ലവിഞ്ഞെയെ പോലൊരു പ്രശസ്തനും അധികാരസ്ഥാനത്തിരിക്കുന്ന ആളുമായ ഒരാളുടെ തട്ടിപ്പ് പുറത്തുപറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.

എന്നാല്‍, എലിസബത്ത് ബിക് എന്ന ഗവേഷക തിയോ ബേക്കിന് നിര്‍ണായക സഹായങ്ങള്‍ നല്‍കി. ശാസ്ത്ര ഗവേഷണത്തില്‍ ഉപയോഗിക്കുന്ന വ്യാജ ഇമേജുകള്‍ തിരിച്ചറിയുന്നതില്‍ വിദഗ്ധയായിരുന്ന എലിസബത്ത്. ലെവിഞ്ഞെയുടെ ഗവേഷണ പേപ്പറുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഇമേജുകള്‍ ഒന്നൊന്നായി ഇരുവരും ചേര്‍ന്ന് പരിശോധിച്ചു. ലവിഞ്ഞെയുടെ ലോകപ്രശസ്തമായ ഗവേഷണ പേപ്പറുകളില്‍ നടന്ന തട്ടിപ്പ് ഞെട്ടിക്കുന്നതായിരുന്നു.
മറ്റു രണ്ട് ഗവേഷകര്‍ക്കൊപ്പം ലവിഞ്ഞെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ മൂന്ന് വ്യത്യസ്ത ലാബുകളിലായി നടന്ന ഗവേഷണ ഫലങ്ങളില്‍ കൃത്രിമം നടത്തിയതായി അവര്‍ കണ്ടെത്തി. ഗവേഷണ പ്രബന്ധങ്ങളില്‍ ഇവര്‍ ഉപയോഗിച്ച ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ചതോ ഇവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയതോ ആയിരുന്നു. ഈ പേപ്പറുകളാകട്ടെ ലോകത്തിലെ പ്രമുഖമായ പല ഗവേഷണ ജേണലുകളിലും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു.
'ഏതെങ്കിലും ഒരു ഗവേഷണ പ്രബന്ധത്തിലോ ഗവേഷണ ലാബിലോ സംഭവിച്ച മനപ്പൂര്‍വമല്ലാത്ത ഒരു പിഴവ് ആയിരുന്നില്ല ഇത്. ലവിഞ്ഞെയുടെ ഗവേഷണ ജീവിതത്തിലെ വ്യത്യസ്ത കാലങ്ങളില്‍, വ്യത്യസ്ത ഗവേഷണ ലാബുകളില്‍ നടത്തിയ ഗവേഷണങ്ങളില്‍ ഈ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായി', അന്വേഷണത്തില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങളേക്കുറിച്ച് എലിസബത്ത് ബിക് എന്‍.ബി.സി. ന്യൂസിനോട് പറഞ്ഞു.
2001- മുതല്‍ ലെവിഞ്ഞെ പ്രസിദ്ധീകരിച്ച പേപ്പറുകളിലെല്ലാം ഉപയോഗിച്ചിരിക്കുന്ന ഇമേജുകള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ചതാണെന്ന് ബിക് കണ്ടെത്തി. ഇതില്‍ അല്‍ഷൈമേഴ്‌സ് രോഗം സംബന്ധിച്ച് 2009-ല്‍ ലെവിഞ്ഞെ ലോകപ്രശസ്തമായ 'നേച്ചര്‍' മാസികയില്‍ പ്രസിദ്ധീകരിച്ച പ്രബന്ധവും ഉള്‍പ്പെടുന്നു. തലച്ചോറിന്റെ ഭാഗങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നതിനു പിന്നിലുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായക ചുവടുവെപ്പാണ് ഈ പ്രബന്ധമെന്നും അല്‍ഷൈമേഴ്‌സ് രോഗത്തിന് പ്രതിവിധി കണ്ടെത്തുന്നതിലേക്ക് നയിക്കുന്നതാണ് ലെവിഞ്ഞെയുടെ കണ്ടെത്തലെന്നും അന്ന് ലോകമെങ്ങും വിലയിരുത്തപ്പെട്ടിരുന്നു!

ലോകപ്രശസ്ത ബയോടെക് കമ്പനിയായ 'ജിനെന്‍ടെക്കി'ന്റെ ഗവേഷണ ലാബിലാണ് ലെവിഞ്ഞെ ഈ ഗവേഷണം നടത്തിയത്. എന്നാല്‍, പ്രബന്ധത്തില്‍ അവകാശപ്പെട്ടിരുന്ന ഗവേഷണ ഫലങ്ങള്‍ തുടര്‍ ഗവേഷണങ്ങളില്‍ ആവര്‍ത്തിക്കാന്‍ ലവിഞ്ഞെക്കോ മറ്റു ഗവേഷകര്‍ക്കോ സാധിച്ചില്ല. അതുകൊണ്ടുതന്നെ ഈ ഫലത്തേക്കുറിച്ച് അന്നുതന്നെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നതായി ബേക്കറുടെ അന്വേഷണത്തില്‍ വ്യക്തമായി. ജിനെന്‍ടെക് ഇതുസംബന്ധിച്ച് ആഭ്യന്തര അന്വഷണം നടത്തുകയും ഗവേഷണ ഡാറ്റയില്‍ കൃത്രിമം നടന്നതായി കണ്ടെത്തുകയും ചെയ്തു. എന്നാല്‍, ഇക്കാര്യം കമ്പനി ഒരിക്കലും സമ്മതിച്ചില്ലെന്നു മാത്രമല്ല വിവരം പുറത്തുവിടുകയും ചെയ്തില്ല. അതുമാത്രമല്ല, ലെവിഞ്ഞെയുടെ ഈ 'ലോകപ്രശസ്ത ഗവേഷണ പ്രബന്ധം' ഇതുവരെ പിന്‍വലിക്കപ്പെട്ടിട്ടുമില്ല!
തിയോ ബേക്കര്‍ തന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍, വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന 'സ്റ്റാന്‍ഫോര്‍ഡ് ഡെയ്‌ലി' എന്ന പത്രത്തിലാണ് റിപ്പോര്‍ട്ട് ആയി പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ വെളിപ്പെടുത്തലുകള്‍ അമേരിക്കയിലെ ശാസ്ത്ര-അക്കാദമിക രംഗത്ത് വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കി. തുടര്‍ന്നാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വിഷയത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുന്നത്. യൂണിവേഴ്‌സിറ്റി നിയോഗിച്ച പ്രമുഖ ഗവേഷകരുടെ ഒരു പാനല്‍ ആണ് അന്വേഷണം നടത്തിയത്. ലവിഞ്ഞെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ പ്രസിദ്ധീകരിച്ച 12 ഗവേഷണ പ്രബന്ധങ്ങളില്‍ കൃത്രിമം നടന്നതായി ഇവര്‍ കണ്ടെത്തി. തിയോ ബേക്കറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളെ സാധൂകരിക്കുന്ന, തെളിവുകള്‍ നിരത്തിയുള്ള ആധികാരിക റിപ്പോര്‍ട്ടായിരുന്നു ഇവര്‍ സര്‍വകലാശാലയ്ക്ക് കൈമാറിയത്.
2001, 2010, 2015, 2016, 2021 എന്നീ വര്‍ഷങ്ങളില്‍ ലെവിഞ്ഞെ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഇമേജുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് റിപ്പോര്‍ട്ടില്‍ അക്കമിട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ അന്വേഷണ സംഘം റിപ്പോര്‍ട്ട് ഉപസംഹരിച്ചുകൊണ്ട് സ്വീകരിച്ചത് വിചിത്രമായ ഒരു നിലപാടായിരുന്നു. ഗവേഷണ വിവരങ്ങളിലെ കൃത്രിമത്വം ആവര്‍ത്തിച്ച് കാണപ്പെടുന്നുണ്ടെന്നും ഇത് ഗവേഷണം നടത്തിയ ലാബുകളിലുണ്ടായ തകരാറാണെന്നുമായിരുന്നു സംഘം ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട്, ലബോറട്ടറികളിലെ മേല്‍നോട്ടവും മാനേജ്‌മെന്റും കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ലെവിഞ്ഞെയ്‌ക്കെതിരേ ഒരു ആരോപണവും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല!

എന്നാല്‍, അപ്പോഴേക്കും കാര്യങ്ങള്‍ ലെവിഞ്ഞെയുടെ കൈവിട്ട് പോയിരുന്നു. തിയോ ബേക്കറുടെ നിരവധി റിപ്പോര്‍ട്ടുകള്‍ സ്റ്റാന്‍ഫോര്‍ഡ് ഡെയ്‌ലിയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടു. ഗവേഷകരുടെ നേതൃത്വത്തിലുള്ള 'പബ്പീര്‍' എന്ന വെബ്‌സൈറ്റ് അടക്കം ലെവിഞ്ഞെയുടെ പ്രബന്ധത്തിലെ തിരിമറികളുടെ തെളിവുകള്‍ പുറത്തുവിട്ടു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി. അമേരിക്കയില്‍ മാത്രമല്ല, അന്താരാഷ്ട്ര രംഗത്തുതന്നെ സംഭവം വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കി, പ്രതിഷേധങ്ങളുണ്ടായി. യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയല്ലാതെ ലവിഞ്ഞെയ്ക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന നിലവന്നു.
എന്നാല്‍, അപ്പോഴും താന്‍ എന്തെങ്കിലും തട്ടിപ്പ് നടത്തിയതായി സമ്മതിക്കാന്‍ ലെവിഞ്ഞെ തയ്യാറായിരുന്നില്ല. ഗവേഷണ വിവരങ്ങളില്‍ എന്തെങ്കിലും കൃത്രിമമോ വ്യാജമോ നടന്നതായുള്ള എല്ലാ ആരോപണങ്ങളെയും തന്റെ രാജിക്കത്തിലും ലെവിഞ്ഞെ തള്ളിക്കളയുന്നു. മാത്രമല്ല, എല്ലാ കുറ്റവും തന്റെ ഗവേഷണ വിദ്യാര്‍ഥികളുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്നു. തന്റെ വിദ്യാര്‍ഥികളില്‍ അമിതമായി വിശ്വസിച്ചതില്‍ താനിപ്പോള്‍ ഖേദിക്കുന്നതായും ലെവിഞ്ഞെ രാജിക്കത്തില്‍ വിലപിക്കുന്നു! യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള ലെവിഞ്ഞെയുടെ രാജി ആഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തില്‍ വരുമെങ്കിലും അദ്ദേഹം യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായിത്തന്നെ തുടരും. മാത്രമല്ല, ന്യൂറോസയന്‍സുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും തുടരും.
കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ലെങ്കിലും താന്‍ മുഖ്യരചയിതാവായി പ്രസിദ്ധീകരിക്കപ്പെട്ട മൂന്ന് പ്രബന്ധങ്ങള്‍ പിന്‍വലിക്കുമെന്നും രണ്ടെണ്ണത്തില്‍ തിരുത്തലുകള്‍ വരുത്തുമെന്നും ലെവിഞ്ഞെ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടും ഇതിനകം വ്യാപകമായി സൈറ്റ് ചെയ്യപ്പെട്ട, തെറ്റായ വിവരങ്ങളടങ്ങുന്ന അഞ്ച് പേപ്പറുകളെങ്കിലും തിരുത്താനായതില്‍ വലിയ ചാരിതാര്‍ഥ്യമുണ്ടെന്ന് തിയോ ബേക്കര്‍ പറയുന്നു.
Content Highlights: Stanford University president announces resignation, Marc Tessier-Lavigne, Research fraud
Published: 25 Jul 2023, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented