കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവകലാശാലയുടെ 2026ലെ ബിരുദദാന ചടങ്ങിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയ്ക്കെതിരേ പ്രതിഷേധവുമായി വിദ്യാർഥികൾ. പലസ്തീനെ പിന്തുണച്ചു കൊണ്ടാണ് വിദ്യാർഥികൾ പ്രതിഷേധം നടത്തിയത്. സ്റ്റാൻഫോർഡ് സർകലാശാല പൂർവ്വ വിദ്യാർഥി കൂടിയായ സുന്ദർ പിച്ചൈ പ്രസംഗിക്കുന്നതിനിടെയാണ് ഒരു കൂട്ടം ബിരുദധാരികൾ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് കൂക്കിവിളിച്ച് ഇറങ്ങിപ്പോയത്.

To advertise here,

ഇസ്രയേലുമായുള്ള ഗൂഗിളിന്റെ കരാറുകളിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ വേദി വിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. പല വിദ്യാർഥികളും പലസ്തീന് പിന്തുണച്ചു കൊണ്ട് കഫിയയും ധരിച്ചിരുന്നു. വിദ്യാർഥികൾ ഗ്രാജ്യുവേഷൻ വസ്ത്രവും തൊപ്പിയും ധരിച്ച് വേദി വിടുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫ്രീ പാലസ്തീൻ മുദ്രാവാക്യങ്ങളുമായി വിദ്യാർഥികൾ വേദി വിടുമ്പോൾ സുന്ദർ പിച്ചൈ പ്രസംഗിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കേൾക്കാം.

ഐഡിഎഫ് (Israel Defense Forces), യുഎസ് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ്, ഐസിഎഫ് ( Immigration and Customs Enforcement) തുടങ്ങിവയുമായുള്ള ഗുഗിളിന്റെ കരാറുകളാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് വിവരം.

യുഎസിലെ മിക്ക സർവകലാശാലകളിലും ബിരുദദാന ചടങ്ങുകളിൽ എഐ പ്രധാന ചർച്ചാ വിഷയമാണ്. എന്നാൽ, സുന്ദർ പിച്ചൈയുടെ പ്രസംഗത്തിൽ എഐ സംബന്ധിയായ വിശദ ചർച്ച ഒഴിവാക്കി. എഐയുടെ വരവിൽ ജോലി സാധ്യത കുറയുന്നതും വൻതോതിലുള്ള ലേ ഓഫുകളും വലിയ ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എഐ സംബന്ധിയായ ചർച്ച ബിരുദദാന ചടങ്ങിൽനിന്ന് സുന്ദർ പിച്ചൈ ഒഴിവാക്കിയതെന്നാണ് വിവരം. പൊതുകാര്യങ്ങളും ബിരുദധാരികൾക്ക് കരിയർ മെച്ചപ്പെടുത്താനാവശ്യമായ ഉപദേശങ്ങളുമായിരുന്നു പിച്ചൈ പ്രസംഗത്തിൽ ഉൾപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.