കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രക്ഷോഭകാരികള്‍ക്കെതിരേയുള്ള നടപടി ശക്തമാക്കി സൈന്യം. പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ പ്രക്ഷോഭകാരികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും ഔദ്യോഗികമായി രാജിവെക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍. അതേസമയം പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. സംഘര്‍ഷ മേഖലകളിലെല്ലാം കര്‍ഫ്യൂ പ്രഖ്യാപിച്ചു. 

To advertise here,

പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രണ്ട് ടെലിവിഷന്‍ ചാനലുകളുടെ  സംപ്രേഷണം തടസപ്പെട്ടു. പ്രക്ഷോഭകാരികള്‍ ഓഫീസുകളിലേക്ക് കടന്നുകയറി നിയന്ത്രണം ഏറ്റെടുത്തതോടെ രുപവാഹിനി, ഐടിഎന്‍ എന്നീ ചാനലുകളുടെ  സംപ്രേഷണം  താത്കാലിമായി നിര്‍ത്തിവച്ചു. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്കും ഭരണസിരാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്. വന്‍തോതില്‍ പ്രക്ഷോഭകര്‍ തടിച്ചുകൂടിയ ഇടങ്ങളിലേക്ക് കൂടുതല്‍ സൈനികരെ എത്തിക്കാനാണ് നീക്കം. സൈനിക ഹെലികോപ്റ്ററുകളും സംഘര്‍ഷ മേഖലയ്ക്ക് മുകളിലൂടെ പട്രോളിങ് നടത്തുന്നുണ്ട്. 

കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്ഷോഭകാരികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ സൈന്യവും പോലീസും മടിച്ചിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രക്ഷോഭകാരികള്‍ക്കെതിരേ ശക്തമായ ചെറുത്തുനില്‍പ്പാണ് സുരക്ഷാ സേന നടത്തുന്നത്. രാജപക്സെ ഉടന്‍ രാജിവെക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. പ്രതിഷേധവുമായി വന്‍ജനക്കൂട്ടമാണ് വിക്രമസിംഗെയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ്  ലാത്തിവീശി. പ്രധാനമന്ത്രിയുടെ വസതിയുടെ മതിലില്‍ കയറാന്‍ ശ്രമിച്ചവര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.

രാജിക്കത്ത് കൈമാറാതെ പ്രസിഡന്റ് മാലിദ്വീപിലേക്ക് മുങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ലങ്കയില്‍ വീണ്ടും പ്രക്ഷോഭം ശക്തമായത്. പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ബുധനാഴ്ച രാവിലെയാണ് രാജ്യംവിട്ടത്. മാലദ്വീപിലേക്കാണ് ഇദ്ദേഹവും ഭാര്യയും രണ്ട് അംഗരക്ഷകരും കടന്നത്. മാലദ്വീപില്‍ നിന്ന് രാജപക്‌സെ യുഎഇയിലേക്ക് കടന്നേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

കഴിഞ്ഞ ശനിയാഴ്ച പ്രക്ഷോഭകാരികള്‍ ഔദ്യോഗിക വസതി കയ്യേറിയതോടെ അജ്ഞത കേന്ദ്രത്തിലേക്ക് മാറിയ പ്രസിഡന്റ് ഗോതബായ ബുധനാഴ്ച രാജിവെക്കുമെന്നായിരുന്നു നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നത്. എന്നാല്‍ നിലപാട് മാറ്റിയ അദ്ദേഹം കുടുംബത്തിനൊപ്പം മാലിദ്വീപിലേക്ക് മുങ്ങുകയായിരുന്നു. താത്കാലിക പ്രസിഡന്റ് എന്ന പദവി ഉപയോഗിച്ചാണ് റെനില്‍ വിക്രമസിഗെ ബുധനാഴ്ച ഉച്ചയോടെ അനിശ്ചിത കാലത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം ആക്ടിങ് പ്രസിഡന്റായ വിക്രമസിംഗെയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പറഞ്ഞു.