കൊളംബോ: ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നാടുവിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ഒടുവില്‍ രാജിവെച്ചു. ഇ-മെയിലിലൂടെയാണ് രാജിക്കത്ത് ഗോതാബായ അയച്ചു നല്‍കിയതെന്ന് ശ്രീലങ്കന്‍ സ്പീക്കറുടെ വക്താവ് അറിയിച്ചു. അതേ സമയം കത്തിന്റെ നിയമസാധുത പരിഗണിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. നിയമസാധുത പരിശോധിക്കുന്നതിനായി കത്ത് ശ്രീലങ്കന്‍ അറ്റോര്‍ണി ജനറലിന്‌ കൈമാറിയിട്ടുണ്ട്.

To advertise here,

മാലിദ്വീപ് സ്പീക്കറും മുന്‍ പ്രസഡന്റുമായ മുഹമ്മദ് നഷീദും ഗോതാബയ രാജപക്‌സെ രാജിവെച്ചതായി അറിയിച്ചിട്ടുണ്ട്.

ഗോതാബയ രാജപക്‌സെ മാലിദ്വീപില്‍ നിന്ന് സിംഗപ്പൂരിലെത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സൗദി അറേബ്യന്‍ വിമാനത്തില്‍ ഇന്ന് വൈകീട്ടാണ് ഗോതബായ സിംഗപ്പൂരില്‍ ഇറങ്ങിയത്. സ്വകാര്യ സന്ദര്‍ശനത്തിനാണ് ഗോതബായയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത് എന്നാണ് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഗോതബായ രാജ്യത്ത് അഭയം തേടിയിട്ടില്ലെന്നും അദ്ദേഹത്തിന് അഭയം നല്‍കില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ജനങ്ങള്‍ ഔദ്യോഗിക വസതി വളഞ്ഞതിന് പിന്നാലെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയ ഗോതാബയ രണ്ടു ദിവസം മുമ്പാണ് മാലിദ്വീപിലേക്ക് കടന്നത്. അവിടെ ഒരു ദിവസം തങ്ങയി ശേഷമാണ് അദ്ദേഹം ഇന്ന് സിംഗപ്പൂരിലേക്ക് പോയത്. ഇവിടെ നിന്ന് സൗദിയിലേക്ക് തിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കില്‍ ഇതിന് സ്ഥിരീകരണമില്ല.