ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ച എല്ലാവരേയും ഞെട്ടിച്ച വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഫ്രാന്‍സില്‍ വീണ്ടും വലിയൊരു മോഷണം നടന്നിരിക്കുകയാണ്. എസ്‌കാര്‍ഗോട്ട് ഡെസ് ഗ്രാന്‍സ്ഡ് എന്ന ഫാമില്‍ നിന്ന് 90 ലക്ഷം രൂപ വിലമതിക്കുന്ന ശീതീകരിച്ച ഒച്ചുകളെയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് ഫാം അധികൃതര്‍ പറയുന്നു.

To advertise here,

റസ്റ്ററന്റുകളിലേക്ക് കൊണ്ടുപോകാനായി തയ്യാറാക്കിവെച്ചിരുന്ന 450 കിലോ ഒച്ചിനെയാണ് നഷ്ടപ്പെട്ടത്. ഒന്നിലധികം ആളുകള്‍ ചേര്‍ന്നാകാം മോഷണം നടത്തിയതെന്നാണ് സൂചന. ഫാമിന് ചുറ്റും കെട്ടിയ വേലി മുറിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ ഇരുമ്പ് പാര ഉപയോഗിച്ച് വാതില്‍ തകര്‍ക്കുകയായിരുന്നു. ലൈറ്റ് ഡിറ്റക്ടറുകളും അടിച്ചുതകര്‍ത്തിട്ടുണ്ട്. കോള്‍ഡ് സ്‌റ്റോറേജ് മുറികളില്‍ കയറിയ മോഷ്ടാക്കള്‍ അവിടെ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.

'450 കിലോ ഒച്ചിന്റെ മാംസം. ഇത്രയും വലിയ അളവില്‍ മോഷ്ടിച്ചത് അവിശ്വസനീയമാണ്. ഇത് വളരെ സംഘടിതമായ ഒരു ശൃംഖലയുടെ പ്രവൃത്തിയായിരിക്കണം. 10,000 പേര്‍ക്കുള്ള ഭക്ഷണത്തിന് ആവശ്യമായ ഒച്ചുകള്‍ അവിടെയുണ്ടായിരുന്നു.'-ഫാം നടത്തിപ്പുകാരന്‍ ജീന്‍-മാത്യു ഡോവേര്‍ണെ വ്യക്തമാക്കുന്നു.

ഒച്ചുകളില്‍ ഭൂരിഭാഗവും ക്രിസ്മസ് ആഘോഷത്തിനായി ഉയര്‍ന്ന നിലവാരമുള്ള റെസ്റ്റോറന്റുകളിലേക്ക് അയക്കാനുള്ളതായിരുന്നു. ഇതില്‍ റീംസിലെ മിഷ്‌ലിന്‍-സ്റ്റാര്‍ നേടിയ ഡൊമെയ്ന്‍ ലെസ് ക്രേയേഴ്സും ഉള്‍പ്പെടുന്നു. അവിടെ ഇത് ഒരു പ്രത്യേക പഫ്-പേസ്ട്രി വിഭവത്തിലാണ് ഈ ഒച്ചുകളുടെ മാംസം ഉപയോഗിക്കുന്നത്.

ചേംബേഴ്സ് ഓഫ് അഗ്രികള്‍ച്ചറിന്റെ കണക്കനുസരിച്ച് ഫ്രഞ്ചുകാര്‍ ഏകദേശം 14,300 ടണ്‍ ഒച്ചുകളെയാണ് ഭക്ഷിക്കുന്നത്. എന്നാല്‍ അതില്‍ 95 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്.