കാഠ്മണ്ഡു: തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 1970-കളില്‍ ഭീതിവിതച്ച ഫ്രഞ്ച് കൊലയാളി ചാള്‍സ് ശോഭ് രാജ് (78) നേപ്പാള്‍ ജയിലില്‍ നിന്ന് മോചിതനായി. ചാള്‍സിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു.
ജയിലില്‍ നിന്ന് അദ്ദേഹത്തെ നേപ്പാള്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് കൊണ്ടുപോയത്. ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. അതേ സമയം സുരക്ഷാ കാരണങ്ങളാല്‍ അദ്ദേഹത്തെ ഇന്നു തന്നെ ഫ്രാന്‍സിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് ഭാര്യ നിഹിത ബിശ്വാസ് പറഞ്ഞു.
മോചിപ്പിച്ച് 15 ദിവസത്തിനുള്ളില്‍ നാടുകടത്തണമെന്നാണ് നേപ്പാള്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. 19 വര്‍ഷമായി തടവില്‍ക്കഴിയുന്ന ശോഭ് രാജിന്റെ പ്രായം കണക്കിലെടുത്താണ് വിട്ടയക്കാനുള്ള ഉത്തരവ്. 21 വര്‍ഷത്തേക്കാണ് ശിക്ഷിച്ചിരുന്നത്. 1975-ല്‍ രണ്ട് യു.എസ്. വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ കാഠ്മണ്ഡു സെന്‍ട്രല്‍ ജയിലിലാണ്.
ഇന്ത്യന്‍ വംശജനായ അച്ഛന്റെയും വിയറ്റ്നാം വംശജയായ അമ്മയുടെയും മകനായി ജനിച്ച ചാള്‍സ് 1960-കളില്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ തുടങ്ങി പരമ്പരക്കൊലയാളിയായിമാറി. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെത്തുന്ന പാശ്ചാത്യ വിനോദസഞ്ചാരികളായിരുന്നു ഇരകളില്‍ കൂടുതല്‍. 'ബിക്കിനി കില്ലര്‍', 'ദ സ്പ്ലിറ്റിങ് കില്ലര്‍', 'ദ സെര്‍പന്റ്' തുടങ്ങി പലപേരുകള്‍ കിട്ടി.
കൊന്നും കവര്‍ച്ചചെയ്തും കിട്ടുന്ന പണം ആഡംബരജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. 1976-ല്‍ ഇന്ത്യ ശോഭ് രാജിനെ 21 വര്‍ഷം തടവിനു ശിക്ഷിച്ചു. പുറത്തിറങ്ങി ഫ്രാന്‍സിലേക്കുകടന്നു. 2003-ല്‍ വ്യാജ പാസ്പോര്‍ട്ടില്‍ നേപ്പാളിലെത്തിയപ്പോഴാണ് പിടിയിലായത്. ചാള്‍സിന്റെ ജീവിതമാണ് 'ദ സെര്‍പന്റ്' എന്ന നെറ്റ്ഫ്‌ലിക്‌സ് പരമ്പരയ്ക്ക് ആധാരം.
ചാള്‍സ് വീണ്ടും സ്വതന്ത്രനാവുമ്പോൾ ശോഭ്‌രാജ്
ചാൾസ് ഗുരുമുഖ് ശോഭ്‌രാജ് ഹോട്ട്ചന്ദ് ഭവ്‌നാനി എന്ന് ചാൾസ് ശോഭ്‌രാജ് ജയിലിൽ നിന്നിറങ്ങുമ്പോഴെല്ലാം, ജലോപരിതലത്തിൽ ഒരു കൂറ്റൻ കല്ല് വന്നുവീഴുമ്പോൾ ഓളങ്ങളുണ്ടാവുന്നതുപോലെ ലോകം വിറച്ചിരുന്നു. ഇനി ഏതൊക്കെ കടൽത്തീരങ്ങളിലാണ് ബിക്കിനി ധരിച്ച സ്ത്രീകളുടെ മൃതദേഹങ്ങൾ വന്നടിയുക; ഏതൊക്കെ കാട്ടുവഴികളിലാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കാണപ്പെടുക; ആരുടെയൊക്കെ ഭക്ഷണത്തിൽ മയക്കുപൊടി കലർത്തിയാണ് കവർച്ച നടത്തപ്പെടുക എന്ന് ലോകം ഭീതിയോടെ സന്ദേഹിക്കുമായിരുന്നു. അതായിരുന്നു അയാളുടെ ചരിത്രം.
വേണമെന്നുതീരുമാനിച്ചാൽ കൊലപാതകവും രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്കുള്ള പിടികൂടപ്പെടാതെയുള്ള സഞ്ചാരവും ശോഭ്‌രാജിന് അനായാസ കാര്യങ്ങളായിരുന്നു. അതുകൊണ്ടാണ് കാഠ്‌മണ്ഡുവിലെ ജയിലിൽ എന്നിനി മോചനം എന്നറിയാതെ കിടക്കുമ്പോഴും തന്റെ ഹൃദയശസ്ത്രക്രിയ നടത്തിയ ഡോക്ടർ രമേഷ് കൊയ്‌രാളയോട് അയാൾ ഇങ്ങനെ പറഞ്ഞത്: ‘‘കാഠ്‌മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിലെ കസ്റ്റംസ് ചെക് പോയന്റിലൂടെ വേണമെങ്കിൽ ഞാൻ ഇപ്പോഴും ഒരാനയെ കടത്തിക്കൊണ്ടുവരാം.’’ വാർധക്യം കണക്കിലെടുത്താണ് ഇത്തവണ ചാൾസിനെ നേപ്പാൾ കോടതി മോചിപ്പിക്കുന്നത്. 78 വയസ്സുകാരനായ ശോഭ്‌രാജ് മോചനത്തിനുശേഷം എങ്ങനെയായിരിക്കും ജീവിക്കുക എന്നത് കൗതുകമുള്ള ഒരു അന്വേഷണത്തിന് വക നൽകുന്നതാണ്.
വിയറ്റ്‌നാംകാരിയായ അമ്മയ്ക്കും ഇന്ത്യക്കാരനായ അച്ഛനും പിറന്ന ചാൾസിന്റെ കുട്ടിക്കാലം ഏകാന്തതയുടെയും ദേശങ്ങളിൽനിന്നും ദേശങ്ങളിലേക്കുള്ള അലച്ചിലുകളുടേതുമായിരുന്നു. അമ്മയും അച്ഛനും പിരിഞ്ഞപ്പോൾ അമ്മയ്ക്കും ഫ്രഞ്ച് പട്ടാള ഉദ്യോഗസ്ഥനായ രണ്ടാനച്ഛനും ഒപ്പമായിരുന്നു ആ കുട്ടിയുടെ താമസം. എന്നെങ്കിലും തന്റെ അച്ഛൻ വന്ന് തന്നെ കൂട്ടിക്കൊണ്ടുപോകും എന്നയാൾ കരുതി. ഒരു രാജ്യവും അയാൾക്ക് പൗരത്വം കൊടുക്കാൻ തയ്യാറായില്ല; ആരും അയാൾക്ക് രക്ഷാകർത്തൃത്വത്തിന്റെ കരുതൽ നൽകിയില്ല. രക്ഷപ്പെടാൻ വേണ്ടിയാണ് ശോഭ്‌രാജ് തന്റെ ആദ്യ ഭവനഭേദനം നടത്തുന്നത്. പിന്നീട് അയാൾ അതിൽ രസം കണ്ടെത്തി; അതിർത്തികൾ ഭേദിച്ച് അയാളുടെ കുറ്റവാസന പടർന്നു.
ചന്താൾ എന്ന കാമുകി ഭാര്യയായി. അവളുമായുള്ള അലച്ചിലുകൾ അയാളെ ഇറാനിലും അഫ്ഗാനിസ്താനിലും അവിടത്തെ ജയിലുകളിലുമെത്തിച്ചു; ആ ജയിലുകളിൽനിന്നെല്ലാം അദ്‌ഭുതകരമായി ചാൾസ് രക്ഷപ്പെട്ടു. തനിക്ക് തടസ്സംനിന്നവരെ കൊന്നൊഴിവാക്കാൻ അയാൾ ഒട്ടും മടിച്ചില്ല.
1970-കളിലെ ഹിപ്പി സംസ്കാര കാലത്തായിരുന്നു ചാൾസ് ശോഭ്‌രാജിന്റെ പ്രമാദമായ കൊലപാതകങ്ങലെല്ലാം. ഹിപ്പി സംസ്കാരത്തിന്റെ ഭാഗമായി അലഞ്ഞലഞ്ഞ് ബാങ്കോക്കിലെത്തിയ സ്ത്രീകളുടെയും പുരുഷന്മാരുടെയും ശവശരീരങ്ങൾ കടൽത്തീരങ്ങളിലടിഞ്ഞുതുടങ്ങി. അവസാനത്തെ ഇരയായ ഹെന്റിക് ബിൻടാൻജെ എന്നയാൾ മരിച്ച അതേദിവസംതന്നെ ബാങ്കോക്ക് വിമാനത്താവളത്തിൽനിന്ന് റോയൽ നേപ്പാൾ എയർലൈൻസിൽ കാഠ്‌മണ്ഡുവിലേക്ക് പറന്നതായി കണ്ടുപിടിക്കപ്പെട്ടു! മരിച്ചയാൾ വിമാനയാത്ര നടത്തുന്ന അദ്‌ഭുതകമായ അവസ്ഥ. തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് ഹിപ്പികളുടെ മൃതദേഹങ്ങൾ കാഠ്‌മണ്ഡുവിന്റെ പരിസരങ്ങളിൽ കണ്ടെത്തി. മരിച്ച അതേ ദിവസങ്ങളിൽ അവർ വിമാനം കയറി ഗോവയിലേക്ക് പോയിരിക്കുന്നു! ഒരു വർഷത്തിനുശേഷം ഷീൻ ലുക് സോളമൻ എന്ന ഫ്രഞ്ച് യാത്രികൻ ഹോട്ടൽമുറിയിൽ വിഷംതീണ്ടി മരിച്ചുകിടന്നു. തൊട്ടടുത്ത ദിവസങ്ങളിൽ ഡൽഹിയിലെ വിക്രം ഹോട്ടലിൽ ഒരു സംഘം ഫ്രഞ്ച് സ്കൂൾ കുട്ടികളുടെ ഭക്ഷണത്തിൽ വിഷം ചേർക്കപ്പെട്ടു. പിടിക്കപ്പെട്ടത് ചാൾസ് ശോഭ്‌രാജായിരുന്നു. അന്ന് അയാളിൽനിന്നും ഒട്ടേറെ പാസ്പോർട്ടുകൾ പിടിച്ചെടുത്തു -ബാങ്കോക്കിലും നേപ്പാളിലും ഗോവയിലുമെല്ലാം കൊല്ലപ്പെട്ടവരുടേതായിരുന്നു അവ.
********
സുമുഖനും ശാന്തനും ആരെയും ആകർഷിക്കുന്ന വാക് ചാതുരിയുമുള്ള ചാൾസ് ശോഭ്‌രാജിന് ജയിലുകൾ തടവറകളായില്ല. തിഹാർ ജയിലിൽ അയാൾ രാജാവായി വാണു. നിയമത്തിലും മനശ്ശാസ്ത്രത്തിലും പരിജ്ഞാനം നേടി. ഇന്ത്യയിലെ ശിക്ഷ അവസാനിച്ച് പുറത്തുവിടുന്ന ദിവസം തന്നെ തായ്‌ലാൻഡ് സർക്കാരിന് കൈമാറും എന്നറിഞ്ഞ ചാൾസ് തായ് നിയമം പഠിച്ചു. ഇരുപതുവർഷത്തിനകം പിടികൂടപ്പെട്ടില്ലെങ്കിൽ ആ കേസ് സ്വയം ഇല്ലാതാവും എന്നതായിരുന്നു തായ് നിയമം. തന്റെ ശിക്ഷാകാലാവധി തീരുംമുമ്പേ ജയിൽചാടിയ ചാൾസ് പുറത്തുപോയി മറ്റൊരു കുറ്റകൃത്യം ചെയ്ത് ജയിലിൽ തിരിച്ചെത്തി ഇന്ത്യയിൽ തുടരാനുള്ള ‘സർട്ടിഫിക്കറ്റ്’കരസ്ഥമാക്കി.
താൻ ചെയ്യുന്നതൊന്നും കുറ്റമാണ് എന്ന് ശോഭ്‌രാജ് ഒരിക്കലും വിശ്വസിച്ചില്ല; അല്ലെങ്കിൽ അയാൾക്കങ്ങനെ തോന്നിയില്ല. എന്താണ് ഒരു മനുഷ്യനെ കൊലയാളിയാക്കുന്നത് എന്ന ഡോ. കൊയ്‌രാളയുടെ ചോദ്യത്തിന് ഓപ്പറേഷൻ ടേബിളിലെ മേശമേൽക്കിടന്ന് പാതിമയക്കത്തിൽ ശോഭ്‌രാജ് മറുപടി പറഞ്ഞു: ‘‘വികാരങ്ങൾ ഡോക്ടർ. ഒന്നുകിൽ നിയന്ത്രിക്കാനാവാത്തവിധം കവിഞ്ഞുമറിയുന്ന വികാരങ്ങൾ. അല്ലെങ്കിൽ തികഞ്ഞ നിർവികാരത. ഈ രണ്ടിലേതെങ്കിലുമൊന്നാണ് ഒരു കൊലയാളിയെ സൃഷ്ടിക്കുന്നത്.’’
Content Highlights: Serial Killer Charles Sobhraj To Be Released From Nepal Jail Today
Published: 23 Dec 2022, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented