
മോസ്‌കോ: യുക്രൈൻ തലസ്ഥാനമായ കീവിൽ വരും ദിവസങ്ങളിൽ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന മുന്നറിയിപ്പുമായി റഷ്യ. കീവിലുള്ള വിദേശ പൗരന്മാരോടും നയതന്ത്ര ഉദ്യോഗസ്ഥരോടും അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാരോടും എത്രയും വേഗം നഗരം വിട്ടുപോകാൻ റഷ്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടു. റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്‌നിലെ ലുഹാൻസ്‌ക് മേഖലയിലെ ഒരു വിദ്യാർത്ഥി ഹോസ്റ്റലിന് നേരെ യുക്രൈൻ ബോധപൂർവം ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ ആരോപിക്കുന്നു. ഇതിൽ 21 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഈ ആക്രമണത്തിന് പകരമായാണ് കീവിന് നേരെ വ്യവസ്ഥാപിതമായ ശക്തമായ തിരിച്ചടിക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ ഉത്തരവിട്ടത്. അതേസമയം തങ്ങൾ തകർത്തത് റഷ്യയുടെ ഒരു പ്രമുഖ ഡ്രോൺ കമാൻഡ് യൂണിറ്റിനെ മാത്രമാണെന്ന് യുക്രൈൻ സൈന്യം വ്യക്തമാക്കി.
കീവിലെ യുക്രെയ്ൻ സൈനിക-വ്യവസായ സമുച്ചയങ്ങൾ, ഡ്രോൺ രൂപകൽപ്പനയും നിർമ്മാണവും നടത്തുന്ന കേന്ദ്രങ്ങൾ, പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന കമാൻഡ് സെന്ററുകൾ എന്നിവ ലക്ഷ്യമിട്ടായിരിക്കും റഷ്യയുടെ ആക്രമണമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കീവിന് നേരെ റഷ്യ നടത്തിയ അതിശക്തമായ ആക്രമണത്തിൽ ആണവായുധം വഹിക്കാൻ ശേഷിയുള്ള, ശബ്ദത്തേക്കാൾ 10 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന 'ഒരെഷ്‌നിക്' ഹൈപ്പർസോണിക് മിസൈൽ റഷ്യ പ്രയോഗിച്ചിരുന്നു. നാല് വർഷത്തോളമായി തുടരുന്ന യുദ്ധത്തിൽ ഇത് മൂന്നാം തവണയാണ് റഷ്യ ഈ അത്യാധുനിക മിസൈൽ ഉപയോഗിക്കുന്നത്.
റഷ്യയുടേത് വെറും ബ്ലാക്ക്മെയിലിംഗ് തന്ത്രം മാത്രമാണെന്നും ഇതിന് വഴങ്ങരുതെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ യുക്രൈനിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിദേശികളോട് കീവ് വിടാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള റഷ്യയുടെ അടിയന്തര മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.
Content Highlights: Russia issues urgent evacuation warning to foreigners in Kyiv., Retaliatory strikes planned following drone attack on Luhansk hostel., Targeting of Ukrainian military-industrial complexes and command centers., Russia confirms use of Oreshnik hypersonic missiles., Ukraine dismisses warning as Russian blackmail tactics.
Published: 26 May 2026, 09:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented