മുംബൈ: ലോകത്ത് ഏറ്റവുമധികം അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് റഷ്യ. ദിവസം പത്തു ദശലക്ഷം വീപ്പയ്ക്കടുത്ത് എണ്ണ അവിടെ ഉത്പാദിപ്പിക്കുന്നു. എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിലെ നിർണായകശക്തി. ഇതെല്ലാമായിരുന്നിട്ടും റഷ്യ അസംസ്കൃത എണ്ണ സംസ്കരിച്ചുള്ള പെട്രോളിനായി മറ്റു രാജ്യങ്ങൾക്കു മുന്നിലെത്തേണ്ട സ്ഥിതിയാണിപ്പോൾ. നാലുവർഷമായി തുടരുന്ന യുക്രൈൻ യുദ്ധമാണ് റഷ്യയെ ഇത്തരമൊരു അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്.

To advertise here,

റിഫൈനറികളിൽ ചിലതിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ ആഭ്യന്തരവിപണിയിൽ പെട്രോളിനു ക്ഷാമമാണ്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനർജിയാണ് ഇന്ത്യയിൽ പെട്രോളിനായി റഷ്യക്ക് ആശ്രയമാകുന്നത്. ആദ്യമായാണ് റഷ്യ ഇന്ത്യയിൽനിന്ന് പെട്രോൾ ഇറക്കുമതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയിൽനിന്ന് പെട്രോളുമായുള്ള ആദ്യ കപ്പൽ ഓഗസ്റ്റ് അഞ്ചിന് റഷ്യയിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. കടലിലെ ചരക്കുനീക്കം നിരീക്ഷിക്കുന്ന കെപ്ലർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നയാര എനർജിയുടെ വാഡിനാറിലുള്ള സംസ്കരണ ശാലയിൽനിന്ന് 42,000 ടൺ പെട്രോളാണ് റഷ്യയിലെത്തിയതെന്നും കെപ്ലർ പറയുന്നു. ജൂൺ 18-നാണ് ഇത് ഇന്ത്യയിൽനിന്നു തിരിച്ചത്.