
മിൻസ്‌ക്/മോസ്‌കോ: പാശ്ചാത്യ രാജ്യങ്ങളെയും നാറ്റോ സഖ്യത്തെയും വെല്ലുവിളിച്ചുകൊണ്ട് റഷ്യയുടെ ഏറ്റവും പുതിയ ഹൈപ്പർ സോണിക് മിസൈലായ 'ഒരേഷ്‌നിക്' (Oreshnik) സഖ്യരാജ്യമായ ബെലാറസിൽ വിന്യസിച്ചു. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഈ മിസൈലുകൾ അയൽരാജ്യമായ ബെലാറസിൽ യുദ്ധസജ്ജമായിക്കഴിഞ്ഞെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ട്രക്കിൽ ഘടിപ്പിച്ച മിസൈലുകൾ ബെലാറസിലേക്ക് എത്തുന്നതിന്റെ വീഡിയോയും റഷ്യ പുറത്തുവിട്ടു.
റഷ്യയുടെ അതിർത്തിക്ക് പുറത്ത് ഒരേഷ്‌നിക് മിസൈലുകൾ സ്ഥിരമായി വിന്യസിക്കുന്നത് ഇതാദ്യമാണ്. ഏകദേശം 10 മിസൈൽ സിസ്റ്റങ്ങൾ ബെലാറസിൽ എത്തിക്കുമെന്ന് ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ വ്യക്തമാക്കി.
ശബ്ദത്തേക്കാൾ 10 മടങ്ങ് വേഗതയിൽ (Mach 10) സഞ്ചരിക്കുന്ന ഈ മിസൈലുകളെ തകർക്കാൻ നിലവിലെ ഒരു വ്യോമപ്രതിരോധ സംവിധാനത്തിനും കഴിയില്ലെന്നാണ് റഷ്യയുടെ അവകാശവാദം. പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നീ നാറ്റോ രാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന ബെലാറസിൽ മിസൈൽ എത്തിയതോടെ യൂറോപ്യൻ നഗരങ്ങൾ റഷ്യയുടെ ആക്രമണ പരിധിയിലായി. വിക്ഷേപിച്ചാൽ വെറും മൂന്ന് മിനിറ്റിനുള്ളിൽ പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സോയിലും 17 മിനിറ്റിനുള്ളിൽ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലും എത്താൻ ഇതിന് സാധിക്കും.
ഒരേസമയം ആറ് ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. 5500 കിലോമീറ്ററാണ് ഇതിന്റെ ആക്രമണപരിധി. യൂറോപ്പിലെവിടെ വേണമെങ്കിലും മിനിറ്റുകൾക്കകം ആക്രമണം നടത്താൻ ഇതിലൂടെ റഷ്യയ്ക്ക് സാധിക്കും.
യുക്രൈൻ യുദ്ധത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഇടപെടുന്നതിനും റഷ്യൻ മണ്ണിലേക്ക് യുക്രൈൻ നടത്തുന്ന ആക്രമണങ്ങൾക്കും മറുപടിയായാണ് ഈ നീക്കം. കിഴക്കൻ ബെലാറസിലെ ക്രിചേവ്-6 വ്യോമതാവളത്തിലാണ് മിസൈലുകൾ വിന്യസിച്ചിരിക്കുന്നതെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചന. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയുള്ള ഈ നീക്കം വലിയ ആശങ്കയാണ് യൂറോപ്പിലുണ്ടാക്കിയിരിക്കുന്നത്. റഷ്യൻ മിസൈൽ വിന്യാസത്തെ അതീവ ഗൗരവത്തോടെയാണ് അമേരിക്കയും നാറ്റോ രാജ്യങ്ങളും കാണുന്നത്. ഈ നീക്കം യൂറോപ്പിലെ സമാധാനാന്തരീക്ഷത്തിന് വലിയ ഭീഷണിയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
Content Highlights: Russia deploys Oreshnik hypersonic missiles in Belarus, capable of carrying nuclear warheads. Learn about its speed, range, and implications for Europe.
Published: 31 Dec 2025, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented