ടെഹ്റാൻ: ഇസ്രയേലിനോടുള്ള ചെറുത്തുനിൽപ്പിൽനിന്ന് പിന്നോട്ടില്ലെന്ന് ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി. അഞ്ച് വർഷത്തിനിടയിലെ ആദ്യത്തെ വെള്ളിയാഴ്ച പ്രഭാഷണത്തിൽ ബദ്ധവൈരിയായ ഇസ്രയേലിനെതിരേ കടുത്ത നിലപാടാണ് അയത്തൊള്ള അലി ഖമീനി പ്രഖ്യാപിച്ചത്.  “നമ്മുടെ അചഞ്ചലമായ വിശ്വാസം ശക്തിപ്പെടുത്തിക്കൊണ്ട് ശത്രുവിനെതിരെ നാം നിലകൊള്ളണം. ഇസ്രയേൽ ദീർഘകാലം നിലനിൽക്കില്ല -അലി ഖമീനി മുന്നറിയിപ്പ് നൽകി. 

To advertise here,

ഇറാനും അവർ പിന്തുണയ്ക്കുന്ന പ്രാദേശിക തീവ്രവാദ സംഘടനകളും വലിയ തിരിച്ചടി നേരിടുന്ന ഘട്ടത്തിലാണ് ഇറാൻ സൈന്യത്തിൻ്റെയും രാജ്യത്തിൻ്റെയും മൊത്തത്തിലുള്ള മനോവീര്യം വർധിപ്പിക്കാനായി അയത്തൊള്ള അലി ഖമീനി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അപൂർവ പ്രഭാഷണത്തിനായി 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിൽ നിർണായക പങ്കുവഹിച്ച ചരിത്രപ്രസിദ്ധമായ ഇമാം ഖമീനി മസ്ജിദാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഒപ്പം  ആയിരക്കണക്കിന് ഇറാനികളെ അഭിസംബോധന ചെയ്യുമ്പോൾ അദ്ദേഹം റഷ്യൻ നിർമിത റൈഫിൾ കൈയിൽ പിടിച്ചിരുന്നു.  

ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഖമീനി പറഞ്ഞു. ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല. അതേസമയം ഇത് നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൃത്യമായ സമയത്ത് നടപടിയുണ്ടാകുമെന്നും ഖമീനി പറഞ്ഞു. ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണ്. അത് ശരിയായിരുന്നു. ഹമാസും ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇറാന്‍ പൊതുശത്രുവിനെ നശിപ്പിക്കും. ഇസ്രയേലിന് തങ്ങളെ ഒരിക്കലും തോല്‍പ്പിക്കാനാകില്ല. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഖമേനി പൊതുപ്രസംഗം നടത്തുന്നത്. ഇസ്രയേലിനെതിരെ വന്‍ മിസൈല്‍ ആക്രമണത്തിന് ശേഷമാണ് ആയത്തുല്ല അലി ഖമേനി വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാനും രാജ്യത്തിന്റെ പദ്ധതികള്‍ സംബന്ധിച്ച ഒരു പൊതു പ്രഭാഷണം നടത്താനും എത്തിയത്.