വാഷിങ്ടണ്‍: യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തും. യുഎസിന്റെ ഭാഗമായ അലാസ്കയില്‍ വെച്ച് ഓഗസ്റ്റ് 15-നാകും കൂടിക്കാഴ്ച നടത്തുകയെന്നാണ് വിവരം. യുദ്ധം അവസാനിപ്പിക്കാനായി റഷ്യയും യുക്രൈനും തമ്മില്‍ കരാര്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തുക.
കൂടിക്കാഴ്ചയുണ്ടാകുമെന്ന് റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു രാഷ്ട്രത്തലവന്മാരും യുക്രൈന് പ്രശ്നത്തില്‍ സമാധാനപരമായ ഒരു ദീര്‍ഘകാല പരിഹാരത്തിലെത്താന്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റഷ്യന്‍ വക്താവ് യുറി ഉഷകോവ് വ്യക്തമാക്കിയത്. അതേസമയം, കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പുതിന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി സംസാരിച്ചു. ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി പുതിന് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍
കൂടിക്കാഴ്ചയെ വളരെ പ്രത്യാശയോടെയാണ് കാണുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'ട്രൂത്തി'ല്‍ കുറിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും കൈവശമുള്ള സ്ഥലങ്ങള്‍ പരസ്പരം കൈമാറുമെന്ന സൂചനയും ട്രംപ് നല്‍കിയിട്ടുണ്ട്.
2022 ഫെബ്രുവരിയിലാണ് റഷ്യന്‍ സൈന്യം യുക്രൈന് അധിനിവേശം ആരംഭിച്ചത്. ഇതുവരെ പതിനായിരക്കണക്കിന് സൈനികരാണ് ഇരുഭാഗത്തുമായി മരിച്ചുവീണത്. സാധാരണക്കാരും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകള്‍ യുക്രൈനില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഒട്ടേറെ കെട്ടിടങ്ങളും തകര്‍ന്നു. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കിയുമായി ചര്‍ച്ച നടത്താന്‍ പുതിന് ഇതുവരെ തയ്യാറായിട്ടില്ല. വെടിനിര്‍ത്തല്‍ കൊണ്ടുവരാനുള്ള ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ റഷ്യ തള്ളുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിന് യുഎസിലേക്ക് ചര്ച്ചയ്ക്കായെത്തുന്നത്. 2021-ന് ശേഷം ആദ്യമായാണ് യു.എസ്, റഷ്യന്‍ പ്രസിഡന്റുമാര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. അലാസ്കയിലെ ചര്‍ച്ചയ്ക്ക് ശേഷം തുടര്‍ചര്‍ച്ചകള്‍ക്കായി ട്രംപിനെ റഷ്യയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
Content Highlights: Putin & Trump to Meet on Ukraine Peace Talks
Published: 09 Aug 2025, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented