സെയ്ന്റ് പീറ്റേഴ്‌സ് ബർഗ്: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. റഷ്യ സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നൽകുമെന്ന് കൂടിക്കാഴ്ചയിൽ പുതിൻ വാഗ്ദാനംചെയ്തു. റഷ്യയിലെ സെയ്ന്റ് പീറ്റേഴ്‌സ് ബർഗിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ് ഇറാൻജനത കടന്നുപോകുന്നതെന്ന് പറഞ്ഞ പുതിൻ, എത്രയും പെട്ടെന്ന് സമാധാനം പുലരുമെന്നും ഇറാൻ ഈ സാഹചര്യത്തെ അതിജീവിക്കുമെന്നും കൂട്ടിച്ചേർത്തു. ഇറാന്റെ താത്പര്യങ്ങളെ പിന്തുണയ്ക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും തങ്ങളാൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് പുതിൻ പറഞ്ഞു. ഇറാനിലും മറ്റു പ്രാദേശിക രാജ്യങ്ങളിലും സമാധാനം പുലരുന്നതിനായി മോസ്കോ പ്രതിജ്ഞാബദ്ധമാണെന്ന് പുതിൻ പറഞ്ഞതായി ഇറാൻ സ്റ്റേറ്റ് മീഡിയ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം എനിക്ക് ലഭിച്ചു. ഇതിന് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. ഇറാനെപ്പോലെ റഷ്യയും തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നുവെന്നും പുതിൻ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയോടെയാണ് ഇറാൻ വിദേശകാര്യമന്ത്രി റഷ്യയിൽ എത്തിയത്. അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഇറാനും റഷ്യയും എപ്പോഴും കൂടിയാലോചന നടത്തുന്നുണ്ടെന്ന് അരാഗ്ചി പറഞ്ഞു. സമീപകാലത്ത് ഈ ബന്ധത്തിൽ ഒരു വിടവുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നയതന്ത്രപരമായി അതൊക്കെ പരിഹരിക്കപ്പെടുന്നുണ്ടെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിൽ വിശാല കൂടിയാലോചനകൾ നടത്തുന്നതിന്റെ ഭാഗമായി പാകിസ്താനിലേക്കും ഒമാനിലേക്കും സമീപകാലത്ത് ഇറാൻ വിദേശാകാര്യമന്ത്രി സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യയിലും എത്തിയിരിക്കുന്നത്. സന്ദർശനത്തിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.
Content Highlights: Vladimir Putin pledges full support to Iran during a meeting in St. Petersburg., Abbas Araghchi emphasizes the strengthening of diplomatic ties between Moscow and Tehran., Putin expresses commitment to regional peace and overcoming current challenges., The meeting follows Araghchi's recent diplomatic visits to Pakistan and Oman.
Published: 27 Apr 2026, 08:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented