
വത്തിക്കാന്‍ സിറ്റി: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച ഈസ്റ്ററിനോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. എല്ലാ ബന്ദികളേയും വിട്ടയയ്ക്കണമെന്ന് ഹമാസിനോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഗാസയില്‍ പട്ടിണി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടക്കുകയാണെന്നും നിരവധിപേര്‍ക്ക് ജീവഹാനിയുണ്ടാകുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി. യുക്രൈന്‍ യുദ്ധത്തേയും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ പരാമര്‍ശിച്ചു.
കടുത്ത ന്യുമോണിയയെ തുടര്‍ന്ന് അഞ്ചാഴ്ച ആശുപത്രിവാസം വേണ്ടിവന്ന മാര്‍പാപ്പ അതിനുമുന്‍പ് തന്നെ ഗാസയിലെ ഇസ്രയേല്‍ സൈനികാധിനിവേശത്തെ അപലപിച്ചിരുന്നു. ഗാസയിലെ ജനങ്ങളുടെ അവസ്ഥ തീവഗുരുതരവും ലജ്ജാകരവുമാണെന്നാണ് മാര്‍പാപ്പ ജനുവരിയില്‍ വിശേഷിപ്പിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ വിശ്വാസികള്‍ക്കായി അദ്ദേഹം അല്‍പനേരം ചെലവിട്ടിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന മാര്‍പാപ്പ ഇപ്പോഴും ചികിത്സ തുടരുകയാണ്. അതിനാല്‍ത്തന്നെ പൊതുചടങ്ങുകളില്‍നിന്ന് മാര്‍പാപ്പ വിട്ടുനില്‍ക്കുകയാണ്. ആയിരക്കണക്കിന് വിശ്വാസികളാണ് ഞായറാഴ്ചത്തെ ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കായി റോമിലെത്തിച്ചേര്‍ന്നത്.
Content Highlights: Pope Francis urged an immediate ceasefire in Gaza during his Easter message
Published: 20 Apr 2025, 09:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented