
ന്യൂയോര്‍ക്ക്: യു.എസിലെ കൊളംബിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികളെ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റുചെയ്ത് നീക്കി. 1968-ലെ പൗരാവകാശ പ്രക്ഷോഭത്തിന്റെയും വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന്റെയും പ്രധാന സമരകേന്ദ്രമായിരുന്ന സര്‍വകലാശാലയിലെ ഹാമില്റ്റണ് ഹാളില്‍ നിലയുറപ്പിച്ച പ്രതിഷേധക്കാരെ രണ്ടാം നിലയിലെ ജനാലയില്‍കൂടി അകത്തുകയറിയാണ് അറസ്റ്റ് ചെയ്തത്.
നിലവിൽ അമ്പതോളം പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. പോലീസ് നടപടിയിൽ ആര്‍ക്കും പരിക്കുകളില്ലെന്ന് ന്യൂയോര്‍ക്ക് പോലീസ് വ്യക്തമാക്കിയതായി അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു.
പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുമെന്ന് സര്‍വകലാശാല അറിയിച്ചിരുന്നു. കാമ്പസിനകത്ത് പ്രതിഷേധക്കാർ കെട്ടിയ 120-ഓളം കൂടാരങ്ങള്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. അതിനു വിസമ്മതിച്ചതോടെ തിങ്കളാഴ്ചമുതല്‍ അധികൃതർ അച്ചടക്കനടപടി സ്വീകരിച്ചുതുടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിഷേധക്കാര്‍ ഹാമില്റ്റണ് ഹാളിലേക്ക് നീങ്ങിയത്.
ചൊവ്വാഴ്ച രാത്രിയോടെ സർവകലാശാലയിലെത്തിയ ന്യൂയോര്‍ക്ക് പോലീസ് 11 മണിയോടെ കാമ്പസില്‍നിന്ന് ഒഴിഞ്ഞ് പോകണമെന്ന് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച മാത്രം നാല് കാമ്പസുകളില്നിന്നായി 275-ഓളം പ്രക്ഷോഭകരെയാണ് അറസ്റ്റുചെയ്തത്. ഏപ്രില്‍ 18 മുതല്‍ 800-ലേറെപ്പേര്‍ അറസ്റ്റുചെയ്യപ്പെട്ടെന്നാണ് വിവരം. ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് 100 പേരും സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് 80 പേരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് 72 പേരും ഇന്ത്യാന യൂണിവേഴ്സിറ്റിയില്‍നിന്ന് 23 പേരുമാണ് ശനിയാഴ്ച അറസ്റ്റിലായത്.
അമേരിക്കയിലെ ടെക്സസ്, കാലിഫോര്‍ണിയ, വിര്‍ജീനിയ, നോര്‍ത്ത് കരോലിന, ന്യൂ മെക്സിക്കോ, കണക്ടിക്കട്ട്, ഉട്ടാ എന്നിവടങ്ങളിലുള്ള കാമ്പസുകളില്‍ നിന്നായി ഏപ്രില്‍ 18 മുതല്‍ 1000 പലസ്തീൻ അനുകൂല പ്രതിഷേധകരെയെങ്കിലും അറസ്റ്റു ചെയ്തിട്ടുണ്ട്. മേയ് 17 വരെ യൂണിവേഴ്സിറ്റിയില്‍ പോലീസ് സാന്നിധ്യം ഉണ്ടാകണമെന്ന് സർവകലാശാല അധികൃതർ ആവശ്യപ്പെട്ടതായി റിപ്പോട്ടുണ്ട്.
Read more: അമേരിക്കൻ കാംപസുകൾ അസ്വസ്ഥമാകുമ്പോൾ
Content Highlights: Police clear pro-Palestinian protesters from Columbia University’s Hamilton Hall
Published: 01 May 2024, 12:08 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented