റാവലകോട്ട്: പാക് അധിനിവേശ കാശ്മീരിൽ (POK) അശാന്തി പടരുന്നതിനിടെ ഇന്ത്യൻ ജനതയോട് സഹായം അഭ്യർത്ഥിച്ച് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) നേതാവ് സർദാർ അമൻ ഖാൻ. പാകിസ്താൻ ഭരണകൂടം തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ച് മുസാഫറാബാദ്, റാവലകോട്ട് എന്നിവിടങ്ങളിൽ ജനങ്ങൾ നടത്തുന്ന പ്രതിഷേധം തുടരുന്നതിനിടെയാണ് അമൻ ഖാന്റെ അഭ്യർത്ഥന.

To advertise here,

പാക് ഭരണകൂടത്തിന്റെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജൂലൈ അഞ്ചിന് പുതിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സഹായം അഭ്യർഥിച്ചുകൊണ്ടുള്ള അമന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ഭരണകൂടത്തിന്റെ ക്രൂരതയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ ഒന്നിച്ച് ശബ്ദമുയർത്താൻ ശ്രീനഗർ, ലഡാക്ക്, പൂഞ്ച്, രജൗരി, ജമ്മു എന്നിവിടങ്ങളിലെ ജനങ്ങൾ പാക് അധിനിവേശ കാശ്മീരിലെ താമസക്കാർക്കൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളണമെന്ന് പ്രതിഷേധ നേതാവ് അഭ്യർഥിച്ചു. പ്രതിഷേധക്കാരെ അടിച്ചമർത്താൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രക്ഷോഭത്തെ തകർക്കാൻ ഭക്ഷണ വിതരണം പോലും തടഞ്ഞുവെച്ചിരിക്കുകയാണെന്നും വീഡിയോ സന്ദേശത്തിൽ അമൻ ആരോപിക്കുന്നു. 'ഞങ്ങൾ അതിക്രമങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ഭക്ഷണം പോലും അവർ തടഞ്ഞിരിക്കുന്നു.' അദ്ദേഹം പറഞ്ഞു.

ഭക്ഷണത്തിനും മരുന്നിനും നേരിടുന്ന ദൗർലഭ്യവും സമാധാനപരമായ പോരാട്ടങ്ങളെ അടിച്ചമർത്തുന്ന നടപടികളും ഈ പ്രദേശത്തെ മനുഷ്യാവകാശ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി സന്നദ്ധപ്രവർത്തകരെ പാക് സൈന്യം അറസ്റ്റ് ചെയ്തതായും പ്രാദേശിക തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ സംഘടനകൾ ആഹ്വാനം ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നൂറുകണക്കിന് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും രാജ്യത്തിന്റെ 'ഫോർത്ത് ഷെഡ്യൂൾ' വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ നീക്കം പണിമുടക്കുകൾക്കും അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്കും വഴിവെച്ചു.

'മുസാഫറാബാദും റാവലകോട്ടും കേന്ദ്രീകരിച്ച് പാക് അധിനിവേശ കാശ്മീരിലുടനീളം പ്രതിഷേധം കാട്ടുതീ പോലെ പടരുകയാണ്' അമൻ പറഞ്ഞു. ജൂലൈ അഞ്ചിന് തങ്ങളുടെ അടുത്ത നീക്കം സംഘടന പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 38 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനങ്ങളുടെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ഒരു പ്രധാന സംഘടനയാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി. സാമ്പത്തിക പരിഷ്‌കാരങ്ങൾ, പ്രാദേശിക വിഭവങ്ങളുടെ സമമല്ലാത്ത വിതരണം അവസാനിപ്പിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ.

1947-ന് ശേഷം പാകിസ്താനിൽ സ്ഥിരതാമസമാക്കിയ കശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്ത 12 നിയമസഭാ സീറ്റുകൾ നിർത്തലാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഈ സീറ്റുകൾ പാക് നേതാക്കളെ പ്രാദേശിക രാഷ്ട്രീയത്തിൽ ഇടപെടാനും ജനവികാരത്തിന് വിരുദ്ധമായ സർക്കാരുകളെ അധികാരത്തിലേറ്റാനും സഹായിക്കുന്നുവെന്ന് പ്രതിഷേധക്കാർ വാദിക്കുന്നു. അർദ്ധസൈനിക വിഭാഗങ്ങളുടെ അമിതമായ വിന്യാസം കുറയ്ക്കണമെന്നും രാഷ്ട്രീയ വരേണ്യവർഗത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് മറ്റൊരു പ്രധാന ആവശ്യം.

അതേസമയം മേഖലയിൽ സുരക്ഷാ സേന സൈനിക നടപടി ആരംഭിച്ചതോടെ പ്രതിഷേധം ശക്തമായെന്നും, ഇത് മാരകമായ ഏറ്റുമുട്ടലുകൾക്കും പ്രദേശത്തുടനീളം ഇന്റർനെറ്റ് വിച്ഛേദിക്കുന്നതിനും കാരണമായെന്നും മുൻ ഇന്ത്യൻ ആർമി ഓഫീസർ മേജർ ജനറൽ എ.കെ. സിവാച്ച് പറഞ്ഞു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം ജെഎഎസിയെ നിരോധിക്കാനുള്ള പാകിസ്താന്റെ തീരുമാനം വലിയൊരു സുരക്ഷാ നടപടിക്ക് കാരണമായെന്നും സിവാച്ച് ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള ഭരണപ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്ത പക്ഷം.. കൂടുതൽ സ്വയംഭരണം, പൂർണ സ്വാതന്ത്ര്യം അല്ലെങ്കിൽ ഇന്ത്യയുമായുള്ള അടുത്ത സഹകരണം എന്നിവയെക്കുറിച്ച് പ്രദേശത്തെ ജനങ്ങൾക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും സിവാച്ച് പറഞ്ഞു.

പാക് സൈന്യം മുമ്പ് മേഖലയിലെ ജനങ്ങൾക്ക് ആയുധങ്ങൾ നൽകിയിരുന്നതായി അമൻ ഖാൻ പരസ്യമായി പ്രസ്താവിച്ചിരുന്നു. ഇത് പാകിസ്താന്റെ നിലപാടുകൾക്ക് വിരുദ്ധമാണെന്നും അതിർത്തി കടന്നുള്ള തീവ്രവാദ ഗ്രൂപ്പുകളെ പാകിസ്താൻ പിന്തുണയ്ക്കുന്നുവെന്ന അന്താരാഷ്ട്ര ആരോപണങ്ങളെ ശരിവെക്കുന്നതാണെന്നും സിവാച്ച് അഭിപ്രായപ്പെട്ടു. പാകിസ്താൻ ഒരേസമയം സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വർധിച്ചുവരുന്ന ഭീകരവാദവും നേരിടുകയാണെന്ന് സിവാച്ച് പറഞ്ഞു. വിലക്കയറ്റവും വർധിച്ചുവരുന്ന കടബാധ്യതയും സൈന്യവും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ഭിന്നതയും ഭരണത്തെ ദുർബലപ്പെടുത്തിയെങ്കിലും, സൈന്യത്തിന് നിയന്ത്രണമുള്ളതിനാൽ ഒരു ആഭ്യന്തരയുദ്ധത്തിന് സാധ്യത കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'എന്നാൽ വ്യവസ്ഥാപിതമായ സ്ഥാപനപരമായ തകർച്ചയ്ക്ക് വലിയ സാധ്യതയുണ്ട്.' അദ്ദേഹം പറഞ്ഞു. പ്രാദേശിക പ്രക്ഷോഭങ്ങളും സാമ്പത്തിക പ്രയാസങ്ങളും പാകിസ്താനെ ദീർഘകാല അസ്ഥിരതയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്നും പാക് അധിനിവേശ കാശ്മീരിലെ സംഭവവികാസങ്ങൾ അവിടുത്തെ ഭരണകൂടത്തിന് വലിയ വെല്ലുവിളിയായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ പാകിസ്താന്റെ ഇത്തരം നടപടികളെ അപലപിച്ചിട്ടുണ്ട്.