
നികോസിയ: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൈപ്രസിലെത്തി. ജി7 ഉച്ചകോടിക്ക് കാനഡയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സൈപ്രസ് സന്ദർശനം. രാജ്യത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്‌റ്റൊഡുലീഡെസ് നേരിട്ട് വിമാനത്താവളത്തിലെത്തി. രണ്ട് പതിറ്റാണ്ടിനിടെ സൈപ്രസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ആദ്യത്തെ രാജ്യം കൂടിയാണ് സൈപ്രസ്.
ജൂണ്‍ 15,16 ദിവസങ്ങളിലായി സൈപ്രസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനന്ത്രി ജി7 ഉച്ചകോടിക്കായി കാനഡയിലേക്ക് തിരിക്കും. സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കും. വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കും.
പ്രസിഡന്റ് നികോസ് ക്രിസ്‌റ്റൊഡുലീഡെസിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി സൈപ്രസിലേക്കെത്തിയത്. മെഡിറ്ററേനിയന്‍ മേഖലയിലെ പ്രധാനപ്പെട്ട സുഹൃദ് രാഷ്ട്രമാണ് സൈപ്രസെന്ന് മോദി എക്‌സില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി ഈ സന്ദര്‍ശനത്തെ കാണുന്നുവെന്നും മോദി പറഞ്ഞു.
സന്ദര്‍ശനത്തെ ചരിത്രപരമെന്നാണ് സൈപ്രസ് പ്രസിഡന്റ് എക്‌സില്‍ കുറിച്ചത്. സഹകരണത്തിന്റെ പുതിയ അധ്യായമാണ് ഇവിടെ ആരംഭിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
മോദിയുടെ സൈപ്രസ് സന്ദര്‍ശനം നയതന്ത്ര ബന്ധത്തിനു പുറമെ അന്തര്‍ദേശീയ താത്പര്യത്തിനും അനുസരിച്ചുള്ള നീക്കമായാണ് വിലയിരുത്തുന്നത്. പ്രത്യേകിച്ച് തുര്‍ക്കിയുമായുള്ള ബന്ധത്തിന്റെ പേരില്‍. ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ക്ക് തുര്‍ക്കി പാകിസ്താനെ ആയുധം നല്‍കി സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കശ്മീര്‍ വിഷയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുര്‍ക്കി സ്വീകരിക്കുന്നത്.
തുര്‍ക്കിയും സൈപ്രസും തമ്മിലുള്ള ബന്ധവും മികച്ചതല്ല. സൈപ്രസിന്റെ ഒരുഭാഗം തുര്‍ക്കി വംശജരായ വിമതരുടെ കൈവശമാണ്. വിമതരെ തുര്‍ക്കി അംഗീകരിക്കുകയും അവരുടെ കൈവശമുള്ള പ്രദേശത്തെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ സൈപ്രസുമായുള്ള ബന്ധം കൂടുതല്‍ ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്. മാത്രമല്ല ഇന്ത്യയ്ക്ക് ന്യൂക്ലിയര്‍ സപ്ലൈയേഴ്‌സ് ഗ്രൂപ്പിലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലും നിരന്തരം പിന്തുണ നല്‍കിയ രാജ്യമാണ് സൈപ്രസ്.
Content Highlights: PM Modi's first overseas trip after Operation Sindoor includes stops in Cyprus
Published: 15 Jun 2025, 08:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented