മനില: ഫിലിപ്പീൻസിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തെത്തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിവരികയാണ്. സാമൂഹിക മാധ്യങ്ങളിൽ ഇതിനകം നിരവധി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

To advertise here,

ഭൂമി ശക്തമായി കുലുങ്ങിയതോടെ കെട്ടിടങ്ങൾ തകർന്ന് തരിപ്പണമാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ഒരു സ്കൂളിന് പുറത്തുനിന്നുള്ള ദൃശ്യത്തിൽ, മുൻകരുതലിന്റെ ഭാഗമായി വിദ്യാർഥികൾ തുറസ്സായ മൈതാനത്ത് ഒത്തുകൂടുന്നതും ഈ സമയം സ്കൂൾ കെട്ടിടം തകർന്നുവീഴുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണുള്ളത്.

ഫിലിപ്പീൻസിന്റെ തെക്കൻ ദ്വീപായ മിന്ദനാവോയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രധാന ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷം 6.1 തീവ്രതയുള്ള തുടർച്ചലനവും അനുഭവപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഭൂചലനത്തിൽ ഇതുവരെ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും വിനാശകരമായ സുനാമി തിരമാലകൾക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഫിലിപ്പീൻസ് തീരങ്ങളിൽ 3 മീറ്റർ (10 അടി) വരെ ഉയരമുള്ള സുനാമി തിരമാലകൾക്ക് സാധ്യതയുണ്ട്. ഇൻഡോനീഷ്യ, മലേഷ്യ തീരങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മുൻകരുതൽ നടപടിയായി തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ആശുപത്രികളിൽ നിന്നും സ്കൂളുകളിൽ നിന്നും രോഗികളെയും വിദ്യാർഥികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.