വാഷിങ്ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഗുരുതര ആരോപണവുമായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പായി ഹെഗ്സെത്തിന്റെ ഇടനിലക്കാരൻ പ്രമുഖ പ്രതിരോധ കമ്പനികളിൽ വലിയ നിക്ഷേപം നടത്താൻ ശ്രമിച്ചതായാണ് റിപ്പോർട്ട്.

To advertise here,

ഐഷെയേഴ്‌സ് ഡിഫൻസ് ഇൻഡസ്ട്രിയൽസ് ആക്റ്റീവ് ഇടിഎഫിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ഫെബ്രുവരിയിൽ ബാങ്കിങ് ഭീമനായ മോർഗൻ സ്റ്റാൻലിയിലെ ഹെഗ്‌സെത്തിന്റെ ബ്രോക്കർ ബ്ലാക്ക്റോക്കുമായി ബന്ധപ്പെട്ടതായി ഫിനാൻഷ്യൽ ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

ഇറാൻ യുദ്ധം ആരംഭിച്ച സമയത്ത്, ഈ പ്രതിരോധ കമ്പനിക്ക് 12.4% നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

മോർഗൻ സ്റ്റാൻലി ക്ലയന്റുകൾക്ക് വാങ്ങാൻ ഫണ്ട് ലഭ്യമായിരുന്നില്ല എന്നതിനാൽ ഹെഗ്സെത്തിന്റെ ബ്രോക്കർ ചർച്ച ചെയ്ത നിക്ഷേപം ഒടുവിൽ മുന്നോട്ട് പോയില്ലെന്നും ഫിനാൻഷ്യൽ ടൈംസ് പറയുന്നു. പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റൊരു നിക്ഷേപം ബ്രോക്കർ കണ്ടെത്തിയോ എന്നത് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ആരോപണത്തിൽ പെന്റഗൺ വക്താവ് പ്രതികരിച്ചു. ഇത് തികച്ചും തെറ്റായതും കെട്ടിച്ചമച്ചതുമാണെന്നും ചൂണ്ടിക്കാട്ടിയ പെന്റഗൺ വക്താവ് സീൻ പാർണൽ ലേഖനം പിൻവലിക്കാനും ആവശ്യപ്പെട്ടു.

ഹെഗ്സെത്തോ അദ്ദേഹത്തിന്റെ പ്രതിനിധികളോ അത്തരം ഒരു നിക്ഷേപത്തെക്കുറിച്ച് ബ്ലാക്ക്റോക്കിനെ സമീപിച്ചിട്ടില്ലെന്ന് പാർണൽ പറഞ്ഞു. 'ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ രൂപകൽപന ചെയ്ത അടിസ്ഥാനരഹിതമായ, സത്യസന്ധമല്ലാത്ത അപവാദ പ്രചാരണമാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.