ജറുസലേം: യുദ്ധം തരിപ്പണമാക്കിയ ഗാസയിലെ 20 ലക്ഷത്തോളംവരുന്ന പലസ്തീൻകാരെ അറബ് രാഷ്ട്രങ്ങളിലേക്ക് നാടുകടത്താനുള്ള പദ്ധതി പൊളിഞ്ഞതിനുപിന്നാലെ, അവരെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഒഴിപ്പിക്കുന്നതിന് യുഎസും ഇസ്രയേലും ശ്രമിക്കുന്നു. ഗാസക്കാരെ സ്വീകരിക്കണമെന്ന് യുഎസും ഇസ്രയേലും മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടെന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സുഡാൻ, സൊമാലിയ, സൊമാലിയയിൽനിന്ന് ഭിന്നിച്ചുപോയ സൊമാലിലാൻഡ് എന്നിവിടങ്ങളിലെ ഭരണകൂടവുമായാണ് യുഎസ്, ഇസ്രയേൽ ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘യുദ്ധാനന്തര ഗാസാപദ്ധതി’ എന്നുപറഞ്ഞാണ് ഇത് മുന്നോട്ടുവെച്ചിരിക്കുന്നത്. അതേസമയം, നിർദേശം തള്ളിക്കളഞ്ഞെന്ന് സുഡാൻ പ്രതികരിച്ചു. ചർച്ചയെക്കുറിച്ച് സൊമാലിയയും സൊമാലിലാൻഡും പ്രതികരിച്ചിട്ടില്ല.
നിർദേശം അംഗീകരിച്ചാൽ ഈ രാജ്യങ്ങൾക്ക് സാമ്പത്തിക, നയതന്ത്ര, സുരക്ഷാ സഹായങ്ങളും മറ്റു സഹായങ്ങളും കടാശ്വാസവും യുഎസും ഇസ്രയേലും വാഗ്ദാനംചെയ്തിട്ടുണ്ടെന്നാണ് വിവരം. അഞ്ചുവർഷംമുൻപ് ഇസ്രയേലും നാല് അറബ് രാഷ്ട്രങ്ങളും തമ്മിലുണ്ടാക്കിയ അബ്രഹാം ഉടമ്പടിക്ക് മധ്യസ്ഥത വഹിച്ചപ്പോഴും പരസ്പരം പ്രയോജനകരമായ കാര്യങ്ങളിലൂന്നിയുള്ള സഹകരണം എന്ന ഫോർമുലയാണ് ട്രംപ് പ്രയോഗിച്ചത്.
ഗാസക്കാരുടെ അഭിവൃദ്ധിക്കും ക്ഷേമത്തിനുമായി അവരെ അവിടെനിന്ന് കൂടുതൽ മികച്ച ഇടത്തേക്കു മാറ്റുമെന്ന ട്രംപിന്റെ പദ്ധതിയെ സംശയനിഴലിലാക്കുന്നതാണ് പുതിയ നീക്കം. ദാരിദ്ര്യവും പട്ടിണിയും താണ്ഡവമാടുന്ന ഇടങ്ങളാണ് ആഫ്രിക്കൻ രാജ്യങ്ങൾ. അക്രമങ്ങളും ആഭ്യന്തരസംഘർഷങ്ങളും പതിവുകാര്യം.
ഗാസയുടെ പുനർനിർമാണത്തിനായി പലസ്തീൻകാരെ സ്ഥിരമായി മറ്റൊരിടത്തേക്ക് കുടിയൊഴിപ്പിക്കുക എന്നതാണ് ട്രംപിന്റെ നിർദിഷ്ട പദ്ധതി. അതുപ്രകാരം ഗാസയുടെ ഉടമസ്ഥാവകാശം യുഎസ് ഏറ്റെടുക്കുമെന്നും അവിടം ടൂറിസ്റ്റ്-റിയൽ എസ്റ്റേറ്റ് ഹബ്ബാക്കുമെന്നും ട്രംപ് പറയുന്നു. ഒഴിഞ്ഞുപോകുന്ന പലസ്തീൻകാർക്ക് പിന്നീട് ഗാസയിൽ അവകാശമുണ്ടാകില്ല.
നേരത്തേ ഗാസയിൽനിന്നുള്ള അഭയാർഥികളെ സ്വീകരിക്കണമെന്നുപറഞ്ഞ് അയൽരാജ്യങ്ങളായ ജോർദാനും ഈജിപ്തിനുംമേൽ ട്രംപ് സമ്മർദംചെലുത്തിയിരുന്നു. ഇത് അറബ് രാഷ്ട്രങ്ങൾ പാടേ തള്ളിക്കളഞ്ഞു.
പണ്ടുതൊട്ടേ പലസ്തീൻകാരെ മുഴുവൻ കൂട്ടമായി നാടുകടത്തുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തെ വിചിത്രകല്പനയായാണ് ലോകം വിലയിരുത്തിയിരുന്നത്. എന്നാൽ, ട്രംപ് തന്റെ ഗാസാപദ്ധതി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി പങ്കുവെച്ചതോടെ അത് പലസ്തീൻകാരിലും അറബ് രാഷ്ട്രങ്ങളിലും ആശങ്കയുടെ വിത്തിട്ടു. പലസ്തീൻകാരെ ബലപ്രയോഗത്തിലൂടെ മുനമ്പിൽനിന്ന് പുറത്താക്കുന്നത് യുദ്ധക്കുറ്റമാണെന്ന് മനുഷ്യാവകാശസംഘടനകൾ ആരോപിക്കുന്നു.
സുഡാൻ
2020-ൽ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം സാധാരണനിലയിലാക്കാൻ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ച നാലുരാജ്യങ്ങളിലൊന്നാണ് ഉത്തരാഫ്രിക്കൻ രാജ്യമായ സുഡാൻ. അതുപ്രകാരം ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സുഡാനെ യു.എസ്. നീക്കംചെയ്തു. ഇതോടെ അന്താരാഷ്ട്രവായ്പകളും നിയമസഹായവും ലഭ്യമാകാനുള്ള വഴിതുറന്നു. 2023-ൽ സുഡാനിൽ സൈനികവിഭാഗങ്ങൾ തമ്മിലുള്ള കലഹത്തെത്തുടർന്ന് ആഭ്യന്തരയുദ്ധം ഉടലെടുത്തപ്പോഴും ഇസ്രയേൽ അവരുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ല. 61,000 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
*ജനസംഖ്യ-അഞ്ചുകോടി
*2022-ലെ യുഎന്നിന്റെ കണക്കുപ്രകാരം 52.3 ശതമാനംപേരും കൊടുംപട്ടിണിയിൽ
*2024-ലെ ആഗോള പട്ടിണിസൂചികയിൽ 110-ാംസ്ഥാനം
സൊമാലിലാൻഡ്
ആഫ്രിക്കയിലെ സൊമാലി ഉപദ്വീപിലെ രാജ്യങ്ങളിലൊന്ന്. 1991-ൽ സൊമാലിയയിൽനിന്ന് വേർപിരിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും അന്താരാഷ്ട്രതലത്തിൽ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ചിട്ടില്ല. സൊമാലിയ ഇപ്പോഴും സൊമാലിലാൻഡിനുമേൽ അവകാശമുന്നയിക്കുന്നു
-ജനസംഖ്യ-30 ലക്ഷം
-പലസ്തീൻകാരെ സ്വീകരിക്കാൻ സമ്മതിച്ചാൽ സൊമാലിലാൻഡിന്റെ രാഷ്ട്രപദവിക്ക് യുഎസ് പിന്തുണ നൽകിയേക്കും
-യെമെനിലെ ഹൂതികൾ ഇസ്രയേലിനുനേരേ ആക്രമണം നടത്തുന്ന ഏഡൻ കടലിടുക്കിനു സമീപത്തെ തന്ത്രപരമായ സ്ഥാനവും സൊമാലിലാൻഡിനോടടുക്കാൻ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നു.
-ലോകത്തെ ഏറ്റവും വരുമാനം കുറഞ്ഞ രാജ്യങ്ങളിലൊന്ന്
സൊമാലിയ
പലസ്തീൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി കാലങ്ങളായി വാദിക്കുന്നു
-ട്രംപിന്റെ ഗാസാപദ്ധതി തള്ളിക്കളഞ്ഞ അറബ് ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു
-ലോകത്ത് ഏറ്റവും പട്ടിണിയുള്ള രാജ്യം
-ആഗോള പട്ടിണിസൂചികയിൽ അവസാനസ്ഥാനത്ത് (127)
Content Highlights: palestinians may be moved to african countries from gaza
Published: 15 Mar 2025, 10:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented