ഇസ്ലാമാബാദ്: ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) റാഞ്ചിയ ട്രെയിനില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാനാകാതെ പാകിസ്താന്‍ സൈന്യം. 250 ഓളം യാത്രക്കാര്‍ ഇപ്പോഴും ട്രെയിനില്‍ ബന്ദികളാക്കപ്പെട്ടിരിക്കുകയാണ്. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്നത്‌ ഒറ്റപ്പെട്ട ഭൂപ്രദേശമായതിനാലും ബന്ദികളുടെ സുരക്ഷയില്‍ ആശങ്കയുള്ളതിനാലും രക്ഷാ പ്രവര്‍ത്തനം സങ്കീര്‍ണമാണെന്ന് പാക് സര്‍ക്കാര്‍ പറയുന്നു. 

To advertise here,

സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ ധരിച്ച ചാവേറുകള്‍ ബന്ദികള്‍ക്കരികില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ ബുധനാഴ്ച ട്രെയിനിനുള്ളില്‍ കയറി അക്രമികളെ നേരിടുന്നതില്‍ നിന്ന് പാക് സൈന്യം വിട്ടുനിന്നു. 

ചൊവ്വാഴ്ചയാണ് പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോലാനിലെ ഒരു തുരങ്കത്തില്‍ വെച്ച് റെയില്‍ പാളം തകര്‍ത്ത് ബിഎല്‍എ ഒരു പാസഞ്ചര്‍ ട്രെയിന്‍ റാഞ്ചിയത്. 450 ഓളം യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ജയിലിലടക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നാണ് ബിഎല്‍എയുടെ ആവശ്യം.

പാകിസ്താന്‍ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ ബലൂചിസ്ഥാന്‍ നിവാസികളോട് ആവശ്യപ്പെടുന്ന ഒരു വീഡിയോയും ട്രെയിനിനകത്തുള്ള ബിഎല്‍എ അംഗങ്ങളില്‍ ഒരാള്‍ ടെലഗ്രാം വഴി പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, യാത്രക്കാരെ പ്രതീക്ഷിച്ചിരുന്ന ക്വെറ്റ റെയില്‍വേ സ്റ്റേഷനില്‍ നൂറോളം ഒഴിഞ്ഞ ശവപ്പെട്ടികള്‍ കണ്ടതായി ഒരു റോയിട്ടേഴ്‌സ് ജേണലിസ്റ്റ് പറയുന്നു.

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 30 വിഘടനവാദികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. 190 യാത്രക്കാരെ രക്ഷപ്പെടുത്തി. ട്രെയിനിന് നേരെയുണ്ടായ ആക്രമണത്തില്‍ ചില യാത്രക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് രക്ഷപ്പെട്ടവരില്‍ നിന്നുള്ള വിവരം.