
ഇസ്ലാമാബാദ്: പാക് സൈനിക മേധാവിയും പാക് നേതൃത്വവും ഇന്ത്യക്കെതിരേ ഒരു ഭാഗത്ത് യുദ്ധഭീഷണി മുഴക്കുമ്പോൾ മറുഭാഗത്ത് വെള്ളത്തിന് വേണ്ടി ഇന്ത്യയോട് അഭ്യർത്ഥന നടത്തി പാക് വിദേശകാര്യമന്ത്രാലയം. പഹൽ ഗാമിൽ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കിയിരുന്നു. കരാർ പുനരാരംഭിക്കണമെന്നാണ് പാക് വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യർത്ഥന.
പാക് സൈനിക മേധാവി അസിം മുനീറും പാക് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയും ഇന്ത്യക്കെതിരേ യുദ്ധഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ്, സിന്ധുനദീജലക്കരാർ പൂർണ്ണമായി നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ നിർത്തിവെച്ച കരാർ പുനരാരംഭിക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടത്.
സിന്ധുനദി ജല കരാറുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് -8ന് വന്ന തർക്കപരിഹാര കോടതിയുടെ വ്യാഖ്യാനം സ്വാഗതം ചെയ്യുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കരാർ സാധാരണ നിലയിൽ ഉടൻ പുനഃരാരംഭിക്കണമെന്ന് ഇന്ത്യയോട് അഭ്യർഥിക്കുന്നതായാണ് പാക് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറയുന്നത്.
'സുപ്രധാന കണ്ടെത്തലിൽ, പാകിസ്താന് തടസ്സമില്ലാത്ത ഉപയോഗത്തിനായി പടിഞ്ഞാറൻ നദികളിലെ (ചെനാബ്, ഝലം, സിന്ധു) വെള്ളം ഒഴുകാൻ ഇന്ത്യ അനുവദിക്കണം എന്ന് കോടതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജലവൈദ്യുത നിലയങ്ങളുടെ ഉത്പാദനത്തിനുള്ള പ്രത്യേക ഇളവുകൾ ഉടമ്പടിയിൽ പറഞ്ഞിട്ടുള്ള ആവശ്യകതകൾ കർശനമായി പാലിക്കണം'- പാകിസ്താൻ പ്രസ്താവനയിൽ പറയുന്നു.
പാക് സൈനിക മേധാവിയുടെ ആണവ ഭീഷണി ഉണ്ടായത് അടുത്തിടെയാണ്. ഇതിന് പിന്നാലെ പാക് മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയും രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ പാകിസ്താന് കനത്ത നാശനഷ്ടമാണ് വരുത്തിവെച്ചതെന്നും ഇതിനെതിരേ എല്ലാ പാകിസ്താനികളും ഒന്നിക്കണമെന്നായിരുന്നു പാക് മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ ആഹ്വാനം.
പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ മടിക്കില്ലെന്നായിരുന്നു പാക് സൈനിക മേധാവി അസിം മുനീറിന്റെ ഭീഷണി. 'ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകും', എന്നായിരുന്നു ബിസിനസുകാരനും ഓണററി കോണ്‍സുലുമായ അദ്‌നാന്‍ അസദ് ടാമ്പയില്‍ സംഘടിപ്പിച്ച ബ്ലാക്ക്-ടൈ അത്താഴവിരുന്നില്‍ പങ്കെടുത്തവരോട് മുനീര്‍ പറഞ്ഞത്.
Content Highlights: Pakistan Seeks Indus Waters Treaty Revival Amidst War Rhetoric
Published: 12 Aug 2025, 02:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented