ഇസ്ലാമാബാദ്: ഇറാനെതിരെയുള്ള നിലവിലെ സായുധസംഘർഷത്തിനുപിന്നിൽ സയണിസ്റ്റ് പദ്ധതി ഉണ്ടെന്നും അത് പാകിസ്താനെ ഒരു സാമന്ത രാജ്യമാക്കി മാറ്റാൻ ലക്ഷ്യമിടുന്നതാണെന്നും ആരോപിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് രംഗത്ത്. ഇസ്രയേലിന്റെ വിജയം അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ഇറാൻ എന്നിവ ഉൾപ്പെടുന്ന ഒരു ഏകോപിതപദ്ധതിയ്ക്ക് കാരണമായേക്കുമെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ഇറാനുമായി 900 കിലോമീറ്ററിലേറെ അതിർത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്താൻ.

To advertise here,

1948 ൽ ഇസ്രയേൽ രൂപവത്കൃതമായതു മുതൽ ഇസ്ലാമിക ലോകത്തെ ബാധിക്കുന്ന എല്ലാ സംഘർഷങ്ങളിലും സയണിസം പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുവഹിച്ചിട്ടുണ്ടെന്ന് എക്സിലെ ഒരു പോസ്റ്റിൽ പാക് മന്ത്രി ആരോപിച്ചു. മുസ്ലിം ലോകത്തിലെ ഏത് വലിയ സംഘർഷത്തിനും പിന്നിൽ സയണിസ്റ്റ് പ്രത്യയശാസ്ത്രമാണ് പ്രേരകശക്തിയെന്ന് ഖ്വാജ ആസിഫ് അവകാശപ്പെട്ടു. പ്രധാന ആഗോളശക്തികളെ സയണിസം കീഴ്പ്പെടുത്തിയിരിക്കുന്നുവെന്നും ദശാബ്ദങ്ങളായി ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഗതി നിർണ്ണയിക്കുന്നത് സയണിസ്റ്റുകളാണെന്നും ഖ്വാജ അവകാശപ്പെട്ടു.

ഇറാൻ ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടും അവരുടെ മേൽ യുദ്ധം അടിച്ചേൽപ്പിക്കുകയായിരുന്നു എന്നും ഖ്വാജ ആസിഫ് ആരോപിച്ചു. ഈ യുദ്ധം സയണിസ്റ്റുകൾ ആസൂത്രണം ചെയ്തതാണെന്നും ഇസ്രയേലിന്റെ സ്വാധീനം പാകിസ്താന്റെ അതിർത്തികളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ഖ്വാജ അവകാശപ്പെട്ടു. ഇസ്രയേൽ വിജയിച്ചാൽ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവ പാകിസ്താനെതിരെ ഏകീകൃത ശത്രുതാപരമായ അജണ്ട സ്വീകരിക്കുമെന്നും ഇത് രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമല്ലാതാക്കുമെന്നും എല്ലാ വശത്തും ശത്രുക്കളാൽ വലയം ചെയ്ത് പാകിസ്താനെ ഒരു സാമന്ത രാജ്യമാക്കി മാറ്റുമെന്നും ഖ്വാജ കൂട്ടിച്ചേർത്തു. ഈ ഗൂഢാലോചന തിരിച്ചറിയാനും രാഷ്ട്രീയ-മത ഭേദമന്യേ ശത്രുക്കളുടെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കാനും പാക്പൗരരോട് ഖ്വാജ അഭ്യർഥിച്ചു.

പാകിസ്താന്റെ ആണവശക്തി രാജ്യത്ത സയണിസ്റ്റുകളിൽ നിന്ന് സംരക്ഷിക്കുന്നുവെന്നും പാക് സായുധസേനയുടെ ശക്തി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ഖ്വാജ അവകാശപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ ഒരു ആണവ ശക്തിയായി തുടരാൻ ദൈവത്തോട് പ്രാർഥിക്കുന്നതായും പലസ്തീന് സ്വാതന്ത്ര്യം ലഭിക്കട്ടെയെന്നും ഖ്വാജ പറഞ്ഞു.

താലിബാൻ ഭരണം നിലവിലുള്ള അഫ്ഗാനിസ്ഥാനുമായി പാകിസ്താൻ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ 2025 മേയ് മാസത്തിൽ ഇന്ത്യയുമായി ഒരു ചെറിയയുദ്ധം നടന്നിരുന്നു. ഇറാൻ പാകിസ്താന്റെ ബലൂചിസ്ഥാൻ പ്രവിശ്യയുമായി അതിർത്തി പങ്കിടുന്നു, ബലൂചാകട്ടെ പതിറ്റാണ്ടുകളായി കലാപങ്ങളുടെ കേന്ദ്രമാണ്.