ഇസ്ലാമാബാദ്: അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട് രാജ്യത്ത് വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ പ്രതിസന്ധിക്ക് കാരണം മുന്‍ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) മേധാവി ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) ഫായിസ് ഹമീദും പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് സര്‍ക്കാരുമാണെന്ന് പരോക്ഷമായി ആരോപിച്ച് പാക് വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷഖ് ദാർ.
താലിബാന്‍ ഭരണം പിടിച്ചെടുത്ത് ആഴ്ചകള്‍ക്ക് ശേഷം 2021-ല്‍ ഫായിസ് ഹമീദ് കാബൂള്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ദാറിന്റെ വിമര്‍ശനം. ഹമീദിന്റെ കാബൂള്‍ സന്ദര്‍ശനത്തിന്റെ ഒരു വീഡിയോയില്‍, അദ്ദേഹം ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് 'എല്ലാം ശരിയാകും' എന്ന് പറയുന്നതായി കാണാം. ആരുടെയും പേരെടുത്ത് പറയാതെ, ഈ ദൃശ്യത്തെ അടിസ്ഥാനമാക്കിയതാണ് ദാര്‍ വിമര്‍ശനം ഉന്നയിച്ചത്.
'പാകിസ്താന്‍ അവര്‍ക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അഫ്ഗാനിലേക്ക് പോകുമ്പോള്‍ ഒരു കപ്പ് ചായ കുടിക്കാനാണ് വന്നതെന്ന് ഞങ്ങള്‍ പറയാറുണ്ട്. അള്ളാഹു എല്ലാവരുടെയും ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കട്ടെ, പക്ഷേ ആ ഒരു കപ്പ് ചായയ്ക്ക് നമ്മള്‍ വലിയ വില നല്‍കേണ്ടി വന്നു.' ദാര്‍ പറഞ്ഞു.
'ആ ഒരു കപ്പ് ചായ മുഴുവന്‍ അതിര്‍ത്തികളും വീണ്ടും തുറക്കാന്‍ കാരണമായി. ഇവിടെ നിന്ന് പലായനം ചെയ്ത 35,000-40,000 താലിബാന്‍കാര്‍ തിരിച്ചെത്തി. സ്വാത്തില്‍ പാകിസ്താന്റെ പതാക കത്തിക്കുകയും നിരവധി പേരെ രക്തസാക്ഷികളാക്കുകയും ചെയ്ത കൊടും കുറ്റവാളികളെ അന്നത്തെ സര്‍ക്കാര്‍ മോചിപ്പിച്ചു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നീക്കം തീവ്രവാദികള്‍ക്ക് 'വാതിലുകള്‍ തുറന്നുകൊടുക്കുകയും' പാകിസ്താനില്‍ ഭീകരവാദം വീണ്ടും ആളിക്കത്തിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
'ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാജ്യം സ്വയം നിയന്ത്രിക്കണം' എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിടിഐ ഭരണകാലത്ത് അഫ്ഗാന്‍ താലിബാനുമായി ഇസ്ലാമാബാദ് നടത്തിയ നീക്കങ്ങള്‍ എങ്ങനെ തിരിച്ചടിച്ചുവെന്ന് ഒരു മുതിര്‍ന്ന പാക് നേതാവ് നടത്തുന്ന ഏറ്റവും നേരിട്ടുള്ള ഏറ്റുപറച്ചിലുകളില്‍ ഒന്നാണ് ദാറിന്റെ പ്രസ്താവന.
2021-ല്‍ താലിബാന്‍ കാബൂളില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റവും മോശമായ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ദാറിന്റെ ഈ അഭിപ്രായപ്രകടനം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം, പാകിസ്താനി താലിബാന്‍ (ടിടിപി) നേതാക്കളെ ലക്ഷ്യമിട്ട്, അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണങ്ങളെ തുടര്‍ന്നുണ്ടായ അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലുകളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിന് പ്രതികാരമായി, 2,600 കിലോമീറ്റര്‍ അതിര്‍ത്തിയിലുള്ള പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ താലിബാന്‍ സേന ആക്രമണം നടത്തി. പിന്നീട് തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചെങ്കിലും, ഒറ്റപ്പെട്ട അക്രമങ്ങള്‍ തുടരുകയും ഇരുവശത്തും നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്താനില്‍ നിന്ന് പാകിസ്താനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ, യുഎസ് ഭീകരനായി പ്രഖ്യാപിച്ച ടിടിപിയുടെ ഉപനേതാവ് ഖാരി അംജദിനെ വധിച്ചതായി പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. ഇസ്ലാമാബാദിന്റെ വ്യോമാക്രമണങ്ങള്‍ തങ്ങളുടെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് കാബൂള്‍ അപലപിക്കുകയും ടിടിപിക്ക് താവളമൊരുക്കുന്നുവെന്ന ആരോപണം നിഷേധിക്കുകയും ചെയ്തു.
പരിഹാസം നിറഞ്ഞ ദാറിന്റെ പരാമര്‍ശങ്ങള്‍, താലിബാനോടുള്ള വര്‍ഷങ്ങളായുള്ള പാകിസ്താന്റെ പരസ്പരവിരുദ്ധമായ നയങ്ങളെക്കുറിച്ചുള്ള ആഭ്യന്തര വിചിന്തനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരുകാലത്ത് തന്ത്രപരമായി കണ്ടിരുന്ന ഈ ബന്ധം ഇപ്പോള്‍ സ്വയം നശീകരണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Pakistan`s Deputy PM Ishaq Dar points finger at former ISI Chief Faiz Hameed and PTI govt for the escalating Afghanistan-linked security crisis. Learn more.
Published: 06 Nov 2025, 09:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented