ഇസ്ലാമാബാദ്: ഇറാൻ-യുഎസ് യുദ്ധം തുടരുന്നതിനിടെ, പ്രതിരോധ കരാറിന്റെ ഭാഗമായി ഏകദേശം 8,000 സൈനികരെയും യുദ്ധവിമാനങ്ങളെയും സൗദിയിലേക്ക് അയച്ച് പാകിസ്താൻ. ഇറാനുമായുള്ള സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സൗദിയുടെ അതിർത്തികൾ സംരക്ഷിക്കുന്നതിനായി പാകിസ്താൻ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും കൈമാറിയതായാണ് റിപ്പോർട്ട്.
അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്നതിനിടയിലാണ് പാകിസ്താന്റെ പുതിയ നീക്കം. സൗദി അറേബ്യയ്ക്ക് ആണവ സുരക്ഷാ കവചം ഉൾപ്പെടെയുള്ള സൈനിക പിന്തുണ ഉറപ്പാക്കുന്നതാണ് ഈ രഹസ്യ കരാർ. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മേഖലയിൽ വരും ദിവസങ്ങളിൽ കൂടുതൽ നാവിക കപ്പലുകളെയും സൈനികരെയും വിന്യസിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ നീക്കം മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തിയേക്കാം. പരസ്പര പ്രതിരോധ കരാറിന് കീഴിൽ 8,000 സൈനികരെയും, ഒരു സ്‌ക്വാഡ്രൺ യുദ്ധവിമാനങ്ങളെയും, ഒരു വ്യോമ പ്രതിരോധ സംവിധാനവുമാണ് പാകിസ്താൻ സൗദി അറേബ്യയിലേക്ക് അയച്ചിരിക്കുന്നത് എന്ന് പാകിസ്താനിലെ ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയ്ക്ക് നേരെ കൂടുതൽ ആക്രമണമുണ്ടായാൽ സൗദി സൈന്യത്തെ പിന്തുണയ്ക്കാൻ ഉദ്ദേശിച്ചുള്ള ശക്തമായ പോരാട്ട ശേഷിയുള്ള സേനയാണിതെന്ന് പാകിസ്താന്റെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സർക്കാർ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ വിന്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി പാകിസ്താൻ സൈന്യത്തെയും വിദേശകാര്യ ഓഫീസിനെയും സൗദി അറേബ്യൻ ഗവൺമെന്റ് മീഡിയ ഓഫീസിനെയും സമീപിച്ചെങ്കിലും ആരും മറുപടി നൽകാൻ തയ്യാറായില്ല എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഒപ്പിട്ട പ്രതിരോധ കരാറിലെ മുഴുവൻ നിബന്ധനകളും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എങ്കിലും, ഒരു ആക്രമണമുണ്ടായാൽ പാകിസ്താനും സൗദി അറേബ്യയും പരസ്പരം പ്രതിരോധിക്കണമെന്നാണ് ഈ കരാർ വ്യവസ്ഥ ചെയ്യുന്നത്. സൗദി അറേബ്യയെ പാകിസ്താന്റെ ആണവ സംരക്ഷണത്തിന് കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുമ്പ് സൂചിപ്പിച്ചിരുന്നു.
സ്രോതസുകൾ നൽകുന്ന വിവരമനുസരിച്ച്, ഏപ്രിൽ ആദ്യം സൗദി അറേബ്യയിൽ ഏകദേശം 16 വിമാനങ്ങളടങ്ങുന്ന ഒരു പൂർണ സ്‌ക്വാഡ്രനെ പാകിസ്താൻ വിന്യസിച്ചിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും ചൈനയുമായി ചേർന്ന് നിർമ്മിച്ച JF17 യുദ്ധവിമാനങ്ങളാണ്. കൂടാതെ രണ്ട് സ്‌ക്വാഡ്രൺ ഡ്രോണുകളെയും പാകിസ്താൻ അയച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
ആവശ്യമെങ്കിൽ കൂടുതൽ അയയ്ക്കുമെന്ന ഉറപ്പോടെ ഏകദേശം 8,000 സൈനികരെയും ചൈനീസ് HQ9 വ്യോമപ്രതിരോധ സംവിധാനത്തെയുമാണ് വിന്യസിച്ചിരിക്കുന്നത്. ഈ സൈനിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് പാകിസ്താൻ ഉദ്യോഗസ്ഥരാണെങ്കിലും ഇതിനുള്ള സാമ്പത്തിക സഹായം നൽകുന്നത് സൗദി അറേബ്യയാണ്.
സൈനിക, വ്യോമസേന ഉദ്യോഗസ്ഥർക്ക് പ്രാഥമികമായി ഉപദേശക, പരിശീലന ചുമതലകളായിരിക്കും ഉണ്ടാവുക. മുൻപത്തെ കരാറുകൾ പ്രകാരം സൗദിയിൽ നിലയുറപ്പിച്ചിട്ടുള്ള ആയിരക്കണക്കിന് പാകിസ്താൻ സൈനികർക്ക് പുറമെയാണ് ഈ പുതിയ വിന്യാസം. പാകിസ്താന്റെ യുദ്ധക്കപ്പലുകൾ സൗദി അറേബ്യയിൽ എത്തിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ, സൗദിയിലെ പ്രധാന ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു സൗദി പൗരൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് പാകിസ്താൻ സൗദിയിലേക്ക് വിമാനങ്ങൾ അയച്ചതായി റോയിട്ടേഴ്‌സ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംഘർഷം വ്യാപിക്കുമെന്നുമുള്ള ആശങ്കകൾ വർധിപ്പിച്ചിരുന്നു.
കഴിഞ്ഞ ആറാഴ്ചയായി തുടരുന്ന യുഎസ്-ഇറാൻ വെടിനിർത്തലിന് പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നതിന് മുൻപായിരുന്നു ഈ സംഭവം. ഇതുവരെ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചത് ഇസ്ലാമാബാദ് ആയിരുന്നു, എന്നാൽ തുടർന്ന് നടത്താനിരുന്ന ചർച്ചകൾ ഇരുപക്ഷവും റദ്ദാക്കുകയായിരുന്നു.
സൗദി അറേബ്യയ്ക്കുള്ളിൽ നടന്ന ആക്രമണങ്ങൾക്ക് പ്രതികാരമായി ഇറാനെതിരെ പരസ്യപ്പെടുത്താത്ത നിരവധി ആക്രമണങ്ങൾ സൗദി നടത്തിയിരുന്നതായി റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു. ചരിത്രപരമായി പാകിസ്താൻ സൗദി അറേബ്യയ്ക്ക് പരിശീലനവും ഉപദേശക സേവനങ്ങളും ഉൾപ്പെടെയുള്ള സൈനിക പിന്തുണ നൽകി വരുന്നുണ്ട്. എന്നാൽ, ഇറാനും യുഎസിനും ഇടയിൽ മധ്യസ്ഥത വഹിക്കുന്നതിനിടയിൽ പാകിസ്താൻ നടത്തിയ ഈ പുതിയ നീക്കം രാജ്യത്തിന്റെ നിലപാടുകളെ ചോദ്യമുനയിലാക്കിയിട്ടുണ്ട്.
Content Highlights: Deployment of 8,000 Pakistani troops to Saudi Arabia. Includes a squadron of JF-17 fighter jets and Chinese HQ-9 air defence systems. Strategic move under a confidential mutual defence pact signed last year. Pakistan acts as a mediator in the US-Iran conflict while reinforcing Saudi security. Potential for future escalation up to 80,000 troops based on pact terms.
Published: 18 May 2026, 06:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented