
ഇസ്ലാമാബാദ്: ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' സമിതിയിൽ പാകിസ്താൻ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. ബുധനാഴ്ച നടന്ന യോഗത്തിൽ പാകിസ്താൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പാകിസ്താൻ ഈ സമിതിയുടെ ഭാഗമാകുന്നത്. ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കുക, ഗാസയുടെ പുനർനിർമാണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് സമിതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പാകിസ്താൻ പ്രത്യാശ പ്രകടിപ്പിച്ചു.
1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി, അൽ-ഖുദ്‌സ് അൽ-ഷെരീഫ് (ജറുസലേം) തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരമുള്ളതുമായ പലസ്തീൻ രാജ്യം രൂപവത്കരിക്കണമെന്ന നിലപാടിലാണ് പാകിസ്താൻ ഉറച്ചുനിൽക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്ക് അനുസൃതമായി ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പലസ്തീൻ ജനതയുടെ സ്വയംഭരണാവകാശം ഉറപ്പാക്കാൻ ഈ നീക്കത്തിലൂടെ സാധ്യമാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രധാന നീക്കത്തിന്റെ ഭാഗമായി പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ സ്വിറ്റ്‌സർലൻഡിലെ ദാവോസിലേക്ക് തിരിച്ചു. ദാവോസിൽ അദ്ദേഹം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനൊപ്പം ഡൊണാൾഡ് ട്രംപിനെ കാണാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ, സമിതിയിൽ അംഗമാകുന്നതിന് നിശ്ചയിച്ചിട്ടുള്ള ഒരു ബില്യൺ ഡോളർ അംഗത്വ ഫീസ് പാകിസ്താൻ നൽകുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം, ഇസ്രായേലുമായി സഹകരിച്ചുള്ള ഈ നീക്കത്തിനെതിരെ പാകിസ്താനിലെ ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള പാർട്ടികളും ലഷ്കർ-ഇ-തൊയ്ബയും ചില നിരോധിത ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്.
ആഗോള സംഘർഷങ്ങൾ പരിഹരിക്കാൻ ട്രംപ് വിഭാവനം ചെയ്ത ഈ സമിതിയിൽ ഹംഗറി, ഇസ്രായേൽ, യു.എ.ഇ തുടങ്ങി ഇരുപതിലധികം രാജ്യങ്ങൾ അംഗങ്ങളാണ്. 'ബോർഡ് ഓഫ് പീസ്' സമിതിയിൽ അംഗമാകുന്നതിന് ഇന്ത്യയെയും ട്രംപ് ക്ഷണിച്ചിരുന്നെങ്കിലും ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Content Highlights: Pakistan officially joins Donald Trump`s `Board of Peace` to achieve lasting peace in Gaza, aid reconstruction, and support a Palestinian state.
Published: 21 Jan 2026, 10:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented