ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രതിഷേധക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. നിലവിലെ പ്രക്ഷോഭങ്ങളെ 'രാജ്യദ്രോഹത്തിന്റെ തുടക്കം' എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഭരണഘടനയുടെ അഞ്ചാം അനുച്ഛേദം അനുസരിച്ച് രാഷ്ട്രത്തോടുള്ള വിശ്വസ്തത അനിവാര്യമാണെന്നും അത് ലംഘിക്കുന്നത് തെറ്റാണെന്നും ഖ്വാജ ആസിഫ് എക്സിൽ കുറിച്ചു.

To advertise here,

ഭരണഘടനാപരമായ വാദങ്ങൾക്ക് പുറമെ മതപരമായ കാര്യങ്ങളും ആസിഫ് തന്റെ പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമിയിൽ അഴിമതിയും കുഴപ്പവുമുണ്ടാക്കുന്നവർക്കും അല്ലാഹുവിനോടും പ്രവാചകനോടും യുദ്ധം പ്രഖ്യാപിക്കുന്നവർക്കുമുള്ള ശിക്ഷയെക്കുറിച്ച് പരാമർശിക്കുന്ന ഖുറാൻ വചനങ്ങളും ഖ്വാജ ആസിഫ് പങ്കുവെച്ചു.

ഇതിനിടെ, ജോയിന്റ് ആവാമി ആക്ഷൻ കമ്മിറ്റി നേതാക്കളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പാകിസ്താൻ അധികൃതർ പ്രഖ്യാപിച്ചു. നാല് പ്രതിഷേധക്കാർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും രണ്ട് നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക സഹായം, സബ്‌സിഡി നിരക്കിൽ ഗോതമ്പ് മാവ്, കുറഞ്ഞ വൈദ്യുതി നിരക്ക് എന്നിവ ആവശ്യപ്പെട്ടാണ് മാസങ്ങൾക്ക് മുൻപ് മേഖലയിൽ പ്രതിഷേധങ്ങൾ ആരംഭിച്ചത്. എന്നാൽ പിന്നീട് ഇത് അധികാരികളുമായുള്ള വലിയ ഏറ്റുമുട്ടലായി പരിണമിക്കുകയായിരുന്നു.

പാക് അധീന കശ്മീരിലെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പാകിസ്താന്റെ പരാജയത്തെ ഇന്ത്യയും രൂക്ഷമായി വിമർശിച്ചു. പ്രതിഷേധക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ പാകിസ്താൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ തെളിവാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇക്കാര്യത്തിൽ പാകിസ്താനെ ഉത്തരവാദിത്വമുള്ളവരാക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.