ഇസ്ലാമാബാദ്: പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച് ഇസ്രയേലും ഇറാനും തമ്മിലുള്ള അടിയും തിരിച്ചടിയും തുടരുകയാണ്. ഇതിനിടെ, ഇസ്രയേല്‍ ആണവാക്രമണം നടത്തിയാല്‍ ഇറാനുവേണ്ടി പാകിസ്താന്‍ ആണവായുധം പ്രയോഗിക്കുമെന്ന ഇറാന്റെ വാദം തള്ളി പാകിസ്താന്‍ രംഗത്തെത്തി. അത്തരം വാഗ്ദാനങ്ങള്‍ ഇറാന് നല്‍കിയിട്ടില്ലെന്നും സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി മാത്രമേ ആണവായുധം പ്രയോഗിക്കൂവെന്നും പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി. 'എക്‌സി'ല്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആസിഫ് ഇക്കാര്യം വ്യക്തമാക്കിയത്. 

To advertise here,

പാകിസ്താന്‍ ആണവായുധ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുള്ളതായി ഇറാന്റെ ഉന്നത ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച സ്‌റ്റേറ്റ് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'ഇസ്രയേല്‍ ആണവ മിസൈലുകള്‍ പ്രയോഗിച്ചാല്‍ തങ്ങളും ആണവായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പാകിസ്താന്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്.' എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) സീനിയര്‍ ജനറലും ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ മുഹ്‌സിൻ റെസായി പറഞ്ഞത്. 

എന്നാല്‍, ഇറാന്റെ ഈ വാദത്തെ തീര്‍ത്തും തള്ളിക്കൊണ്ടുള്ള പ്രതികരണമാണ് പാകിസതാന്‍ പുറത്തുവിട്ടത്. 'ഞങ്ങളുടെ ആണവശക്തി ഞങ്ങളുടെ ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കാന്‍ വേണ്ടി ഉള്ളതാണ്. ഞങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ തുനിയുന്നവരുടെ യുദ്ധതന്ത്രങ്ങളെ അടിസ്ഥാനമാക്കിയായിരക്കും ആണവായുധം പ്രയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അതല്ലാതെ, ഇസ്രയേല്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ, അതിര്‍ത്തി പങ്കിടുന്ന ദുര്‍ബലരായ രാജ്യങ്ങളെ ആക്രമിച്ച് കീഴടക്കുന്നതല്ല പാകിസ്താന്റെ രീതി.' ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി. 

'അന്താരാഷ്ട്ര ആണവായുധ നിർവ്യാപന കരാരിൽ ഒപ്പുവെച്ചിട്ടുള്ള രാജ്യമാണ് പാകിസ്താന്‍. അതിനെ ഭേദിച്ചുകൊണ്ട് ഞങ്ങള്‍ ഒന്നും ചെയ്യില്ല. എന്നാല്‍, ഇസ്രയേലിന്റെ കാര്യം അങ്ങനെയല്ല. ഇത്തരത്തിലുള്ള ഒരു ഉടമ്പടിയിലും ഒപ്പുവെച്ചിട്ടില്ലാത്ത, ലോകത്ത് നിലനില്‍ക്കുന്ന ഒരുതരത്തിലുള്ള നിബന്ധനകളും ബാധകമല്ലാത്ത ഇസ്രയേലിന്റെ പക്കലുള്ള ആണവായുധത്തെ ലോകം ഭയക്കേണ്ടത് തന്നെയാണ്.' പാകിസ്താന്‍ പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.