ഇസ്താബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന പാകിസ്താന്‍-അഫ്ഗാനിസ്താന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന രണ്ടാംഘട്ട ചര്‍ച്ചയാണ് തീരുമാനമാകാതെ അവസാനിച്ചതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ചെയ്തു. ചര്‍ച്ചയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളുടെയും വക്താക്കൾ പരസ്പരം പഴിചാരി രംഗത്തെത്തുകയുംചെയ്തു.
പാകിസ്താന്‍-അഫ്ഗാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഖത്തറും തുര്‍ക്കിയും ഇടപെട്ട് നേരത്തേ മധ്യസ്ഥശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 19-ന് ദോഹയില്‍ നടന്ന മധ്യസ്ഥചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു. തുടര്‍ന്ന് സമാധാനശ്രമങ്ങളുടെ ഭാഗമായുള്ള രണ്ടാംഘട്ട ചര്‍ച്ചയാണ് ഇസ്താംബൂളില്‍ നടന്നത്. എന്നാല്‍, ഈ ചര്‍ച്ചയില്‍ തീരുമാനമൊന്നും ഉരുത്തിരിഞ്ഞില്ല. പിന്നാലെ പാകിസ്താനും അഫ്ഗാനിസ്താനിലെ താലിബാന്‍ വക്താക്കളും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തുകയുംചെയ്തു.
'പാകിസ്താനി താലിബാന്‍' എന്നറിയപ്പെടുന്ന ഭീകരസംഘടനയായ തെഹ്‌രീകെ താലിബാന്‍ പാകിസ്താനെ(ടിടിപി) നിയന്ത്രിക്കാന്‍ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം തയ്യാറല്ലെന്നായിരുന്നു പാകിസ്താന്‍ സുരക്ഷാവക്താവിന്റെ പ്രതികരണം. പാകിസ്താനി താലിബാനെച്ചൊല്ലിയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയതെന്ന് അഫ്ഗാനിലെ താലിബാന്‍ വക്താക്കളും വ്യക്തമാക്കി. അതേസമയം, പാകിസ്താനി താലിബാന് മേല്‍ തങ്ങള്‍ക്ക് നിയന്ത്രണമില്ലെന്ന് ചര്‍ച്ചയില്‍ പറഞ്ഞതായും താലിബാന്‍ അറിയിച്ചു.
ഇസ്താംബൂളില്‍ നടന്ന ചര്‍ച്ചയില്‍ താലിബാന്‍ സഹകരണം വാഗ്ദാനംചെയ്‌തെങ്കിലും രേഖാമൂലമുള്ള ഉറപ്പ് വേണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട്‌ചെയ്തു. പാകിസ്താനി താലിബാന്‍ പാകിസ്താന്റെ ആഭ്യന്തരസുരക്ഷാ വിഷയമാണെന്നായിരുന്നു താലിബാന്റെ നിലപാട്. അഫ്ഗാന്റെ മണ്ണ് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നില്ലെന്നും താലിബാന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. പാകിസ്താന്റെ യുക്തിരഹിതമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും താലിബാന്‍ തുറന്നുപറഞ്ഞു. യുഎസ് ഡ്രോണുകള്‍ പാകിസ്താനില്‍നിന്ന് തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കരുതെന്ന ആവശ്യവും താലിബാന്‍ മുന്നോട്ടുവെച്ചു. എന്നാല്‍, പാകിസ്താന്‍ ഇതും അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, സുരക്ഷാപ്രശ്‌നങ്ങളില്‍ കരാറില്ലെങ്കില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരര്‍ക്ക് നേരേ ആക്രമണം തുടരുമെന്നായിരുന്നു പാകിസ്താന്‍ പ്രതിനിധിസംഘം ചര്‍ച്ചയില്‍ പറഞ്ഞത്. ഇതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ അവസാനിച്ചതെന്നും അതേസമയം, മധ്യസ്ഥത വഹിക്കുന്ന തുര്‍ക്കിയും ഖത്തറും പ്രശ്‌നം പരിഹരിക്കാനുള്ള വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇസ്താംബൂളിലെ ചര്‍ച്ച പരാജയപ്പെട്ടത് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണയെയും ബാധിച്ചേക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. അഫ്ഗാനിസ്താന്‍ സമാധാനം ആഗ്രഹിക്കുന്നുവെന്നാണ് താന്‍ കരുതുന്നതെന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ശനിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍, ഇസ്താംബൂളില്‍ ഒരു കരാറിലെത്താന്‍ സാധിക്കാതിരുന്നാല്‍ അതിനര്‍ഥം തുറന്നയുദ്ധമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞിരുന്നു.
Content Highlights: Pakistan-Afghanistan Peace Talks Collapse in Istanbul: Blame Game Escalates
Published: 28 Oct 2025, 08:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented