കാഠ്മണ്ഡു: രാജവാഴ്ചയും ഹിന്ദുരാജ്യ പദവിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്‌ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നടന്ന പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടത് രണ്ടു പേർ. വെള്ളിയാഴ്ച കാഠ്മണ്ഡുവില്‍  സുരക്ഷാ സേനയും രാജഭരണത്തെ അനുകൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു പ്രതിഷേധക്കാരനും ഒരു ക്യാമറാമാനും കൊല്ലപ്പെട്ടത്. അക്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 112 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ അക്രമവുമായി ബന്ധപ്പെട്ട് 105 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

To advertise here,

അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കാഠ്മണ്ഡുവിന്റെ കിഴക്കന്‍ ഭാഗത്ത് ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ശനിയാഴ്ച സര്‍ക്കാര്‍ പിന്‍വലിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4.25-നാണ് തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമായതോടെയാണ് മൂന്ന് സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ചത്. 

വെള്ളിയാഴ്ചത്തെ പ്രകടനത്തിനിടെ പ്രതിഷേധക്കാര്‍ വീടുകളും മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്‌നിക്കിരയാക്കി. സുരക്ഷാവലയം ഭേദിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ വഷളായി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ, പ്രതിഷേധക്കാര്‍ വ്യാപാര സമുച്ചയം, ഒരു ഷോപ്പിങ് മാള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടി ആസ്ഥാനം, മാധ്യമസ്ഥാപനത്തിന്റെ കെട്ടിടം എന്നിവയ്ക്ക് തീയിട്ടു. 

നേപ്പാളിന്റെ ദേശീയ പതാക വീശിയും മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങള്‍ പിടിച്ചുമാണ് ആയിരക്കണക്കിന് രാജവാഴ്ച അനുകൂലികള്‍ ഒത്തുകൂടിയത്. രാജ്യത്തെ രക്ഷിക്കാന്‍ രാജാവ് വരട്ടെ, 'അഴിമതി നിറഞ്ഞ സര്‍ക്കാര്‍ തുലയട്ടെ', 'ഞങ്ങള്‍ക്ക് രാജവാഴ്ച തിരികെ വേണം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധിച്ചത്. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയും (ആര്‍.പി.പി.) മറ്റ് ഗ്രൂപ്പുകളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.