വാഷിങ്ടൺ: ഇറാനുനേരെ വളരെ രൂക്ഷമായ ആക്രമണം നടത്തിയേക്കുമെന്ന  ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവായുധങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട ചർച്ചക്ക് തയ്യാറാവാത്ത പക്ഷം അടുത്ത ആക്രമണം 'വളരെ രൂക്ഷമായിരിക്കും' എന്നാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്.  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

To advertise here,

അമേരിക്കയുടെ വിമാനവാഹിനി കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ നയിക്കുന്ന അമേരിക്കയുടെ വലിയ നാവികപ്പട മേഖലയിലേക്ക് നീങ്ങുന്നുണ്ടെന്നും ആവശ്യമെങ്കിൽ വേഗതയോടെയും ആക്രമണ സ്വഭാവത്തോടെയും ദൗത്യം നിറവേറ്റാൻ അവർ സദാ സന്നദ്ധരാണെന്നും കഴിവുള്ളവരാണെന്നും ട്രംപ് വ്യക്തമാക്കി.

മൂന്ന് യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ യുഎസ്എസ് എബ്രഹാം ലിങ്കൺ ചൊവ്വാഴ്ച പശ്ചിമേഷ്യയിൽ പ്രവേശിച്ചിരുന്നു. യുഎസ്- ഇറാൻ ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പശ്ചിമേഷ്യയിലേക്ക് യുഎസ് യുദ്ധക്കപ്പലുകളും എത്തിയത്. ഇതിനുപിന്നാലെയാണ് ട്രംപിന്റെ ഭീഷണി. സമയം വളരെ പ്രധാനമാണ് എന്നുപറഞ്ഞ ട്രംപ്, ആണവായുധങ്ങൾ സംബന്ധിച്ചുള്ള ന്യായവും തുല്യവുമായ ഉടമ്പടി തയ്യാറാക്കുന്നതിനായി ഇറാൻ ഉടൻ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. 

'ഇറാൻ അധികം വൈകാതെ ചർച്ചകൾക്കായി ഒരു മേശക്ക് മുന്നിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ആണവായുധങ്ങൾ വേണ്ടെന്ന കരാറിനായുള്ള ചർച്ചകൾ നടക്കും. അതായിരിക്കും എല്ലാ കക്ഷികൾക്കും നല്ലത്. സമയം തീർന്നുകൊണ്ടിരിക്കുകയാണ്, സത്യത്തിൽ അതാണ് ഏറ്റവും പ്രധാനപ്പെട്ടത്.' അദ്ദേഹം ട്രൂത്ത് സോഷ്യലിൽ എഴുതി.

'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' എന്ന് വിളിക്കപ്പെടുന്ന മുൻ അമേരിക്കൻ ആക്രമണത്തെപ്പറ്റി പരാമർശിച്ചുകൊണ്ട് ഇറാൻ പഴയ തെറ്റുകൾ ആവർത്തിക്കരുതെന്നും അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. 'അടുത്ത ആക്രമണം വളരെ മോശമായിരിക്കും! അത് വീണ്ടും സംഭവിക്കാൻ ഇടവരുത്തരുത്.' ട്രംപ് ഭീഷണിപ്പെടുത്തി. 'സൈനിക ഭീഷണികളിലൂടെയുള്ള നയതന്ത്രം ഫലപ്രദമോ ഉപകാരപ്രദമോ ആകാൻ സാധ്യതയില്ല' എന്ന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ പുതിയ ഭീഷണി.

ഇറാനിലെ നിലവിലെ അസ്വസ്ഥതകൾക്കിടയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പിരിമുറുക്കവും വർധിക്കുകയാണ്. സർക്കാർ അടിച്ചമർത്തലിനെതിരായ പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ഇറാനിൽ കൊല്ലപ്പെട്ടിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകരുടെ കണക്കുകൾ പ്രകാരം ഇറാനിൽ ഇതുവരെ 6,200-ൽ അധികം മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിൽ ഭൂരിഭാഗവും പ്രതിഷേധക്കാരാണ്. എന്നാൽ ശരിക്കുള്ള മരണസംഖ്യ ഇതിലും അധികമാണെന്നാണ് അവർ അവകാശപ്പെടുന്നത്. 42,000-ൽ അധികം അറസ്റ്റുകൾ ഉണ്ടായിട്ടുണ്ട്.

ഇതിനിടെ, ഇറാനിയൻ ഉദ്യോഗസ്ഥർ അമേരിക്കയുമായി സഖ്യത്തിലുള്ള അറബ് രാജ്യങ്ങളുമായി രഹസ്യ നയതന്ത്ര ചർച്ചകൾ നടത്തിവരികയാണെന്നും റിപ്പോർട്ടുണ്ട്.  ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽ താനിയുമായി സംസാരിച്ചു. അതേസമയം, അബ്ബാസ് അറാഖ്ചിയും അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദെലാട്ടി അറാഖ്ചിയും പ്രത്യേകം കൂടിക്കാഴ്ച നടത്തി.