ടെൽ അവീവ്: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിനെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിനെ ഒറ്റിക്കൊടുക്കുകയും ജൂതസമൂഹത്തെ ഉപേക്ഷിക്കുകയും ചെയ്ത ദുർബലനായ രാഷ്ട്രീയക്കാരനാണ് അൽബനീസ് എന്നായിരുന്നു നെതന്യാഹുവിന്റെ പരാമർശം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ അധിക്ഷേപം.
'ചരിത്രം അൽബനീസിനെ ഓർമ്മിക്കുന്നത് അദ്ദേഹം എന്തായിരുന്നോ അതിന്റെ പേരിലായിരിക്കും: ഇസ്രയേലിനെ ഒറ്റിക്കൊടുക്കുകയും ഓസ്ട്രേലിയയിലെ ജൂതന്മാരെ ഉപേക്ഷിക്കുകയും ചെയ്ത ഒരു ദുർബലനായ രാഷ്ട്രീയക്കാരൻ.' എക്സിൽ നെതന്യാഹു പോസ്റ്റ് ചെയ്തു.
തീവ്ര ഇസ്രയേലി വലതുപക്ഷ നേതാവായ സിംച റോത്ത്മാനെ ഓസ്ട്രേലിയ സന്ദർശിക്കുന്നതിൽനിന്ന് വിലക്കിയതിനെ തുടർന്നാണ് നെതന്യാഹുവിന്റെ രൂക്ഷ വിമര്‍ശനം. ഇതിന് തിരിച്ചടിയായി പലസ്തീൻ അതോറിറ്റിയിലേക്കുള്ള ഓസ്ട്രേലിയയുടെ പ്രതിനിധികളുടെ വിസ ഇസ്രയേലും റദ്ദാക്കി.
യുഎൻ ജനറൽ അസംബ്ലിയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചതു മുതൽ ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത രൂക്ഷമായി വരുകയാണ്. ഇസ്രയേലി ഭരണമുന്നണിയിലെ അംഗമായ റോത്ത്മാൻ സന്ദർശനത്തിനായി പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഓസ്ട്രേലിയ വിസ റദ്ദാക്കുന്നത്. ഓസ്ട്രേലിയൻ ജൂത അസോസിയേഷൻ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു റോത്ത്മാന്റെ ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ലക്ഷ്യം.
വിസ അനുവദിച്ച ശേഷമാണ് ഓസ്ട്രേലിയ അത് റദ്ദാക്കിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും ഓസ്ട്രേലിയയിലെ ഇസ്രയേൽ അംബാസഡർ അമീർ മൈമോൻ പറഞ്ഞു.
Content Highlights: Benjamin Netanyahu accuses Australian Prime Minister anthony albanese of 'betraying' Israel
Published: 20 Aug 2025, 01:34 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented