
ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും ഇസ്രയേൽ സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾക്കിടയിലാണ് നടപടി.
അൽ-ജസീറയ്ക്ക് പൂട്ടിടുന്ന കാര്യം എക്സിലൂടെയാണ് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു, ഇത് സർക്കാരിന്‍റെ ഏകകണ്ഠമായ തീരുമാനമാണ്', നെതന്യാഹു എക്സിൽ കുറിച്ചു.
ഹമാസിന്റെ ദൂതർക്ക് ഇസ്രയേലിൽ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് ഇസ്രയേൽ മന്ത്രി സ്ലോമോ കാർഹി നെതന്യാഹുവുമായിചേർന്നുള്ള സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അൽ ജസീറ ഉടൻതന്നെ പൂട്ടി ഉപകരണങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രി അറിയിച്ചു.
ഇസ്രയേലിന്‍റെ നടപടിയെ അൽ-ജസീറ അപലപിച്ചു. ലോകം മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിച്ചതിന് തൊട്ടുപിന്നാലെ അഭിപ്രായ സ്വാതന്ത്ര്യം എന്ന അടിസ്ഥാനതത്വത്തെ ഹനിച്ചുകൊണ്ട് അല്‍ ജസീറയുടെ ഓഫീസിന് ഇസ്രയേല്‍ പൂട്ടിയിരിക്കുകയാണ്. ഇസ്രയേല്‍ സര്‍ക്കാരിന്റെ ഈ കുറ്റകരമായ നീക്കത്തെ അപലപിക്കുന്നുവെന്നും അല്‍ ജസീറ എക്‌സില്‍ കുറിച്ചു. 140-ലധികം പലസ്തീന്‍ മാധ്യപ്രവര്‍ത്തകര്‍ക്ക് ഗാസയിലെ യുദ്ധത്തില്‍ ജീവന്‍ നഷ്ടമായെന്നും മാധ്യപ്രവര്‍ത്തകരെ ലക്ഷ്യംവെക്കുന്നത് കുറ്റകരമാണെന്നും അല്‍ ജസീറ ചൂണ്ടിക്കാട്ടുന്നു.
'എളുപ്പത്തിൽ വിജയംനേടുന്നതിനുള്ള ഇസ്രയേലിലെ തീവ്രവലതുപക്ഷ മന്ത്രിമാരുടെ പ്രചാരണ'ത്തിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഇസ്രയേലിലെ അൽ ജസീറ ഓഫീസുകളുടെ ചുമതല വഹിക്കുന്ന വാലിദ് അൽ ഒമാരി പ്രതികരിച്ചു.
അൽ- ജസീറയുടെ വെബ്സൈറ്റും ഇനി ഇസ്രയേലിൽ പ്രവർത്തിക്കില്ല. എന്നാൽ, ഇസ്രയേൽ അധീന വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കാൻ ചാനലിന് നിയമപരമായി നിയന്ത്രണങ്ങളില്ല. യുദ്ധം നടക്കുന്ന ഗാസ മുനമ്പിലും നിയന്ത്രണങ്ങൾ ബാധകമല്ല. യുദ്ധ ഭൂമിയിൽനിന്ന് ഇപ്പോഴും അൽ-ജസീറ തൽസമയ സംരക്ഷണം നടത്തുന്നുണ്ട്. വിദേശ ചാനലുകളെ നിരോധിക്കാൻ അധികാരം നൽകുന്ന ദേശീയ സുരക്ഷാ നിയമം ഇസ്രയേൽ പാസാക്കിയത് കഴിഞ്ഞ മാസമാണ്.
ഒക്ടോബർ ഏഴ് മുതലുള്ള ഔദ്യോഗിക കണക്കുകൾപ്രകാരം ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ ഇതുവരെ സ്ത്രീകളും കുട്ടികളുമുൾപ്പടെ 34,683 പേർ മരണപ്പെട്ടു. 97 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി 'കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്'-ന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
Content Highlights: Netanyahu: govt to 'close' Al Jazeera TV in Israel
Published: 05 May 2024, 08:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented