കാഠ്മണ്ഡു:  ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി ഓക്‌സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ 10 തവണ കീഴടക്കിയ നേപ്പാളി പര്‍വതാരോഹകന്‍ അന്തരിച്ചു. ആങ് റിത ഷെര്‍പ എന്ന 72 കാരനാണ് താന്‍ സൃഷ്ടിച്ച ലോകറെക്കോര്‍ഡുകളുടെ മായാത്ത മുദ്ര ബാക്കിയാക്കി കടന്നുപോയത്. കാഠ്മണ്ഡുവില്‍ വെച്ച് കരള്‍, മസ്തിഷ്‌ക രോഗങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ആങ് റിത ഷെര്‍പ മരണത്തിന് കീഴടങ്ങിയത്. 

To advertise here,

1983 മുതല്‍ 1996 വരെയുള്ള കാലത്ത്‌ 10 തവണയോളം ഇദ്ദേഹം പര്‍വതാരോഹകര്‍ സാധാരണ ഉപയോഗിക്കാറുള്ള ഓക്‌സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ തന്നെ എവറസ്റ്റ് കൊടുമുടി കയറിയത്‌. 2017ല്‍ ഇദ്ദേഹത്തെ തേടി ഗിന്നസ് ലോക റെക്കോര്‍ഡുമെത്തി. ആങ് റിത ഷെര്‍പ സ്ഥാപിച്ച ലോക റെക്കോര്‍ഡിന് ഇന്നും ഇളക്കമില്ലാതെ തുടരുന്നു. 

1983 ലാണ് ഇദ്ദേഹം ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കുന്നത്. 1987 ലെ മഞ്ഞുകാലത്തും ഓക്‌സിന്‍ ബോട്ടില്‍ ഉപയോഗിക്കാതെ എവറസ്റ്റിന്റെ 8.848 കിലോമീറ്റര്‍ ഉയരവും കീഴടക്കി ലോകത്തെ അത്ഭുതപ്പെടുത്തി. ഇതോടെ ആറ് റിത ഷെര്‍പയ്ക്ക് ഒരു വിളിപ്പേരും കിട്ടി 'ഹിമപ്പുലി'. 

ഹിമാലയത്തിലെ ആവാസവ്യവസ്ഥയെയും പരിതസ്ഥിതികളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു ഇദ്ദേഹം. ആങ് റിത ഷെര്‍പയുടെ നിര്യാണത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

കാഠ്മണ്ഡുവില്‍ സൂക്ഷിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മൃതദേഹം ഈ ആഴ്ചതന്നെ ആചാരപ്രകാരം സംസ്‌കരിക്കും.

Content Highlights: His skill at climbing earned him the nickname Snow Leopard