
ഭരണവിരുദ്ധവികാരത്തില്‍ മുങ്ങിയ നേപ്പാളിലെ സാമൂഹികമാധ്യമങ്ങളില്‍ ഭാവിഭരണാധികാരിയായി ഒരു പേര് പ്രചരിക്കുന്നുണ്ട്. റാപ്പര്‍ ബലേന്‍. ''പ്രിയ ബലേന്‍, നേതൃത്വമേറ്റെടുക്കൂ. നേപ്പാള്‍ നിങ്ങളുടെ പിന്നിലുണ്ട്'' എന്നതരത്തിലാണ് സാമൂഹികമാധ്യമങ്ങളിലെ മുറവിളി.ഒരിക്കല്‍ റാപ്പ് ഗാനങ്ങള്‍ പാടിനടന്ന ബലേന്റെ ശരിപ്പേര് ബലേന്ദ്ര ഷാ. നിലവില്‍ കാഠ്മണ്ഡു മേയര്‍. വയസ്സ് 35. അടുത്തപ്രധാനമന്ത്രിയായി ജെന്‍ സീ വിപ്ലവകാരികള്‍ ഉയര്‍ത്തിക്കാട്ടുന്നത് ബലേനെയാണ്.
1990-ല്‍ കാഠ്മണ്ഡുവില്‍ ജനിച്ച ബലേന്‍, നേപ്പാളില്‍ സിവില്‍ എന്‍ജിനിയറിങ് പഠിച്ചു. ഇന്ത്യയിലെ വിശ്വേശ്വരയ്യ െടക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍നിന്ന് സ്ട്രക്ചറല്‍ എന്‍ജനിയറിങ്ങില്‍ ബിരുദാനന്തരബിരുദം. രാഷ്ട്രീയത്തിലിറങ്ങുംമുന്‍പ് നേപ്പാളിലെ ഹിപ്പോപ്പ് ഗാനരംഗത്ത് സജീവമായിരുന്നു. അഴിമതി, അസമത്വം എന്നിവയ്‌ക്കെതിരേ പാട്ടുകളെഴുതിപ്പാടി.
2022-ല്‍ കാഠ്മണ്ഡു മേയര്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു. 61,000-ലേറെ വോട്ടിനു ജയിച്ചു. ജെന്‍ സീ പ്രക്ഷോഭങ്ങള്‍ക്ക് ബലേന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. പ്രക്ഷോഭത്തിനിറങ്ങുന്നവര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതിനാലാണ് തെരുവിലിറങ്ങാത്തതെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
കൊടിയിലെ 'വണ്‍ പീസ്'
തലയോട്ടിയിലൊരു മഞ്ഞയും ചുവപ്പും തൊപ്പി. നേപ്പാള്‍ സര്‍ക്കാരിനെ താഴെയിറക്കിയ യുവപ്രക്ഷോഭകാരികളുടെ കൊടിയടയാളമായിരുന്നു ജാപ്പനീസ് അനിമീ, മാംഗ പരമ്പരയായ 'വണ്‍ പീസി'ല്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടു പിറന്ന ഈ ചിഹ്നം. സ്വാതന്ത്ര്യം, ധൈര്യം, വിപ്ലവം എന്നിവയുടെ പ്രതീകമായാണ് ഇത് കൊടിയടയാളമായത്.
വാഗ്ദാനം സ്ഥിരത; പാലിക്കാനാകാതെ പടിയിറക്കം
കാഠ്മണ്ഡു: മുന്‍കാലങ്ങളില്‍ പല സര്‍ക്കാരുകളെയും അട്ടിമറിച്ച പാരമ്പര്യമുള്ള നേപ്പാളിലെ കമ്യൂണിസ്റ്റ് അതികായന്‍ കെ.പി.എസ്. ഒലി, 2024-ല്‍ മൂന്നാമതും അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തെ രാഷ്ട്രീയസ്ഥിരതയിലേക്ക് നയിക്കുമെന്ന പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍, വിദ്യാര്‍ഥിപ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തിയ സ്വന്തം നടപടി അദ്ദേഹത്തിനും പുറത്തേക്കുള്ള വഴിതുറന്നു.
കഴിഞ്ഞ 17 വര്‍ഷത്തിനിടെ 14 സര്‍ക്കാരുകള്‍ ഭരിച്ച ചരിത്രമുള്ള നേപ്പാളിന്റെ രാഷ്ട്രീയ-ഭരണവ്യവസ്ഥിതിയെ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നയിക്കുന്നതാണ് ഈ പടിയിറക്കം.
2024 ജൂലായിലാണ് ഒലി മൂന്നാമതും നേപ്പാളിന്റെ പ്രധാനമന്ത്രിയാകുന്നത്. ഒരുകാലത്ത് തന്റെ സുഹൃത്തായിരുന്ന പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡയുമായി തെറ്റിപ്പിരിയുകയും ദീര്‍ഘകാല എതിരാളിയായിരുന്ന നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവും മുന്‍പ്രധാനമന്ത്രിയുമായിരുന്ന ഷേര്‍ ബഹാദൂര്‍ ദ്യൂബയുമായി കൈകോര്‍ക്കുകയും ചെയ്തായിരുന്നു അത്. രാജ്യത്ത് രാഷ്ട്രീയസ്ഥിരത കൊണ്ടുവരുമെന്നായിരുന്നു ഒലി നല്‍കിയ ഉറപ്പ്.
2021 മേയ് 13 മുതല്‍ ജൂലായ് 13 വരെ അന്നത്തെ പ്രസിഡന്റ് ബിന്ദ്യാദേവി ഭണ്ഡാരിയുടെ പ്രത്യേകനിയമനത്താലാണ് അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നത്. ജൂലായില്‍ സുപ്രീംകോടതി ഒലിയുടെ പ്രധാനമന്ത്രി പദത്തിലെ അവകാശവാദം ഭരണഘടനാവിരുദ്ധമാണെന്ന് വിധിക്കുകയായിരുന്നു.
1952-ല്‍ കിഴക്കന്‍ നേപ്പാളിലെ ചെര്‍ഹാത്തൂമിലാണ് ജനനം. വസൂരിബാധിച്ച് അമ്മ മരിച്ചതോടെ അമ്മൂമ്മയാണ് വളര്‍ത്തിയത്. ഒന്‍പതാം ക്ലാസില്‍ പഠിത്തം നിര്‍ത്തി രാഷ്ട്രീയത്തില്‍ ചേരുകയായിരുന്നു. ജയിലില്‍ക്കഴിയുന്ന കാലത്ത് ആര്‍ട്സില്‍ ഇന്റര്‍മീഡിയറ്റ് കോഴ്സ് പാസായി.
1969-ല്‍ രാജവാഴ്ചയ്‌ക്കെതിരേയുള്ള ബഹുജനപ്രക്ഷോഭത്തില്‍ വിദ്യാര്‍ഥിസംഘടനാപ്രതിനിധിയായി പങ്കെടുത്ത് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. 1970-ലാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. രാജവാഴ്ചയ്‌ക്കെതിരേയുള്ള കലാപത്തില്‍ പങ്കെടുത്തതിന് 1973 മുതല്‍ 1987 വരെ 14 വര്‍ഷം ജയില്‍വാസം. ജയില്‍മോചിതനായശേഷം നേരിട്ട് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടക്കപ്പെട്ടു. 1991-ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1994-95-ല്‍ ആഭ്യന്തരമന്ത്രിയായിരുന്നു. 2014 മുതല്‍ പാര്‍ട്ടിയുടെ ചെയര്‍മാനായി. 2024 ജൂലായിലാണ് ഒലി നേപ്പാളിന്റെ പ്രധാനമന്ത്രിയായിമൂന്നാമത് സ്ഥാനമേറ്റത്
ഇന്ത്യയോട് തെറ്റിയും അടുത്തും
കടുത്ത ചൈനാ അനുകൂല നിലപാടുകാരനാണ് നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഎന്‍-യുഎംഎല്ലിന്റെ ചെയര്‍മാനായ ഒലി. 2015 ഒക്ടോബറിലാണ് ആദ്യം പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്. 11 മാസത്തെ ഭരണത്തിനിടെ ഇന്ത്യയുമായി പലതവണ ഉടക്കി. നേപ്പാളിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നെന്നും തന്റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചു.
എന്നാല്‍, 2018 ഫെബ്രുവരിയില്‍ രണ്ടാംതവണ പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യയുമായി അടുത്തു. രാജ്യത്തിന്റെ അഭിവൃദ്ധിക്കായി ഇന്ത്യയുമായുള്ള സാമ്പത്തികപങ്കാളിത്തം ശക്തമാക്കുമെന്ന് വാഗ്ദാനം ചെയ്തു. കാളീനദിക്കു കിഴക്കുള്ള ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ മൂന്ന് ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നേപ്പാളിന്റെ പുതുക്കിയ രാഷ്ട്രീയഭൂപടം 2020-ല്‍ ഇറക്കിയത് ഒലി സര്‍ക്കാരാണ്. അത് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളാക്കി.
Content Highlights: Kathmandu Mayor Balen Shah, a former rapper, is gaining traction as a potential future leader nepal
Published: 10 Sept 2025, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented