കാഠ്മണ്ഡു: സാമൂഹികമാധ്യമ നിരോധനവും സര്‍ക്കാരിന്റെ അഴിമതിയും കാരണം തെരുവിലിറങ്ങിയ നേപ്പാളിലെ യുവത ജനപ്രതിനിധികളെയും കൈകാര്യംചെയ്തു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും സ്വകാര്യ വസതികളും പാര്‍ട്ടി ഓഫീസുകളും അഗ്നിക്കിരയാക്കിയ പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിന് തീയിട്ടു. ഇതിനിടെയാണ് കണ്മുന്നില്‍ കണ്ട ജനപ്രതിനിധികളെയും രാഷ്ട്രീയനേതാക്കളെയും നിഷ്‌കരുണം ആക്രമിച്ചത്. മുന്‍ പ്രധാനമന്ത്രി ഝലാല്‍നാഥ് ഖനാലിന്റെ ഭാര്യ റബി രാജ്യലക്ഷ്മി ചിത്രകാറിനെ ചുട്ടുകൊല്ലുകയുംചെയ്തു. കാഠ്മണ്ഡുവിലെ ഡല്ലുവിലെ വീടിന് തീയിട്ടപ്പോഴാണ് റബി രാജ്യലക്ഷ്മി വീടിനുള്ളില്‍ കുടുങ്ങി വെന്തുമരിച്ചത്. 

To advertise here,

മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ, ധനകാര്യ മന്ത്രി ബിഷ്ണു പ്രസാദ് പൗഡേല്‍ തുടങ്ങിയവരാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികളുടെ ക്രൂരമായ ആക്രമണത്തിനിരയായത്. ദുബെയുടെ വീട് ആക്രമിച്ച പ്രക്ഷോഭകാരികള്‍ അദ്ദേഹത്തെയും ഭാര്യയായ അര്‍സു ദുബെയെയും ആക്രമിക്കുകയായിരുന്നു. നേപ്പാളിലെ വിദേശകാര്യമന്ത്രിയാണ് അര്‍സു ദുബെ. ചോരയൊലിക്കുന്നനിലയിലുള്ള ഷേര്‍ ബഹാദൂര്‍ ദുബെയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സൈന്യം എത്തിയാണ് ഇരുവരെയും രക്ഷിച്ചത്. ഇതിനിടെ ധനകാര്യമന്ത്രിയായ ബിഷ്ണുപ്രസാദ് പൗഡേലിനെ തെരുവിലിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന മന്ത്രിയെ ഒരാള്‍ ചവിട്ടിവീഴ്ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. 

അതിനിടെ, സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതോടെ കാഠ്മണ്ഡു വിമാനത്താവളം ഉള്‍പ്പെടെയുള്ള മേഖലകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ചൊവ്വാഴ്ച അര്‍ധരാത്രി സൈനികമേധാവി പ്രക്ഷോഭകാരികളുമായി ചര്‍ച്ച നടത്തി. പ്രക്ഷോഭകാരികളും പ്രസിഡന്റ് രാമചന്ദ്ര പൗഡേലും തമ്മില്‍ ഉടന്‍തന്നെ ചര്‍ച്ചയുണ്ടായേക്കുമെന്നാണ് സൂചന. നിലവില്‍ കാഠ്മണ്ഡു അടക്കമുള്ള നഗരങ്ങളില്‍ സൈന്യത്തിന്റെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളം ബുധനാഴ്ച വൈകീട്ട് ആറുമണിവരെ അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ആറുമണി വരെ രാജ്യവ്യാപകമായി കര്‍ഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്.