കാഠ്മണ്ഡു: നേപ്പാളിൽ ഇരുമതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായി. നേപ്പാളിലെ പർസ, ധനുഷ ജില്ലകളിലാണ് വർഗീയസംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ബിഹാർ അതിർത്തിയോട് ചേർന്ന മേഖലയാണിത്. നേപ്പാളിൽ സംഘർഷം രൂക്ഷമായതോടെ ഇന്ത്യ അതിർത്തികൾ അടച്ചു. നേപ്പാൾ അതിർത്തിവഴിയുള്ള യാത്രകളും നിരോധിച്ചു.

To advertise here,

ഇതരമതത്തെ അപമാനിക്കുന്നരീതിയിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് നേപ്പാളിൽ സംഘർഷം ആരംഭിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ധനുഷ ജില്ലയിലെ ഹൈദർ അൻസാരി, അമാനത്ത് അൻസാരി എന്നിവരാണ് പ്രസ്തുത വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ്‌ചെയ്തതെന്നാണ് റിപ്പോർട്ട്. വീഡിയോ പ്രചരിച്ചതോടെ മേഖലയിൽ സംഘർഷം ഉടലെടുത്തു. ജനക്കൂട്ടം ഇരുവരെയും പിടികൂടി പോലീസിന് കൈമാറി.

ഇതിനുപിന്നാലെ കമല മുനിസിപ്പാലിറ്റിയിലെ ഒരു മുസ്ലീം പള്ളി തകർത്തു. ഇതോടെ സംഘർഷം രൂക്ഷമായി. നൂറുക്കണക്കിന് പേർ തെരുവിലിറങ്ങി. ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസിന് നേരേ കല്ലേറുണ്ടായി. പ്രതിഷേധക്കാർ ഒരു പോലീസ് സ്‌റ്റേഷനും അടിച്ചുതകർത്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി പോലീസ് കണ്ണീർവാതകം ഉൾപ്പെടെ പ്രയോഗിച്ചു.

സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ പർസ ജില്ലയിലെ ബിർഗുഞ്ച് മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ശക്തമായ കാവൽ ഏർപ്പെടുത്തിയതായും പോലീസും അറിയിച്ചു.

സംഘർഷം തുടരുന്ന സാഹചര്യത്തിൽ നേപ്പാളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരായ നിരവധി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയാണ്. അതിർത്തിയിൽ ഇന്ത്യയുടെ കർശന പരിശോധനയുണ്ട്. മൈത്രി ബ്രിഡ്ജ് അടക്കമുള്ള അതിർത്തികളിലെല്ലാം സുരക്ഷാസേന പട്രോളിങ്ങും ശക്തമാക്കി.