
യാങ്കൂൺ: മ്യാന്മാറിലും അയൽരാജ്യമായ തായ്ലൻഡിലും അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിൽ നൂറോളം പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെട്ടിടങ്ങൾ തകർന്നുവീണ് നിരവധി പേർ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മ്യാൻമറിൽ 144 പേർ മരണപ്പെട്ടതായും 732 പേർക്ക് പരിക്കേറ്റതായും മ്യാന്മാർ സൈനിക വിഭാഗം മേധാവിയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മ്യാന്മാർ ഭരണകൂട മേധാവി മിൻ ഓങ് ഹ്ലെയിങ് 'അടിയന്തരാവസ്ഥ' പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു. ആറ് പ്രവിശ്യകളിലാണ് പട്ടാളം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ കെട്ടിടം തകർന്ന് നിരവധിപേർ കുടുങ്ങി. ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-നാണ് മധ്യ മ്യാന്മാറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂചലനത്തിൽ മ്യാന്മാറിലെ മാൻഡലെയിലെ പ്രശസ്തമായ ആവ പാലം തകർന്നു. ഒരു പള്ളി ഭാഗികമായി തകർന്നു. നിരവധി കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും റോഡുകൾ പിളരുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥരോട് സജ്ജരായിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: earthquake hits Myanmar and Thailand, causing widespread destruction and over 100 deaths.
Published: 28 Mar 2025, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented