ന്യൂഡല്‍ഹി: ഈ ആഴ്ച അവസാനം നടക്കുന്ന ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നാഷന്‍സ്) ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാലാലംപൂരിലേക്ക് പോകില്ല. പകരം വെര്‍ച്വലായി പങ്കെടുക്കും. ഇതോടെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ഒക്ടോബര്‍ 26 മുതല്‍ 28 വരെ നടക്കുന്ന ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ആസിയാനില്‍വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും ഒപ്പുവെക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. 'വരും ആഴ്ചകളില്‍' മോദിയെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപും പറഞ്ഞിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിലെ ഉലച്ചിലുകള്‍ക്ക് ശേഷം അത് പുനഃസ്ഥാപിക്കാന്‍ നോക്കുന്നതിനിടെയായിരുന്നു ഈ പ്രസ്താവന. ഇത് ഇരു നേതാക്കളും ആസിയാന്‍ ഉച്ചകോടിയില്‍ കണ്ടുമുട്ടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചു.
'എന്റെ പ്രിയ സുഹൃത്തും മലേഷ്യന്‍ പ്രധാനമന്ത്രിയുമായ അന്‍വര്‍ ഇബ്രാഹിമുമായി ഊഷ്മളമായ സംഭാഷണം നടത്തി. മലേഷ്യയുടെ ആസിയാന്‍ അധ്യക്ഷസ്ഥാനത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചു... ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു. ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ ആഗ്രഹിക്കുന്നു', പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
2014 മുതല്‍ 2019 വരെ എല്ലാ വര്‍ഷവും പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി മോദി വാര്‍ഷിക ഉച്ചകോടിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കോവിഡ്-19 മഹാമാരി കാരണം 2020, 2021 വര്‍ഷങ്ങളിലെ ഉച്ചകോടികള്‍ വെര്‍ച്വലായിട്ടാണ് നടന്നത്. 2022-ല്‍ മാത്രമാണ് പ്രധാനമന്ത്രി മോദി ഉച്ചകോടിയില്‍ പങ്കെടുക്കാതിരുന്നത്.
മലേഷ്യയുടെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ, ആസിയാന്‍ ഉച്ചകോടിക്കിടെ മോദിയും ട്രംപും കണ്ടുമുട്ടുമെന്നും വ്യാപാര, താരിഫ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു.
റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ന്യൂഡല്‍ഹി തുടര്‍ന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ 50% വരെ ഉയര്‍ന്ന തീരുവ ട്രംപ് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. എങ്കിലും, ഇരു നേതാക്കളും രണ്ട് മാസത്തിനിടെ രണ്ടുതവണ ഫോണില്‍ സംസാരിച്ചതോടെ ബന്ധം മെച്ചപ്പെട്ടു. ദീപാവലിക്ക് മോദിക്ക് ആശംസകള്‍ നേരാനായി ചൊവ്വാഴ്ചയാണ് ട്രംപ് അവസാനമായി വിളിച്ചത്.
സെപ്റ്റംബറില്‍, 'വരും ആഴ്ചകളില്‍' മോദിയുമായി ഒരു കൂടിക്കാഴ്ച നടക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് സൂചന നല്‍കിയിരുന്നു. ഒരു വ്യാപാര കരാര്‍ അന്തിമമാക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ആസിയാന്‍ ഉച്ചകോടിക്കിടെ നേതാക്കള്‍ കണ്ടുമുട്ടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, മോദി വെര്‍ച്വലായി പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ, ഈ വര്‍ഷം യുഎസ് പ്രസിഡന്റിനെ കാണാന്‍ മറ്റൊരു അവസരം ഉണ്ടാകണമെന്നില്ല.
'മോദി പോകാത്തതിന് കാരണം ലളിതമാണ്. പ്രസിഡന്റ് ട്രംപിനാല്‍ ഒറ്റപ്പെടുത്തപ്പെടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല... 'ബച്‌കെ രെ രെഹ്നാ രെ ബാബാ, ബച്‌കെ രെഹ്നാ രെ' എന്ന പഴയ ബോളിവുഡ് ഹിറ്റ് ഗാനം പ്രധാനമന്ത്രി ഓര്‍ക്കുന്നുണ്ടാകാം.' കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
'സോഷ്യല്‍ മീഡിയയില്‍ പ്രസിഡന്റ് ട്രംപിനെ പുകഴ്ത്തി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒരു കാര്യമാണ്. എന്നാല്‍, ഓപ്പറേഷന്‍ സിന്ദൂര്‍ താന്‍ നിര്‍ത്തിയെന്ന് 53 തവണ അവകാശപ്പെടുകയും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അഞ്ച് തവണ അവകാശപ്പെടുകയും ചെയ്ത ആളുമായി നേരിട്ട് ഇടപെടുന്നത് മറ്റൊരു കാര്യമാണ്. അത് വളരെ അപകടകരമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: PM Modi to attend ASEAN Summit virtually from Kuala Lumpur. No in-person meeting with US President Trump; trade deal prospects dim. External Affairs Minister to represent India.
Published: 23 Oct 2025, 02:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented