
മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെയിന്‍ബോം | ഫയല്‍ചിത്രം | Photo: AP
മെക്‌സിക്കോ സിറ്റി: അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യയ്ക്കുമേല്‍ ഉയര്‍ന്ന തീരുവ ചുമത്തി മെക്‌സിക്കോയും. ഇന്ത്യയും ചൈനയും അടക്കമുള്ള വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയ്ക്കാണ് മെക്‌സിക്കോ 50 ശതമാനം വരെ തീരുവ ചുമത്തിയത്. ഇതിന് മെക്‌സിക്കോ സെനറ്റ് അംഗീകാരം നല്‍കിയതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
മെക്‌സിക്കോയുമായി വ്യാപാര കരാര്‍ നിലവിലില്ലാത്ത രാജ്യങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ്, വസ്ത്രം, പ്ലാസ്റ്റിക്, സ്റ്റീല്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്താനാണ് തീരുമാനം. പുതിയ തീരുവകള്‍ 2026 ജനുവരി ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. ഉയര്‍ന്ന തീരുവയിലൂടെ 3.76 ബില്യണ്‍ ഡോളറിന്റെ അധികവരുമാനമാണ് മെക്‌സിക്കോ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
മെക്‌സിക്കോയുടെ അധികതീരുവ ഇന്ത്യയിലെ കയറ്റുമതിയെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. 2024-ല്‍ ഏകദേശം 8.9 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയില്‍നിന്ന് മെക്‌സിക്കോയിലേക്കുണ്ടായത്. വാഹനങ്ങളും വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളുമായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍, ഈ ഉത്പന്നങ്ങള്‍ക്കെല്ലാം ഉയര്‍ന്ന തീരുവ ചുമത്തുന്നതോടെ ഇന്ത്യയെ നടപടി പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.
അതേസമയം, മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ന്‍ബോമിന്റെ പുതിയ തീരുവ പ്രഖ്യാപനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രീതിപ്പെടുത്താനുള്ള നീക്കമാണെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനായാണ് വിവിധ വിദേശരാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ത്തുന്നതെന്നാണ് മെക്‌സിക്കന്‍ പ്രസിഡന്റിന്റെ വിശദീകരണം. എന്നാല്‍, യുഎസ്-മെക്‌സിക്കോ-കാനഡ വ്യാപാര കരാര്‍ യുഎസ് പുനഃപരിശോധിക്കുന്നതിന് മുന്‍പായി ട്രംപിനെ പ്രീണിപ്പിക്കാനായാണ് ഈ നീക്കമെന്നാണ് ആക്ഷേപം.
ഈ വര്‍ഷമാദ്യം ചൈനയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് മെക്‌സിക്കോ തീരുവ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷവും ക്ലൗഡിയ സര്‍ക്കാരിനെതിരേ ട്രംപിന്റെ വിമര്‍ശനങ്ങളുണ്ടായി. മാത്രമല്ല, മെക്‌സിക്കോയില്‍നിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും 50 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
Content Highlights: Mexico follows US, imposing up to 50% tariffs on imports from India, China, and other Asian countries. Discover the impact on exports and trade agreements.
Published: 11 Dec 2025, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented