മെക്‌സിക്കോ സിറ്റി: ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമിനെ കെട്ടിപ്പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്ത ആൾ അറസ്റ്റിൽ. മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായ ഷെയ്ൻബോം പൊതുപരിപാടിയിലേക്ക് നടന്നുപോകുമ്പോഴാണ് അതിക്രമം. ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ മദ്യപിച്ചെത്തിയ ഒരാൾ പിന്നിലൂടെ വന്ന് അവരുടെ തോളിൽ കൈയിടുകയും മറ്റേ കൈകൊണ്ട് നെഞ്ചിലും അരക്കെട്ടിലും സ്പർശിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം.

To advertise here,

ഷെയ്ൻബോമിന്റെ സുരക്ഷാ സംഘം ഉടൻതന്നെ ഇയാളെ അവിടെനിന്ന് മാറ്റി. എന്നാൽ, ഷെയ്ൻബോം അയാളോട് സൗഹാർദ്ദപരമായി പെരുമാറുകയും കൂടെനിന്ന് ചിത്രമെടുക്കാൻ സമ്മതിക്കുകയും പുറത്തു തട്ടുകയും ചെയ്തു. ഇയാൾ ഷെയ്ൻബോമിന്റെ അടുത്തുനിന്ന് പോയതിന് ശേഷം മറ്റു സ്ത്രീകളോടും സമാനമായി പെരുമാറി. ഇതിനെ തുടർന്നാണ് പ്രസിഡന്റ് പോലീസിൽ പരാതി നൽകിയത്.

'ഒരു പുരുഷനും ആ ഇടം ലംഘിക്കാൻ അവകാശമില്ല. ഞാൻ പരാതി നൽകിയില്ലെങ്കിൽ, മറ്റ് മെക്സിക്കൻ സ്ത്രീകൾക്ക് എന്ത് സംഭവിക്കും? പ്രസിഡന്റിനോട് അവർ ഇത് ചെയ്യുമെങ്കിൽ, നമ്മുടെ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും എന്ത് സംഭവിക്കും?' ഷെയ്ൻബോം പറഞ്ഞതായി ഡിഡബ്ല്യു ന്യൂസ് റിപ്പോർട്ട് ചെയ്തു.

'ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ അനുഭവിച്ചതും, നമ്മുടെ രാജ്യത്തെ സ്ത്രീകൾ അനുഭവിക്കുന്നതുമായ ഒന്നായതു കൊണ്ടാണ് കേസ് കൊടുക്കാൻ ഞാൻ തീരുമാനിച്ചത്. പ്രസിഡന്റ് അല്ലാതിരുന്നപ്പോഴും ഒരു വിദ്യാർത്ഥിയായിരുന്നപ്പോഴും എനിക്ക് ഇതുപോലെയുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.' അവർ കൂട്ടിച്ചേർത്തു.